Connect with us

india

മുന്നോട്ടു തന്നെയെന്ന് മോദി, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍- ഇനിയെന്തു സംഭവിക്കും?

പരിഷ്‌കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ല സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച കാര്‍ഷിക നിയമത്തെ ശക്തമായി ന്യായീകരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പരിഷ്‌കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.

‘പുതിയ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു നല്‍കും. സാങ്കേതിക വിദ്യകളിലേക്ക് വഴി തുറക്കും. കൃഷിയില്‍ പുതിയ നിക്ഷേപങ്ങള്‍ വരും. അവര്‍ക്ക് ഗുണകരമാകും’ – പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയും മറ്റു അനുബന്ധിത മേഖലകള്‍ക്കും ഇടയില്‍ നാം മതിലുകള്‍ കണ്ടിട്ടുണ്ട്. അത് അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസംസ്‌കരണം, സൂക്ഷിപ്പ് കേന്ദ്രം എന്നിവയില്‍ ഏതുമാകട്ടെ. എല്ലാ തടസ്സങ്ങളും മതിലുകളും ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്. ശീതീകരിച്ച സംഭരണശാലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ വരും എന്നതാണ് ഇതിന്റെ ഫലം. അതിന്റെ ഗുണഫലം പ്രധാനമായും കിട്ടുന്നത് കര്‍ഷകര്‍ക്കു തന്നെയാണ്. മണ്ഡികളിലും അതിനു പുറത്തും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നം വില്‍ക്കാനുള്ള വഴിയുണ്ടാകും’

പ്രധാനമന്ത്രി നരേന്ദ്രമോദി

17 ദിവസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധം കനത്തു തന്നെ നില്‍ക്കുന്ന വേളയിലാണ് മോദിയുടെ പ്രതികരണം. സര്‍ക്കാര്‍ ഒരു തരത്തിലും പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്ന സൂചന മോദിയുടെ വാക്കുകളിലുണ്ട്.

പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍

പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. പാനിപ്പത്ത്, കര്‍ണാല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസപ്പെടുത്തി. അംബാലയില്‍ ശംഭു അതിര്‍ത്തിയിലെ ടോള്‍പ്ലാസ പിടിച്ചെടുത്തു. ഡല്‍ഹി ജയ്പൂര്‍, ഡല്‍ഹി ആഗ്ര ദേശീയ പാതകള്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്.

കര്‍ഷകരെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് അതിര്‍ത്തിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.

സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

പുതിയ തന്ത്രവുമായി സര്‍ക്കാര്‍

കര്‍ഷക സമരം തീവ്രവാദികള്‍ തട്ടിയെടുത്തു എന്ന ആരോപണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഷാഹിന്‍ബാഗ് സമരത്തിലേതു പോലെ ഡല്‍ഹി കേന്ദ്രീകരിച്ച് കലാപമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു.

ഭീകരതയുടെ മുദ്ര കുത്തി സമരത്തെ തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ ബിജെപി പയറ്റുന്നത് എന്ന് രണ്ടു പ്രസ്താവനകളില്‍ നിന്നും വ്യക്തം. നേരത്തെ, പല സമരങ്ങളിലും വിജയം കണ്ട മുറയാണിത്. അതു കൊണ്ടു തന്നെ ഇത് ഏശുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എന്നാല്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍

2020 ജൂണ്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് ഓര്‍ഡിനന്‍സുകളാണ് സെപ്തംബറില്‍ നിയമമായത്.

കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്,വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറി(ശാക്തീകരണവും സംരക്ഷണവും)നായുള്ള ഓര്‍ഡിനന്‍സ്,അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് പാര്‍ലമെന്റ് പാസാക്കിയത്.

കര്‍ഷകരുടെ ആശങ്കകള്‍

1960കള്‍ മുതല്‍ മൊത്തക്കച്ചവട കേന്ദ്രങ്ങളായ മണ്ഡികള്‍ അഥവാ ചന്തകള്‍ വഴിയാണ് കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്.

കാര്‍ഷികോല്‍പന്ന കമ്പോള സമിതി(ഏ.പി.എം.സി ആക്ട്)യുടെ നിയന്ത്രണത്തിലാണ് മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ നിയമ പ്രകാരം മണ്ഡികള്‍ പ്രകാരം ഇല്ലാതാകും.നിലവില്‍ ഏ.പി.എം.സിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളില്‍ മാത്രമാണ് കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന. മണ്ഡികളുടെ പുറത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കാം എന്നാണ് പുതിയ വ്യവസ്ഥ.എന്നാല്‍ ഇതോടെ ഏ.പി.എം.സി. മണ്ഡികള്‍ ഇല്ലാതാകുമെന്നും തങ്ങളുടെ വിളകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുമെന്നുമാണ് കര്‍ഷകരുടെ ആശങ്ക.

മണ്ഡികളും കേന്ദ്രസര്‍ക്കാറിന്റെ എഫ്സിഐ പോലുള്ള സംവിധാനങ്ങളും താങ്ങുവില നല്‍കി സംഭരിക്കുന്നതു കൊണ്ടാണ് ചെറുകിട കര്‍ഷകര്‍ നിലനില്‍ക്കുന്നത്. മണ്ഡികള്‍ ഇല്ലാതാകുന്നതോടെ താങ്ങുവില സംവിധാനം തകരുമെന്നും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ വഴിയൊരുങ്ങുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്‌ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ

കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി

Published

on

ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്‌ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.

ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.

ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.

ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവസ്ഥലമായ വനിതാ ടോയ്‌ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.

Continue Reading

india

ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.

Published

on

ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ ചെറിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിൽ നിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.

എന്നാൽ, തലസ്ഥാനത്തിലെ ചില ഇടങ്ങളിൽ ഇപ്പോഴും വായു ഗുണനിലവാരം ‘വളരെ മോശം’ നിലയിലാണ്. ഷാദിപൂർ (335), ജഹാംഗീർപുരി (324), നെഹ്‌റു നഗർ (319), ആർ.കെ. പുരം (307) എന്നിവിടങ്ങളിൽ AQI ഉയർന്ന നിലയിലാണ്. ബവാന, സിരിഫോർട്ട്, രോഹിണി, വിവേക് വിഹാർ, ബുരാരി, വസീർപൂർ തുടങ്ങിയ മേഖലകളിൽ AQI ‘മോശം’ വിഭാഗത്തിലാണ് തുടരുന്നത്. മന്ദിർ മാർഗിൽ ഏറ്റവും കുറഞ്ഞ AQI 158 രേഖപ്പെടുത്തി.

മലിനീകരണത്തെ തുടർന്ന് വായു ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. 2026 ജനുവരിയോടെ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്‌നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി താഴ്ന്നു. പകൽസമയത്തെ പരമാവധി ശരാശരി താപനിലയും കുറഞ്ഞു — ഈ നവംബറിൽ 27.7°C ആയപ്പോൾ കഴിഞ്ഞ വർഷം 29.4°C ആയിരുന്നു.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending