Connect with us

News

ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ദീപ്തി ശര്‍മ

മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിനൊപ്പമായിരുന്ന ദീപ്തി, നിലാക്ഷിക സില്‍വയെ പുറത്താക്കിയതോടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അഞ്ചാം ടി20 മത്സരത്തിനിടെയാണ് ദീപ്തി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 152 വിക്കറ്റുകളോടെ ഇന്ത്യന്‍ സ്പിന്നര്‍ മേഘന്‍ ഷട്ടിന്റെ റെക്കോര്‍ഡ് ദീപ്തി മറികടന്നു. മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിനൊപ്പമായിരുന്ന ദീപ്തി, നിലാക്ഷിക സില്‍വയെ പുറത്താക്കിയതോടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 130 ഇന്നിംഗ്‌സുകളിലാണ് ദീപ്തി 152 വിക്കറ്റിലെത്തിയത്.

അതേസമയം, വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയവരുടെ പട്ടികയില്‍ രാധാ യാദവാണ് രണ്ടാം സ്ഥാനത്ത്. 86 ഇന്നിംഗ്‌സുകളില്‍ നിന്ന് 103 വിക്കറ്റുകളാണ് രാധയുടെ നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമന്‍ജോത് കൗര്‍ (18 പന്തില്‍ 21)യും അരുന്ധതി റെഡ്ഡി (11 പന്തില്‍ 27)യും മികച്ച പിന്തുണ നല്‍കി.

176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ നഷ്ടമായി. തുടര്‍ന്ന് ഇമേഷ ദുലാനിയും ഹാസിനി പെരേരയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അമന്‍ ജ്യോത് ഇമേഷയെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഹാസിനി പെരേര അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ ഒതുങ്ങി. മത്സരത്തിലെ താരമായി ഹര്‍മന്‍പ്രീത് കൗറിനെയും, ടൂര്‍ണമെന്റിലെ താരമായി ഷഫാലി വര്‍മയെയും തിരഞ്ഞെടുത്തു.

News

വീടിനുമുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ടു പരിഭ്രാന്തി, ഒടുവില്‍ ആശ്വാസം

കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമം പ്രദേശത്തെ ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് അടയാളങ്ങള്‍ വ്യാപകമായി കണ്ടത്.

Published

on

തിരുവനന്തപുരം: വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുകള്‍ക്ക് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മോഷണ സംഘത്തിന്റെ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമം പ്രദേശത്തെ ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് അടയാളങ്ങള്‍ വ്യാപകമായി കണ്ടത്.

സംശയം തോന്നിയ നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖംമൂടിയണിഞ്ഞ ഒരു സംഘം തൂണുകളില്‍ ചുവപ്പ് അടയാളങ്ങള്‍ വരയ്ക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതോടെയാണ് ആശങ്ക വര്‍ധിക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം, മോഷ്ടാക്കള്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താമസിയാതെ സംഭവത്തില്‍ വഴിത്തിരിവുണ്ടായി. വട്ടത്തില്‍ ചുവപ്പ് അടയാളമിട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ നേമം പൊലീസിന് മുന്നില്‍ ഹാജരായി. ഇവര്‍ നല്‍കിയ വിശദീകരണമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് അടയാളങ്ങള്‍ വരച്ചതെന്നും, അതിനാലാണ് മുഖം മൂടിയതെന്നും ഇവര്‍ പൊലീസിനോട് വിശദീകരിച്ചു.

നാട്ടുകാര്‍ ആശങ്കയിലാണെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ നേരിട്ട് പൊലീസിന് മുന്നിലെത്തി വിശദീകരണം നല്‍കിയതെന്നും പൊലീസ് അറിയിച്ചു. ലഭിച്ച വിവരം ഉടന്‍ നാട്ടുകാരെ അറിയിച്ചതോടെ പ്രദേശത്തെ ആശങ്കകള്‍ക്ക് അവസാനമായി.

Continue Reading

News

‘200 രൂപ ദിവസക്കൂലി മാത്രമുണ്ടായിരുന്ന എനിക്ക് ലഭിച്ച വലിയ പ്രതീക്ഷ’; ലാലിന്റെ അമ്മയെ ഓര്‍ത്ത് അനൂപ് മേനോന്‍

‘വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന 23 വയസ്സുകാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’ എന്നും അദ്ദേഹം കുറിച്ചു.

Published

on

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ അനൂപ് മേനോന്‍. ‘അമ്മ’ എന്ന പേര് അന്വര്‍ത്ഥമാക്കി തന്നെ കാണാന്‍ എത്തുന്നവരെയെല്ലാം ‘മക്കളേ’ എന്ന സ്‌നേഹവിളിയിലൂടെ സ്വന്തമാക്കിയ വ്യക്തിത്വമായിരുന്നു ശാന്തകുമാരിയുടേതെന്ന് അനൂപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 23-ാം വയസ്സില്‍ അവതാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ മോഹന്‍ലാലിന്റെ അമ്മയെ അഭിമുഖം ചെയ്യാനായി വീട്ടിലെത്തിയ അനുഭവമാണ് അനൂപ് ഓര്‍ത്തെടുക്കുന്നത്.

ഒരു സൂപ്പര്‍താരത്തിന്റെ അമ്മയെ കാണാന്‍ പോകുന്നതിന്റെ പരിഭ്രാന്തിയിലായിരുന്ന തനിക്കു, ആ വീട്ടിലെ ഒരാളാണെന്ന തോന്നല്‍ ആദ്യ നിമിഷം തന്നെ ഉണ്ടാക്കിയത് ലാലിന്റെ അമ്മയാണെന്ന് അദ്ദേഹം പറയുന്നു. ഒരു അവതാരകന്‍ എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം, തന്റെ വിശേഷങ്ങള്‍ തിരക്കുകയും ‘ലാലു’വിനെ കുറിച്ചുള്ള കഥകള്‍ ഒരു ബന്ധുവിനോട് പറയുന്നതുപോലെ പങ്കുവെക്കുകയും ചെയ്തതായും അനൂപ് കുറിച്ചു. ഉച്ചഭക്ഷണവും ചായയും നല്‍കി യാത്രയാക്കുന്ന വേളയില്‍ തന്റെ നെറുകയിലൊരു ചുംബനം നല്‍കി ‘മോന്‍ സിനിമയില്‍ വരും കേട്ടോ’ എന്ന് അമ്മ അനുഗ്രഹിച്ചതാണ് തന്റെ ജീവിതത്തിലെ വലിയ ഓര്‍മ്മകളിലൊന്നെന്ന് അനൂപ് പറയുന്നു.

‘വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന 23 വയസ്സുകാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’ എന്നും അദ്ദേഹം കുറിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ‘കനല്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്, അമ്മയുടെ അസുഖങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനൂപ് ഓര്‍ക്കുന്നു. ഒരു മകന്‍ തന്റെ അമ്മയെ ഇത്രയധികം സ്‌നേഹിക്കുന്നത് മറ്റെവിടെയും കണ്ടിട്ടില്ലെന്നും, അത് മോഹന്‍ലാലിന്റെ ആത്മഗുണം പോലെ തന്നെ ആ അമ്മ പകര്‍ന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയുടെ സ്‌നേഹസാന്നിധ്യം താനടക്കമുള്ള എല്ലാവര്‍ക്കും എന്നും നഷ്ടമായിരിക്കുമെന്നും അനൂപ് മേനോന്‍ തന്റെ കുറിപ്പില്‍ പറയുന്നു.

Continue Reading

kerala

സിറ്റി ബസ് വിവാദം; ‘ബസ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറില്‍ തിരിച്ചയ്ക്കും -ഗണേഷ് കുമാര്‍

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

Published

on

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരുവനന്തപുരം മേയര്‍ 113 ബസുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താല്‍ മാത്രം മതി. പകരം 150 ബസ് കെഎസ്ആര്‍ടിസി സിറ്റിയില്‍ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും കോര്‍പ്പറേഷന്‍ ബസുകള്‍ വാങ്ങിയത് കേന്ദ്ര പദ്ധതിയില്‍ എന്ന് പറയാന്‍ കഴിയില്ല, സ്റ്റേറ്റ് ഷെയര്‍ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോര്‍പ്പറേഷന്‍ ഈ രീതിയില്‍ വാങ്ങിയതാണ്. മൂന്നു പാര്‍ട്ടികളുമായുള്ള എഗ്രിമെന്റാണ്. കോര്‍പ്പറേഷനിലെ കെഎസ്ആര്‍ടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീര്‍ണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയില്‍ നിലവില്‍ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാല്‍ മാറ്റിവയ്ക്കാന്‍ 28 ലക്ഷം രൂപ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

കോര്‍പ്പറേഷന് വണ്ടികള്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ഇടാന്‍ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങള്‍ സന്തോഷത്തോടെ തിരികെ കൊടുക്കാന്‍ തയ്യാറാണ്. ഡ്രൈവറും വര്‍ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആര്‍ടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.

ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു. കരാര്‍ മാറ്റാന്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല. ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയതാണ്. കോര്‍പ്പറേഷന് കിട്ടിയത് കോര്‍പ്പറേഷനിലുളളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

 

Continue Reading

Trending