ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കാര്‍ഷിക നിയമങ്ങള്‍ ദുര്‍ബലപെടുത്തികൊണ്ടുള്ള ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ ബി.ജെ.പി വാശി പിടിച്ചെങ്കിലും അവരുടെ മുഖത്തും അവരുടെ വാക്കുകളിലും തങ്ങള്‍ക്ക് പറ്റിയ ജാള്യത പ്രകടമായിരുന്നു. തങ്ങളുടെ ക്രൂരമായ നടപടികള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യുമെന്നും രാജ്യത്തിന് മുമ്പില്‍ അവരെ തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് അവസരം ഉണ്ടാകുമെന്നും അതിപ്പോള്‍ സഹിക്കാനാകുന്നതല്ലന്നുമുള്ള ഭയപ്പാടാണ് ബി.ജെ.പി യെ ഈ സമീപനം എടുക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കിലും ബി.ജെ.പി പഠിക്കേണ്ടിയിരുന്ന പാഠവും അതോടപ്പം തന്നെ രാജ്യം പഠിക്കേണ്ട ചില പാഠങ്ങളുടെ ആമുഖവും പ്രബുദ്ധരായ കര്‍ഷകര്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. പാര്‍ലമെന്റ് കൂടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു പാര്‍ലമെന്റ് ജന്ദര്‍ മന്ദര്‍ റോഡില്‍ കൂടിയിരുന്നു. അതിനെ കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് എന്നു വിളിച്ചു. ഈ കിസാന്‍ പാര്‍ലമെന്റ് എന്ന നിലയില്‍ അവര്‍ വിളിച്ചുകൂട്ടിയ വലിയ ജനകീയ പങ്കാളിത്തമുള്ള സമരമുഖം അന്ധരും ബധിരരുമായ ബിജെപി യുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു. മാത്രമല്ല ഇന്നത്തെ ഈ പാര്‍ലമെന്റില്‍ വലിയ പണ്ഡിതന്മാരും യോഗ്യന്മാരും എല്ലാം ഉള്ള ഒരു സദസില്‍ അവര്‍ക്ക് പാര്‍ലമെന്റ് സിസ്റ്റത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനേക്കാള്‍ ഉപരിയായി നാട്ടിന്‍പുറത്തെ നിഷ്‌കളങ്കരായ കൃഷിക്കാര്‍ക്ക് എന്താണ് പാര്‍ലമെന്റ് ചെയ്യേണ്ടത് എന്നതിനെ കുറച്ചു ഒന്നാം പാഠം എഴുതി ചേര്‍ക്കുകയായിരുന്നു കര്‍ഷകര്‍.

ഈ സമരത്തിന്റെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുള്ള എഴുന്നൂറില്‍പരം പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഏതാനും ഭാഗങ്ങളിലൂടെ ണ് പാര്‍ലമെന്റ് ചെയ്യേണ്ടത് എന്നതിനെ കുറച്ചു ഒന്നാം പാഠം എഴുതി ചേര്‍ക്കുകയായിരുന്നു കര്‍ഷകര്‍. ഈ സമരത്തിന്റെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുള്ള എഴുന്നൂറില്‍പരം പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഏതാനും ഭാഗങ്ങളിലൂടെ എങ്കിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കഴിയാതെ പോയെന്ന രാഷ്ട്രീയ ദുഃഖം ബാക്കി നില്‍ക്കുന്നു. ഞങ്ങള്‍ ലഖിംപുരില്‍ പോയി കണ്ട കാര്യങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍ത്തുപോകുകയാണ്. മന്ത്രി പുത്രന്റെ കാര്‍ ഇടിച്ചു കൊന്ന കുടുംബത്തിന്റെ അടുത്തും അവിടെത്തന്നെയുള്ള മറ്റൊരു രക്ത സാക്ഷിയുടെ വീട്ടിലുമെല്ലാം ഞങ്ങള്‍ പോയിരുന്നു. ബി.ജെ.പി തങ്ങളുടെ കയ്യിലുള്ള എല്ലാ മര്‍ദ്ദന ദണ്ഡ മുറകള്‍ പ്രയോഗിക്കുകയും ബി.ജെ.പി യെ പെരുമ്പറയടിച്ചു പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ ആരവങ്ങള്‍ക്ക് നടുവില്‍ ആഘോഷപൂര്‍വം കഴിയുന്നതിനിടയിലും ആ ഒഴുകി വരുന്ന കണ്ണുനീരിന് മറുപടി പറയാന്‍ അവര്‍ക്കാകില്ല.

അന്നദാതാക്കളുടെ സമരമെന്ന് കുറേ പത്രങ്ങളെങ്കിലും വിശേഷിപ്പിച്ച ഇന്ത്യയിലെ മര്‍ദ്ദിത ജനവിഭാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീരോധാത്തമായ സമരത്തെക്കുറിച്ച് ആരും ഇനി മിണ്ടരുത് എന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിലും ആയിരം നാവുകളുടെ ശക്തിയോടെ അവര്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി എന്തല്ലാം അപരാധങ്ങളാണ് കൃഷിക്കാര്‍ക്ക് നേരെ പറഞ്ഞതന്നു നമുക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമാണ്. ഇത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ്, സാധാരണ കൃഷിക്കരുടേതല്ല എന്നാണ് അവര്‍ പ്രചരിപ്പിച്ചത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠന പ്രകാരം കാര്‍ഷിക സമരത്തില്‍ മരിച്ച ആളുകള്‍ നന്നേ ദാരിദ്രന്മാരും പ്രാന്തവല്‍ക്കരിക്കപെട്ടവരും ആയിരുന്നുവെന്നാണ്. ചിലര്‍ക്കൊന്നും ഭൂമിതന്നെയില്ല. മറ്റു ചിലര്‍ക്ക് ഏതാനും തുണ്ടം ഭൂമി മാത്രമാണുള്ളത്. ഈ പാവങ്ങളെ വന്‍കിട പ്രമാണിമാര്‍ക്ക് ഞെരിച്ചുകൊല്ലാന്‍ അവസരം കൊടുത്ത ബി.ജെ.പിയുടെ തന്ത്രം പാളുകയായിരുന്നു. ഈ മണ്ണില്‍ ജനിച്ചവരാണ് ഞങ്ങളെന്നും ശേഷം വരാനുള്ള തലമുറയ്ക്ക് വേണ്ടി ഈ മണ്ണില്‍ വെച്ചുതന്നെ മരിക്കേണ്ടി വന്നാലും അതിനു തയ്യാറാണ് എന്നുമുള്ള അവരുടെ അടിയുറച്ച പ്രഖ്യാപനവും നടപടികളും ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു ധീരതയുടെ പര്യായാമായിരുന്നു. ഈ സമരത്തില്‍ മരിച്ചവരുടെ ശരാശരി വയസ് 57 ആണെന്ന് ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കാര്യം കുട്ടികളും പ്രായം ചെന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നുള്ളത് കൂടിയാണ്. ഒക്ടോബര്‍ മാസത്തില്‍ പഞ്ചാബിലെ മാന്‍സ ജില്ലയില്‍ അതിവേഗം കടന്നുപോയ ടെമ്പോ ട്രക്കിന്റെ താഴെ മൂന്നു പ്രായം ചെന്ന സ്ത്രീകള്‍ പിടഞ്ഞു മരിച്ചതും നമുക്ക് മറക്കാവുന്നതല്ല. ഫാസിസ്റ്റുകള്‍ എന്നും കൈമുതലാക്കിയിട്ടുള്ള ഒരു വിദ്യ ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നുള്ളതാണ്. ബിജെപി തങ്ങളുടെ വന്‍കിടക്കാരോടുള്ള സ്‌നേഹവും ദുര്‍ബലരായ കൃഷിക്കാരോടുള്ള ക്രൂരതയും മറച്ചുവെക്കാനായി പറഞ്ഞിരുന്ന എല്ലാ കള്ളക്കഥകളും ഈ സമരത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നുവീഴുകയാണ്. തങ്ങള്‍ അച്ചാരം വാങ്ങിച്ച ബഹുരാഷ്ട്ര കുത്തകകളുടെ കാല്‍ക്കല്‍ പാവപ്പെട്ട ഏതാനും കൃഷിക്കാരെ ബലികൊടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവരുടെ താല്‍പര്യത്തിന് മുമ്പില്‍ മുട്ടുമടക്കയല്ലാതെ രക്ഷയില്ലെന്ന ബി.ജെ.പി പഠിച്ച പാഠം ലോകം അറിയാതിരിക്കുക എന്നുള്ളത് അവരുടെ മറ്റൊരു ദുഷ്ടലാക്കാണ്. സമരക്കാരെ എന്തെല്ലാം അവര്‍ വിളിച്ചു. ആ സമര ഭൂമിയില്‍ നേരിട്ടു പോകാനും അവരോടപ്പം അല്‍പ സമയം കഴിച്ചുകൂട്ടുവാനും അവസരം ഉണ്ടായ ഒരാളാണ് ഞാന്‍. ഒരു കൊല്ലക്കാലം നീണ്ടുനിന്ന ഈ സമരം വമ്പിച്ച തണുപ്പും വലിയ ചൂടും എല്ലാം അനുഭവിച്ചാണ് അവര്‍ മുന്നോട്ടുകൊണ്ടുപോയത്. പാടത്തു പണിയെടുക്കുന്നവന്റെ കര്‍മ ശേഷി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് എന്നോ പിരിഞ്ഞു പോകേണ്ടി വരുമായിരുന്നു.

ബി.ജെ.പി പ്രചരിപ്പിച്ചത് സമരക്കാര്‍ അതിര്‍ത്തികളെല്ലാം അടച്ചുകെട്ടി പ്രവേശനം ഇല്ലാതാക്കി എന്നാണ്. പക്ഷേ ആരാണ് വഴി മുടക്കിയത്. പടുകൂറ്റന്‍ സിമന്റ് കട്ടകളും പല തട്ടുകളായിട്ടുള്ള ബാരിക്കേടുകളും വിലങ്ങനെ ഇട്ടേച്ചുപോയിട്ടുള്ള വന്‍ ട്രക്കുകളും റോഡില്‍ മറ്റു തടസങ്ങളും ഒരുക്കിയത് സര്‍ക്കാറായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ദ്രോഹം ചെയ്യുന്നത് കൃഷിക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ കള്ളക്കഥകള്‍ കര്‍മപഥത്തില്‍ കൊണ്ടുവരികയായിരുന്നു. പക്ഷെ ഈ സമരം പാഠം പഠിപ്പിക്കുന്നത് ബി.ജെ.പി യെ മാത്രമല്ല. വ്യക്തമായ ലക്ഷ്യവും കൃത്യമായ യോജിപ്പും ആത്മാര്‍ത്ഥതയുമുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. സമരം അവസാനിപ്പിക്കാനായിട്ടില്ലെന്നും കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച തീരുമാനം ഉണ്ടായാല്‍ മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നുമാണ് കര്‍ഷകര്‍ അസനിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമരത്തിന്റെ സുപ്രധാനമായ ഒരു മഹാസഭ മുംബൈയിലെ ആഥര്‍ മൈതാനിയില്‍ നടന്നിരുന്നു. സമരത്തിന്റെ നേതാവ് രാകേഷ് ടിക്കായത് അന്ന് പറഞ്ഞത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹം തന്നെ പറഞ്ഞിരുന്ന ആശയം ദേശീയ തലത്തില്‍ ഒരു താങ്ങുവില സംബന്ധിച്ച നയം ഉണ്ടാക്കും എന്നായിരുന്നുവെന്നും ഇന്ന് അദ്ദേഹം അത് പാടെ മറക്കുന്നു എന്നുമായിരുന്നു. ബി.ജെ.പി കൃഷിക്കാരെയടക്കം ദ്രോഹിക്കുന്നതിനുവേണ്ടി ഏത് കാലത്തും ഉപയോഗിച്ചിട്ടുള്ള ക്രൂരമായ കാടന്‍ നിയമങ്ങള്‍ ഇവിടെയും യഥേഷ്ട്ടം ഉപയോഗിച്ചിട്ടുണ്ട്. രാജ്യദ്രോഹകുറ്റം, യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നതിന്റെയെല്ലാം പേരില്‍ ഒട്ടനവധി പേരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. ഒരു കുറ്റവും ചെയ്യാത്തവരുടെ പേരില്‍ ഉപയോഗിക്കുവാന്‍ ലോകത്തെ ക്രൂരരായ ഭരണാധികാരികള്‍ പോലും ചെയ്യാത്ത കാര്യമാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. പല കാര്‍ഷിക സംഘടനകളുടെയും പേരില്‍ എന്‍.ഐ.എ വളരെ വലിയ അപരാധങ്ങള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

ഇനിയും പരിഹരിച്ചെടുക്കാനുള്ള നിരവധി കാര്യങ്ങള്‍ ബാക്കിയാണ്. ജീവന്‍ നഷ്ടപെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്ത് നഷ്ട പരിഹാരമാണ് നല്‍കാന്‍ പോകുക എന്ന കാര്യം ഇനിയും ചര്‍ച്ചക്ക് എടുത്തിട്ടില്ല. മന്ത്രി പുത്രനെ ന്യായികരിച്ച മന്ത്രിയുടെ പേരില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുക എന്ന് വ്യക്തമാക്കിയിട്ടില്ല. താങ്ങു വിലയുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നും പറഞ്ഞിട്ടില്ല. ഇവര്‍ക്ക് നേരെ കള്ളകഥകള്‍ ചുമത്തിക്കൊണ്ട് എടുത്തിട്ടുള്ള കേസുകള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റ് നല്‍കാന്‍ പോകുമോ അതല്ല ഇനിയുള്ള കാലം കൂടി അവര്‍ക്കെതിരെ ദ്രോഹിക്കാനുള്ള ആയുധമായി ഇത് ഉപയോഗിക്കാനാണോ ശ്രമം എന്ന സംശയങ്ങള്‍ രാജ്യ വ്യാപകയി ഉയര്‍ന്നിട്ടുണ്ട്.ബി.ജെ.പി ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു വരാനുള്ള സൂത്ര വിദ്യയായി ഇത് പ്രയോഗിക്കില്ലേ എന്നും തുടര്‍ന്നും തങ്ങള്‍ക്ക് പ്രീണനം നല്‍കാന്‍ ബാധ്യസ്ഥരായവരുടെ താല്‍പര്യത്തിന് വേണ്ടി കര്‍ഷകരെ ബലി കൊടുക്കാന്‍ അവര്‍ വഴി ഒരുക്കില്ലേ എന്നുമുള്ള സംശയങ്ങളും ബാക്കിയുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ മറുപടി രാജ്യത്തിന് മുമ്പില്‍ അവര്‍ പറയേണ്ടി വരുമെന്നും അത് അവരുടെ തന്നെ വോട്ടു ബാങ്കിനെ ബാധിക്കുമെന്നും ഇക്കാണിച്ച തന്ത്ര വിദ്യകൊണ്ടെന്നും ഈ വിഷമ വൃത്തത്തില്‍ നിന്നു രക്ഷ നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള സൂചനയും ബാക്കി നില്‍ക്കുകയാണ്. ഇന്ത്യാ മഹാ രാജ്യത്തിന് തന്നെ മഹത്തായ പാഠം നല്‍കിയ പ്രബുദ്ധരായ കര്‍ഷകര്‍ക്ക് അഭിവാദനങ്ങള്‍. ഈ രണഭൂമിയില്‍ ജീവാര്‍പ്പണം നടത്തിയ മണ്ണിന്റെ മക്കള്‍ക്ക് ആദരാഞ്ജലികള്‍.