ശ്രീനഗര്‍: പ്രണയം കുട്ടികളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപക ദമ്പതികളെ വിവാഹ ദിവസം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. വധൂവരന്മാരായ സുമയ്യ ബഷീര്‍ താരിഖ് ഭട്ടിനെയുമാണ് പിരിച്ചു വിട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള മുസ്‌ലീം എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകരാണ് ഇരുവരും.
വിവാഹത്തിനു മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിവാഹ ശേഷവും പ്രണയം തുടര്‍ന്നാല്‍ അത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദ് പറഞ്ഞു. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. ഇരുവരും വിവാഹം കഴിച്ചാല്‍ അത് സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ജീവനക്കാരെയും വഴിതെറ്റിക്കുമെന്ന തരത്തിലാണ് അധികൃതരുടെ നിലപാട്.
എന്നാല്‍ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിതാണെന്നും ദമ്പതികള്‍ സംഭവത്തോട് പ്രതികരിച്ചു. ഏകപക്ഷീയമായാണ് സ്‌കൂള്‍ അധികൃതര്‍ തങ്ങളെ പിരിച്ചുവിട്ടതെന്ന് താരിഖ് ആരോപിച്ചു.തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് ഇവരുടെ നടപടിയെന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.