കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മഹുവയുടെ പരിഹാസം.

ഒരു ദിവസം തന്നെ അഞ്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത് ഇങ്ങനെ ഓടി നടന്നാല്‍ ബിജെപി നേതാക്കള്‍ക്ക് പണിയില്ലാതാകുമല്ലോ എന്നായിരുന്നു മഹുവയുടെ പ്രതികരണം.’ബംഗാള്‍ ഗവര്‍ണര്‍ ചുരുങ്ങിയത് അഞ്ച് പ്രൈം ടൈം ടിവി പരിപാടികളില്‍ പങ്കെടുത്തുകാണും. ഇങ്ങനെപോയാല്‍ ബിജെപി വക്താക്കള്‍ക്ക് പണിയില്ലാതാകുമല്ലോ,’ മഹുവ പരിഹസിച്ചു. ഗവര്‍ണറെ അങ്കിള്‍ എന്നു വിളിച്ചുകൊണ്ടായിരുന്നു പരിഹാസം.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ജഗദീപ് ധങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.