ഡെറാഡൂണ്‍: ഹരിദ്വാറില്‍ കുംഭമേളയ്ക്ക് എത്തിയവരില്‍ നടത്തിയ പരിശോധനയില്‍ 1700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കാണിത്. ഇത്രയധികം പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, കുംഭമേളയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കു കോവിഡ് പിടിച്ചിരിക്കാമെന്ന ആശങ്ക ശക്തമായി.

ഹരിദ്വാര്‍ മുതല്‍ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളില്‍ ഈ മാസം അഞ്ചു മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ശംഭു കുമാര്‍ പറഞ്ഞു.

ഹരിദ്വാര്‍, തെഹ്രി, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടര്‍ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ഏപ്രില്‍ 12നും 14നുമായി നടന്ന രണ്ടു പുണ്യ സ്‌നാനങ്ങളില്‍ ഏകദേശം 48.51 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്ക്.

വന്‍തോതില്‍ ആളുകള്‍ എത്തുന്ന സ്ഥലം ആയതുകൊണ്ടുതന്നെ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസിന് ആയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.