ലക്നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് അനിവാര്യമായിരുന്നെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പൊലീസ് നടപടിയുണ്ടായിരുന്നില്ലെങ്കില്‍ ഒട്ടേറെ നിരപരാധികള്‍ അന്ന് കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ 79-ാം ജന്‍മദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ ചടങ്ങിലാണ് മുലായം ഇക്കാര്യം വ്യക്തമാക്കിയത്. മുലായം മുഖ്യമന്ത്രിയായിരിക്കെ 1990 ഒക്ടോബര്‍ 30നാണ് അയോധ്യയില്‍ പൊലീസ് വെടിവെപ്പ് നടത്തിയത്.

ബാബരി മസ്ജിദ് പൊളിക്കാനെത്തിയ 28 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ‘ഒരു ഭരണാധികാരി എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയായിരുന്നു ലക്ഷ്യം. മുഖം നോക്കാതെ കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കാനും ബാബരി മസ്ജിദ് സംരക്ഷിക്കാനും അതല്ലാതെ മാര്‍ഗമില്ലായിരുന്നു’-മുലായം പറഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന അടല്‍ബിഹാരി വാജ്പേയി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും വെടിവെപ്പ് അനിവാര്യമായിരുന്നു എന്ന് തന്നെയായിരുന്നു താന്‍ പറഞ്ഞിരുന്നതെന്നും മുലായം ചൂണ്ടിക്കാട്ടി.

56 കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാജ്‌പേയിയുടെ അവകാശവാദം. എന്നാല്‍ തെളിവുകള്‍ നിരത്തി അത് ഞാന്‍ ഖണ്ഡിച്ചു. തെളിവുകള്‍ പുറത്തുവന്നപ്പോള്‍ തന്റെ വാദം ശരിയാണെന്ന് തെളിഞ്ഞു. 1993ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 109 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്താനായെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും മുസ്‌ലിംകള്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് എസ്.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു.