ന്യൂഡല്‍ഹി: വിമാനത്തിനകത്ത് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റില്‍. ഇയാള്‍ സിഗരറ്റ് വലിക്കുന്നത് തടഞ്ഞതാണ് അപമര്യാദയായി പെരുമാറാന്‍ കാരണം. സിഗരറ്റ് വലിക്കുന്നത് തടഞ്ഞ എയര്‍ഹോസ്റ്റസിനു മുന്നില്‍ ഇയാള്‍ സിബ്ബ് അഴിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി എയര്‍ലൈന്‍സില്‍ വെച്ചായിരുന്നു സംഭവം.

കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷഹീദ് ഷംസുദ്ദീന്‍ എന്നയാളെയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി എര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ക്യാബിന്‍ ക്രൂ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 509(സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.