ലക്‌നൗ: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ലക്‌നൗ പൊലീസിന്റെ പ്രതികാര നടപടി. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി മിശ്രവിവാഹിതരായ ദമ്പതികള്‍ തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപ്രകാരം ദമ്പതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് വിവരമുണ്ട്.

ജൂണ്‍ 20-നാണ് പാസ്‌പോര്‍ട്ട് സേവാ ഓഫീസിലെത്തിയ ദമ്പതികളായ അനസ് സിദ്ധീഖിക്കും തന്‍വിക്കും ദുരനുഭവമുണ്ടായത്. പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര മതംമാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പെട്ട വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ലക്‌നൗ പൊലീസിന്റെ ഇന്റലിജന്റ്‌സ് വിഭാഗം വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തുന്നത്.

പാസ്‌പോര്‍ട്ടിന് നല്‍കിയ അപേക്ഷയില്‍ നല്‍കിയ വിവരങ്ങളില്‍ ദമ്പതികള്‍ കൃത്രിമം കാണിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തന്‍വിയുടെ പേരിലും താമസസ്ഥലത്തും കൃത്രിമം കാണിച്ചുവെന്ന് പൊലീസ് പറയുന്നു. ഇതുപ്രകാരം ദമ്പതികള്‍ അയ്യായിരം രൂപ പിഴ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും വിവരമുണ്ട്.