Connect with us

News

വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ അവസാന പന്തിൽ മറികടന്ന് കേരളത്തിന് തകർപ്പൻ ജയം

343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

Published

on

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ വേഗത്തിൽ പിന്തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാടകീയ ജയം. 343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലംബ (119), ദീപക് ഹൂഡ (86) എന്നിവരുടെ മികവിൽ വലിയ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ നായകൻ രോഹൻ കുന്നുമ്മലിനെ നഷ്ടപ്പെട്ടെങ്കിലും കൃഷ്ണ പ്രസാദും (53) ബാബ അപരാജിതും (116 പന്തിൽ 126) രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്തു.

തുടർന്ന് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവർ ചേർന്ന് റൺചേസ് മുന്നോട്ട് കൊണ്ടുപോയി. ബാബ അപരാജിത് പുറത്തായതോടെ സമ്മർദ്ദം ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ഏഡൻ ആപ്പിൾ ടോം കളി പൂർണമായും കൈയിലെടുത്തു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്ന ആപ്പിൾ ടോം കേരള വിജയത്തിന് മുദ്രവച്ചു. എം.ഡി നിധീഷും (2) ഒമ്പതാം വിക്കറ്റിൽ പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി അങ്കിത് ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം രണ്ട് തോൽവികൾ വഴങ്ങിയ കേരളം ഈ വിജയത്തോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് നിയന്ത്രണം; ഇനി ഒരു പോസ്റ്റിന് 3–5 വരെ മാത്രം

ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Published

on

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ റീച്ചും അക്കൗണ്ട് വിസിബിലിറ്റിയും കൂട്ടാൻ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടന്റ് ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി. ഹാഷ്ടാഗുകൾ റീച്ച് കൂട്ടുന്നതിനല്ല, സെർച്ച് എളുപ്പമാക്കുന്നതിനും ആവശ്യമായ കണ്ടന്റ് വേഗത്തിൽ കണ്ടെത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതിലൂടെ റീച്ച് വർധിക്കില്ലെന്നും, കണ്ടന്റിന്റെ നിലവാരമാണ് പ്രധാനമെന്നും ഇൻസ്റ്റഗ്രാം ആവർത്തിച്ചു.

സ്പാം കണ്ടന്റുകൾ ഒഴിവാക്കുകയും, ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്ന പ്രവണതകൾ തടയുകയും ചെയ്യുന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. അതേസമയം, ജനറൽ ഹാഷ്ടാഗുകളായ #reels, #explore തുടങ്ങിയവ വീഡിയോകൾക്ക് ഗുണം ചെയ്യില്ലെന്നും, മറിച്ച് കണ്ടന്റുമായി ഏറ്റവും യോജിക്കുന്ന ഫോക്കസിഡായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.

ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട റീലുകൾക്കാണെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ മാത്രം നൽകുന്നതാണ് നല്ലതെന്ന ഉദാഹരണവും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ കണ്ടന്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, സ്പാം കുറയ്ക്കാനും, ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള കണ്ടന്റിലേക്കു പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ത്രഡ്സ് പ്ലാറ്റ്‌ഫോമിലും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഹാഷ്ടാഗുകളുടെ അമിത ഉപയോഗം ഒഴിവാക്കി, കണ്ടന്റ് കേന്ദ്രീകരിച്ച വളർച്ചയിലേക്കാണ് ഇൻസ്റ്റഗ്രാം നീങ്ങുന്നതെന്ന സൂചനയാണിത്.

Continue Reading

kerala

കാസര്‍ഗോഡ് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റില്‍

ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്

Published

on

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടയാന്‍ എത്തിയ ഒരു ബന്ധുവിനെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.

പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

Continue Reading

india

ഗിഗ് തൊഴിലാളി പണിമുടക്ക് ഭീഷണി: ഡെലിവറി പങ്കാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.

Published

on

ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന്, ഡെലിവറി പങ്കാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും രംഗത്തെത്തി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.

മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും അറിയിച്ചിരുന്നു. പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.

പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ഡെലിവറി പങ്കാളികള്‍ക്ക് 120 മുതല്‍ 150 രൂപ വരെ അധിക പേഔട്ട് സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ?? 3000 രൂപ വരെ വരുമാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഓര്‍ഡര്‍ നിരസിക്കല്‍, റദ്ദാക്കല്‍ എന്നിവയ്ക്കുള്ള പിഴകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന സാധാരണ നടപടിയാണിതെന്ന് സൊമാറ്റോയും ബ്ലിങ്കിറ്റും ഉള്‍പ്പെടുന്ന എറ്റേണല്‍ ഗ്രൂപ്പ് വിശദീകരിച്ചു.

അതേസമയം, സ്വിഗ്ഗിയും വര്‍ഷാവസാന കാലയളവില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം ലഭിക്കാമെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ആറു മണിക്കൂര്‍ കാലയളവില്‍ 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെച്ചപ്പെട്ട വേതനം, ഗിഗ് തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം, സുതാര്യമായ വേതന ഘടന, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ സംവിധാനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.

 

Continue Reading

Trending