കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ചെറുവത്തൂരില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ ബിജെപി പദയാത്രക്ക് നേരെ അക്രമം ഉണ്ടായിരുന്നു. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പദയാത്ര പരിപാടിയില്‍ പ്രസംഗിക്കാന്‍ എത്തിയ കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായിട്ടും പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയതായും ബിജെപി നേതാക്കള്‍ ആരോപിച്ചു.

ശബരിമല തീര്‍ഥാടകരെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.