ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദെന്ന് ആരോപിച്ച് പൊലീസ് നവ വധു വരന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. യു.പിയിലെ കുശിനഗറിലാണ് പൊലീസിന്റെ അതിക്രമം നടന്നത്.

ഒരു മുസ്‌ലിം യുവാവ് ഒരു ഹിന്ദു യുവതിയെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ആരോ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്ത് പൊലീസെത്തുകയും വധു വരന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും ചെയ്തു.

പിന്നീട് ഇരുവരും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയെങ്കിലും അടുത്ത ദിവസം മാത്രമാണ് ഇവരെ തിരിച്ചുപോകാന്‍ അനുവദിച്ചത്. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് 39 കാരനായ ഹൈദര്‍ അലി പറഞ്ഞു.

പിന്നീട്, യുവതിയുടെ സഹോദരന്‍ എത്തി, യുവതിക്ക് ഇഷ്ടമാണെങ്കില്‍ തങ്ങള്‍ക്ക് കല്യാണത്തിന് എതിര്‍പ്പുകളൊന്നും ഇല്ലെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. മുസ്‌ലിങ്ങളാണ് എന്ന് തെളിയിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ആധാര്‍ കാര്‍ഡ് അയക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയ്യേണ്ടിവന്നിരുന്നു. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ എത്തുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദമ്പതികള്‍ പറഞ്ഞു.

‘ലൗ ജിഹാദ്’ നടക്കുന്നതായി വിവരം കിട്ടിയെന്നും അത് തടയേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ അവകാശവാദം.