X

ഗുരുതര അച്ചടക്ക ലംഘനം: മെസ്സിക്ക് രണ്ട് വര്‍ഷം വരെ വിലക്കിന് സാധ്യത

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഒത്തുകളി ആരോപിച്ച ലയണല്‍ മെസ്സിയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തല്‍. മെസ്സിയുടേത് രണ്ട് വര്‍ഷം വരെ വിലക്കിന് സാധ്യതയുള്ള ഗുരുതര കുറ്റകൃത്യമാണ്. മെസ്സിയുടെ പ്രസ്താവനകള്‍ തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്.

സെമി ഫൈനലില്‍ ബ്രസീലിനോട് തോറ്റതിന് പിന്നാലെയാണ് മെസ്സി വിമര്‍ശനം തുടങ്ങിയത്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്നാണ് മെസ്സി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. റഫറിയും അസോസിയേഷനും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണെന്നും ഈ കോപ്പ ബ്രസീലിന് വേണ്ടി രചിക്കപ്പെട്ടതാണെന്നും മെസ്സി ആരോപിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങുവാനും മെസ്സി എത്തിയിരുന്നില്ല.

അതിനിടെ മെസ്സിക്ക് മറുപടിയുമായി ബ്രസീല്‍ കോച്ച് ടിറ്റെ രംഗത്തെത്തി. പരാജയം അംഗീകരിക്കാന്‍ മെസ്സി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൂസേഴ്‌സ് ഫൈനലില്‍ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടിയിരുന്നില്ലെന്നും മഞ്ഞക്കാര്‍ഡ് മതിയായിരുന്നുവെന്നും ടിറ്റെ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: