കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. അതേസമയം വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച് കുവൈത്തിലേക്ക് വരാം. കുവൈത്ത് വിസയുള്ള 4,26,871 വിദേശികള്‍ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ യാത്രാ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റീനില്‍ താമസിച്ച് കുവൈത്തിലേക്ക് മടങ്ങി വരാന്‍ അവസരമുണ്ടാകും. ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചാണ് യാത്ര വിലക്കിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക.

അതേസമയം കുവൈത്ത് വിസയുള്ള 4,26,871 വിദേശികള്‍ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അവധിക്ക് നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ് ഇവരില്‍ ഭൂരിഭാഗം പേരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് വരാനുള്ള എല്ലാത്തരം വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.