മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ന്യൂസ് പോര്‍ട്ടല്‍ മണിലൈഫ് നല്‍കിയ ഹര്‍ജിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
എല്ലാ ബാങ്കുകളും അക്കൗണ്ട് ഉടമകളോട് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു.