കണ്ണൂര്‍: മുന്‍ കെ.പി.സി.സി മെമ്പറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം അബ്ദുറഹ്മാന്‍ സാഹിബ്(78)അന്തരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് മകളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു അന്ത്യം. പ്രായാധിക്യത്തിന്റെ അസുഖം നിമിത്തം കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എം.എ വിദ്യാഭ്യാസത്തിന് ശേഷം 1958-ല്‍ കുറുവിലങ്ങാട് കെ.എസ്.യു ക്യാമ്പില്‍ പങ്കെടുത്ത് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്ന് അവിഭക്ത കണ്ണൂര്‍ ജില്ലാ കെ.എസ്.യു പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കേരളകൗമുദിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ചീഫ് എഡിറ്റര്‍ തസ്തിക സ്ഥാനത്തുനിന്നാണ് വിരമിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി ഓഫീസിലും വീക്ഷണത്തിലും പ്രവര്‍ത്തിച്ചു. കെ.കരുണാകരന്‍ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. നെഹ്‌റുവിയന്‍ ദര്‍ശനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു. സാംസ്‌ക്കാരിക രംഗത്തും പ്രസിദ്ധീകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സമയം പബ്ലിക്കേഷന്‍ സിന്റയും കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയുടെയും മുഖ്യ പ്രവര്‍ത്തകനായും ഗവേണിംഗ് ബോഡി അംഗമായും പ്രവര്‍ത്തിച്ചു. ഉജ്വല വാഗ്മിയും കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ക്യാമ്പുകളിലെയും പഠനകളരികളിലും സ്ഥിരം ക്ലാസ്സെടുക്കുകയും ചെയ്തു.കേരളത്തിലെ പ്രമുഖരായ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി.ഏ.കെ ആന്റണിയുമായും കെ.കരുണാകരനുമായും ആത്മ ബന്ധം പുലര്‍ത്തി. ഒട്ടേറെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു.
ഇന്ന് (2-3-2018) ഉച്ചക്ക് 12 മണിക്ക് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പൊതുദര്‍ശനവും സിറ്റി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കവും നടക്കും.
Be the first to write a comment.