X

വീണ്ടും കര്‍ഷക ആത്മഹത്യ; മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു

ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്‌സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍ മീണ (45) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കാര്‍ഷിക മേഖലയില്‍ മാത്രമല്ല ആരോഗ്യ മേഖലയിലും ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. രാവിലെ എട്ടു മണിയോടെ അവശനിലയില്‍ കണ്ട കിഷന്‍ ലാലിനെ ബന്ധുക്കള്‍ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അവിടെ ഡോക്ടറുണ്ടായിരുന്നില്ല. തുടര്‍ന്ന് അകലെയുള്ള ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ ഭോപ്പാലിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആസ്പത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനിടെ ഒമ്പതരയോടെ മരണം സംഭവിച്ചു. കൃഷി നടത്തിയ വകയില്‍ 17 ലക്ഷം രൂപ കിഷന്‍ ലാലിന് കടമുണ്ടായിരുന്നെന്നും മൂന്നു പെണ്‍മക്കളെ എങ്ങിനെ വിവാഹം കഴിച്ചയക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കര്‍ഷകരും ബന്ധുക്കളും ആസ്പത്രി പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലക്ടറോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ ആസ്പത്രി ഉപരോധിച്ചതിന് കര്‍ഷകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയാണ് ചെയ്തത്.

chandrika: