മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വിവരാവകാശം വഴി റിപ്പോര്‍ട്ട് ലഭിച്ചതായി മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ആര്‍.ബി.ഐ രംഗത്തു വന്നത്. പണാപഹരണ നിയമ പ്രകാരം രണ്ടാം ഭേദഗതി 2017 (2017 ജൂണ്‍ ഒന്നിന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് പ്രകാരം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ അറിയിച്ചു. 50,000 രൂപക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലവിലെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആധാര്‍ നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ കേന്ദ്ര ബജറ്റില്‍ ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.