ലക്‌നൗ: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെളള ടാങ്കില്‍ എലിവിഷം കലര്‍ത്തിയതായി പരാതി. മദ്രസയിലെ ഒരു വിദ്യാര്‍ത്ഥി വെള്ളമെടുക്കുന്നതിനായി എത്തിയപ്പോഴാണ് അപരിചിതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ കലര്‍ത്തുന്നത് കണ്ടത്.
തുടര്‍ന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും തള്ളിമാറ്റി ഓടി രക്ഷപ്പെടുകയും ചെയ്തു. മദ്രസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. മദ്രസ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328, 506 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ സമര്‍പ്പിച്ചതായി പൊലീസ് പറഞ്ഞു.
അല്‍ നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്. നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സംഭവം വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നെങ്കില്‍ വന്‍ദുരന്തമുണ്ടാവുമായിരുന്നുവെന്ന് സല്‍മ അന്‍സാരി പറഞ്ഞു.