X

മുസ്‌ലിം സമുദായത്തോടുള്ള അവഹേളനമെന്ന് കെ.വി തോമസ് എം.പി

കൊച്ചി: മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയമെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി, ആര്‍.എം.എല്‍ ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നു.

എന്നാല്‍ ആ വിവരം മറച്ചുവയ്ക്കുകയും ബന്ധുക്കളെ മനഃപൂര്‍വം കാണിക്കാതിരിക്കുകയും ചെയ്തത് ദുരുദ്ദേശ്യപരമാണ്. ഇ. അഹമ്മദ് എന്ന വ്യക്തിയോടെന്നല്ല, മുസ്‌ലിം സമുദായത്തോടു തന്നെയുള്ള അനാദരവും അവഹേളനവുമാണിത്.

ബജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി മാത്രം മരണവാര്‍ത്ത മൂടിവച്ചത് ജനാധിപത്യഭരണക്രമത്തിന് യോജിച്ചതല്ല. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അര്‍ധരാത്രിയില്‍ ആസ്പത്രിയിലെത്തി ശക്തമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ മക്കള്‍ക്ക് മൃതദേഹം കാണാനോ മുസ്‌ലിം മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്താനോ കഴിയുമായിരുന്നില്ല.

ഒരു വ്യക്തിയുടെ അന്ത്യകര്‍മ്മങ്ങള്‍ പരിശുദ്ധമായി നടത്താനുള്ള അവസരം പോലും മോദി സര്‍ക്കാര്‍ മനഃപൂര്‍വം നിരസിക്കുകയായിരുന്നു. നടന്ന സംഭവങ്ങളെ കുറിച്ച് പാര്‍ലമെന്ററി സമിതി വിപുലമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു.

chandrika: