ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്ഫോടനക്കസ് പ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്.

എന്നാല്‍ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദി നേതാവുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നേരത്തെ എന്‍.ഐ.എ പ്രത്യേക കോടതിയും പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നില്ല. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് രൂപീകരിച്ച് ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് സ്ഫോടനം ആസൂത്രണം ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. 2016ലാണ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇയാള്‍ അഭിനവ് ഭാരത് രൂപീകരിച്ച് സൈനിക ചിട്ടയോടെ ക്ലാസെടുത്തെന്നും ഹിന്ദു രാഷ്ട്ര നിര്‍മിതിക്കായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തെന്നും കുറ്റപത്രം പറയുന്നു. 2008 സെപ്തംബര്‍ 29നാണ് മുംബൈയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള മലേഗാവില്‍ സ്ഫോടനമുണ്ടായത്. അന്ന് ഏഴുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.