സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച നടപടിയെ ചോദ്യം ചെയ്ത ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഇ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് സി.പി.ഐ കേന്ദ്ര നേതൃത്വത്തോട് ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്മാഈലിനെ ഇനി മുതല്‍ ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഫലത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി തന്നെ നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞ ഇസ്മാഈലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. കടുത്ത ഇസ്മാഈല്‍ അനുകൂലിയായ മന്ത്രി വി.എസ് സുനില്‍കുമാറും അദ്ദേഹത്തെ കടുത്തഭാഷയില്‍ തന്നെ വിമര്‍ശിച്ചു. മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന അംഗീകരിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിനു മുമ്പു ചേര്‍ന്ന ഇടതുമുന്നണി യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിനുശേഷമാണു ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. അത് അനുചിതമായെന്ന് കണ്ടുകൊണ്ടാണു സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.എം നേതാക്കള്‍ സി.പി.ഐക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ കാര്യമായി കാണുന്നില്ല. 1964മുതല്‍ തങ്ങള്‍ ഇത് കേള്‍ക്കുകയാണ്. ഇടതുമുന്നണിക്ക് ഒരു പ്രകടന പത്രികയുണ്ട്. അതനുസരിച്ചാണ് സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നണി മര്യാദയുടെ ലംഘനമാകൂ. മന്ത്രി എം.എം മണിയും ആനത്തലവട്ടം ആനന്ദനും സിപിഐക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനമാണ് സി.പി.ഐ നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.