സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് . പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

വിസ്മയ കേസ് നാള്‍ വഴി

2019 മെയ് 31 : വിസ്മയയും കിരണ്‍ കുമാറുമായുള്ള വിവാഹം
2021 ജൂണ്‍ 21: നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജൂണ്‍ 22 : കൊലപാതകമെന്ന് വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവ് മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐ ആയിരുന്ന കിരണ്‍ കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക്. അന്നുതന്നെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
മരണം അന്വേഷിക്കാന്‍ ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിനെ ചുമതലപ്പെടുത്തി
ജൂണ്‍ 25 : വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ജൂണ്‍ 28 : കിരണിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ജൂണ്‍ 29 : കിരണിന്റെ വീട്ടില്‍ കിരണിന്റെ സാന്നിധ്യത്തില്‍ പൊലീസ് പരിശോധന
ജൂലൈ 1: സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം കത്തു നല്‍കി
ജൂലൈ 5: കിരണിന്റെ ജാമ്യാപേക്ഷ ശാസ്താം കോട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി
ജൂലൈ 9: കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തിന് സ്‌റ്റേ നല്‍കണമെന്നുമുള്ള കിരണിന്റെ വാദം കോടതി നിരസിച്ചു
ജൂലൈ 26 : കിരണിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയും തള്ളി
ആഗസ്റ്റ് 1: അഡ്വ.ജി. മോഹന്‍രാജിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
ആഗസ്റ്റ് 6: കിരണിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു
സെപ്തംബര്‍ 3 : കിരണിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷന്‍സ് കോടതി തള്ളി
സെപ്തംബര്‍ 10 : കിരണിന്റെ അറസ്റ്റിന് ശേഷം 80ആം ദിവസം കേസില്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോബര്‍ 8: കിരണിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
2022 ജനുവരി 10 : കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി
മാര്‍ച്ച് രണ്ട്: വിചാരണക്കിടെ സുപ്രീം കോടതി കിരണിന് ജാമ്യം നല്‍കി.
മെയ് 18 : വിചാരണ പൂര്‍ത്തിയായി
മെയ് 23 : വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കിരണിന്റെ ജാമ്യം റദ്ദാക്കി.
മെയ് 24: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് . മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.