ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. 1980ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടു വന്നു. ഭരണഘടനാ ദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്തു. 1980 ജൂലൈ 30 (റംസാന്‍ 17) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിന് നെരെ പൊലീസ് നിറയൊഴിച്ചു. മൂന്ന് യുവാക്കള്‍ രക്ത സാക്ഷികളായി. അവകാശ സംരക്ഷണ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി യൂത്ത് ലീഗ് ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചു. സമര കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവാതെ കരിനിയമങ്ങള്‍ ( അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍) സര്‍ക്കാര്‍ പിന്‍വലിച്ചു. കാലമെത്ര കടന്നു പോയാലും ഭാഷാ സമരം നല്‍കിയ താക്കീത് മാഞ്ഞുപോകില്ല. മജീദും റഹ്മാനും കുഞ്ഞിപ്പയും തലമുറകളിലൂടെ ജീവിക്കുക തന്നെ ചെയ്യും.