ന്യൂഡല്‍ഹി: പ്രമുഖ വ്യക്തികളുടെ ജന്മ-മരണ വാര്‍ഷികങ്ങളുടെ പേരില്‍ പൊതു അവധി നല്‍കുന്നത് വെട്ടിക്കുറച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം പിന്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാറും. ഡല്‍ഹിയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദ്യയാണ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ പിന്തുണച്ച ഉപമുഖ്യമന്ത്രി ഇത് സംബന്ധിച്ച നടപടികളെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളുടെ തീരുമാനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ സംസ്ഥാനങ്ങള്‍ തയാറാവണമെന്നും മനീഷ് സിസോദ്യ ട്വിറ്ററില്‍ കുറിച്ചു.

പ്രാദേശിക ക്ലിനിക്കുകള്‍ സ്ഥാപിക്കാനും വിഐപി വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാനുമുള്ള ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനത്തിന് ദേശീയ തലത്തില്‍ തന്നെ വന്‍സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.