X

മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈ എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ മുമ്പും മുസ്‌ലിംലീഗ് ശ്രമിച്ചിട്ടുണ്ടെന്ന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഈ അഭിപ്രായം നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം മാണിയെ മുന്നണിയില്‍ എത്തിക്കാനായി മുന്‍കൈ എടുക്കും. മാണി യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന് കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതും പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തതും എല്ലാം നല്ല ലക്ഷണങ്ങളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്‌ലിം ലീഗിന് ആത്മവിശ്വാസമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ആരും വിശ്വസിക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും. ഫലം വരുന്നതിന് മുമ്പ് രാജിവെച്ച ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം മാണിയെ യു.ഡി.എഫിലേക്ക് ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും തിരിച്ചുവിളിച്ചിരുന്നു. മാണി മടങ്ങിവരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിയുടെ മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മടങ്ങിവരവിന് ആഗ്രഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നുമായിരുന്നു മാണിയുടെ പ്രതികരണം.

chandrika: