News
ഹാര്‍ദിക് പാണ്ഡ്യയുടെ സെഞ്ച്വറിയും പോരാ; വിദര്‍ഭക്ക് ഒമ്പത് വിക്കറ്റ് ജയം
ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു.
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിയും ബറോഡയെ രക്ഷിക്കാന്‍ പോരായ്മയായി. ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു. ഹാര്‍ദിക്കിന്റെ സെഞ്ച്വറിയ്ക്ക് മറുപടിയായി ഓപണര്‍ അമന്‍ മൊഖണ്ഡേ നേടിയ അപരാജിത സെഞ്ച്വറി (150) വിദര്‍ഭയുടെ ഒമ്പത് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ടു.
സ്‌കോര്‍: ബറോഡ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 293; വിദര്‍ഭ 41.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 296.
ടോസ് നേടിയ വിദര്‍ഭ ബറോഡയെ ബാറ്റിങ്ങിന് അയച്ചു. 26 റണ്‍സിനിടെ ഓപണര്‍മാരെ നഷ്ടമായ ബറോഡ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി തകര്‍ച്ചയിലായി. 71ന് അഞ്ച് എന്ന നിലയില്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ കരകയറ്റിയത്. 92 പന്തില്‍ എട്ട് ഫോറും 11 സിക്‌സും ഉള്‍പ്പെടെ 133 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
39-ാം ഓവറില്‍ സ്പിന്നര്‍ പാര്‍ഥ് രഖഡെയെതിരെ ഹാര്‍ദിക് നടത്തിയ ആക്രമണം മത്സരം ആവേശത്തിലാക്കി. ആദ്യ അഞ്ച് പന്തുകളില്‍ സിക്‌സറുകളും അവസാന പന്തില്‍ ഫോറും ഉള്‍പ്പെടെ 34 റണ്‍സാണ് ആ ഒറ്റ ഓവറില്‍ പിറന്നത്. ഇതേ ഓവറിലാണ് ഹാര്‍ദിക് 66ല്‍ നിന്ന് സെഞ്ച്വറിയിലെത്തിയത്. ഹാര്‍ദിക്കൊഴികെ മറ്റാര്‍ക്കും 30 റണ്‍സ് കടക്കാനായില്ല. 26 റണ്‍സ് നേടിയ വിഷ്ണു സോളങ്കിയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍. വിദര്‍ഭക്കായി യഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയുടെ ഓപണര്‍മാര്‍ കത്തിക്കയറിയതോടെ വിജയലക്ഷ്യം എളുപ്പമായി. അമന്‍ മൊഖണ്ഡെയുടെ അപരാജിത സെഞ്ച്വറിക്കൊപ്പം അഥര്‍വ തൈദേ (65)യും ധ്രുവ് ഷൂരി (65*)യും അര്‍ധ സെഞ്ച്വറികള്‍ നേടി. 121 പന്തുകള്‍ നേരിട്ട മൊഖണ്ഡേ 17 ഫോറും നാല് സിക്‌സും സഹിതം 150 റണ്‍സ് നേടി പുറത്താകാതെ നിന്നു. 50 പന്തുകള്‍ ശേഷിക്കെയാണ് വിദര്‍ഭ വിജയലക്ഷ്യം ഭേദിച്ചത്.
film
‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യയിൽ 200 കോടി ക്ലബിൽ; ഹോളിവുഡ് ബോക്സ് ഓഫിസ് റെക്കോർഡ്
റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹോളിവുഡ് ചിത്രം ‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് 200 കോടി രൂപ പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം നേടി.
2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയ്ക്കൊപ്പം, ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിക്കുന്ന ആറാമത്തെ വിദേശ ചിത്രമെന്ന റെക്കോർഡും ‘അവതാർ; ഫയർ ആൻഡ് ആഷ്’ സ്വന്തമാക്കി. ശക്തമായ ബോക്സ് ഓഫിസ് പ്രകടനവുമായി ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്.
‘ധുരന്ധർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി മത്സരമുണ്ടായിരുന്നിട്ടും, നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ത്യയിൽ നേടിയ വൻ വിജയത്തിന് പിന്നാലെ, അവതാർ ഫ്രാഞ്ചൈസിയുടെ ബോക്സ് ഓഫിസ് കരുത്ത് ഈ ചിത്രത്തിലൂടെയും തുടരുന്നതായി വ്യക്തമാണ്.
ഇന്ത്യൻ ബോക്സ് ഓഫിസിൽ 200 കോടി കടന്ന അവസാന വിദേശ ചിത്രം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ആയിരുന്നു. 2022ൽ പുറത്തിറങ്ങിയ ആ ചിത്രം ഏകദേശം 500 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടി, ഇന്ത്യയിൽ ഏറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി മാറിയിരുന്നു.
News
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.
ന്യൂസിലാൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.
വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തി. ഇഷാൻ കിഷൻ ടീമിലെത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, പന്ത് ടീമിൽ തുടരുകയാണ്.
പ്രധാന താരങ്ങളായ ജസ്പ്രിത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. പേസ് ആക്രമണത്തിന് മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവർ നേതൃത്വം നൽകും. ആൾറൗണ്ടർമാരായി വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലുള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറിയോടെ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരം ജനുവരി 11ന് വഡോദരയിൽ നടക്കും.
News
ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി ആഞ്ജലീന ജോളി റഫയിൽ
വെടിനിർത്തൽ പൂർണാർത്ഥത്തിൽ തുടരണമെന്നും, ഗസ്സയിലേക്കുള്ള സഹായ വിതരണം പൂർവാധികം ശക്തിയായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റഫ: ഹോളിവുഡ് താരവും മാനുഷിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ആഞ്ജലീന ജോളി ഈജിപ്ത് അതിർത്തിയിലുള്ള റഫ ക്രോസിംഗ് സന്ദർശിച്ചു. വെടിനിർത്തൽ പൂർണാർത്ഥത്തിൽ തുടരണമെന്നും, ഗസ്സയിലേക്കുള്ള സഹായ വിതരണം പൂർവാധികം ശക്തിയായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധി കൂടിയായ ആഞ്ജലീന ജോളി വെള്ളിയാഴ്ചയാണ് റഫ അതിർത്തിയിലെത്തിയത്. ഗസ്സയിലേക്കുള്ള സഹായങ്ങൾ ശേഖരിച്ചിരിക്കുന്ന ലോജിസ്റ്റിക്സ് വെയർഹൗസുകൾ സന്ദർശിച്ച അവർ, ഈജിപ്ഷ്യൻ റെഡ് ക്രസന്റ് പ്രവർത്തകരുമായും ട്രക്ക് ഡ്രൈവർമാരുമായും ആശയവിനിമയം നടത്തി. ആയിരക്കണക്കിന് എയ്ഡ് ട്രക്കുകൾ അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും സഹായ വിതരണത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ടെന്നും സന്നദ്ധപ്രവർത്തകർ താരത്തെ ധരിപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി അൽ-അരീഷ് ജനറൽ ആശുപത്രിയിലെത്തിയ ജോളി, ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ഗസ്സയിൽ നിന്ന് ചികിത്സക്കായി മാറ്റിയ ഫലസ്തീനികളെ സന്ദർശിച്ചു. നോർത്ത് സിനായ് ഗവർണർ ഖാലിദ് മഗാവർ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു.
“കാര്യങ്ങൾ വ്യക്തമാണ്; വെടിനിർത്തൽ തുടരണം. ഗസ്സയിലേക്ക് ഇന്ധനവും മരുന്നും മറ്റ് അവശ്യസാധനങ്ങളും തടസ്സമില്ലാതെയും വേഗത്തിലും എത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം.” -സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇസ്രായേൽ അനുമതി നിഷേധിച്ച, മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നിറഞ്ഞ വെയർഹൗസുകൾ താൻ സന്ദർശിച്ചതായും നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ദശകങ്ങളായി അഭയാർത്ഥി പ്രശ്നങ്ങളിലും യുദ്ധബാധിത പ്രദേശങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് ആഞ്ജലീന ജോളി. ഇസ്രായേലിന്റെ ഗസ്സ അതിക്രമങ്ങളിൽ ഫലസ്തീനികൾക്ക് അനുകൂലമായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളത്.
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf23 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala9 hours agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
