മലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ പുതിയ തര്‍ക്കങ്ങളുണ്ടാക്കുകയല്ല മുസ്ലിംലീഗ് നിലപാടെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. റേഷന്‍ അനുവദിക്കാതെ കേരള സര്‍ക്കാരും നോട്ടു അസാധുവാക്കുക വഴി ബിജെപിയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തര്‍ക്കിച്ചു സമയം കളയുകയല്ല, മറിച്ച് സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്- മലപ്പുറത്ത് മുസ്ലിംലീഗ് യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജഭരണമാണ് നിലവിലുള്ളതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിചാരം. ബിജെപിയെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞെങ്കിലും ശക്തമായ ബദലില്ലാത്തതാണ് അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ കഴിയുന്നത്. എന്നാല്‍, കാറ്റുപോയ ബലൂണ്‍ പോലെയാണ് ഡിസംബര്‍ 31ന് മോദി ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.