Connect with us

News

വിജയ് ഹസാരെ ട്രോഫി: രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് അടിതെറ്റി, കോഹ്ലിക്ക് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി

ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

Published

on

ബംഗളൂരു: ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയോടെ മടങ്ങിയെത്തിയ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് രണ്ടാം മത്സരത്തില്‍ നിരാശ. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

മുംബൈക്കെതിരെ ടോസ് നേടിയ ഉത്തരാഖണ്ഡ്ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ പേസര്‍ ദേവേന്ദ്ര സിങ് ബോറയുടെ ആദ്യ പന്തില്‍ സിക്‌സിന് ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. നാഗര്‍കോട്ടിയുടെ കൈയില്‍ നിന്നു തെന്നിപ്പോയ പന്ത് ഉത്തരാഖണ്ഡ് താരം തന്നെ പിടിച്ചെടുത്തു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് രോഹിതിന്റെ ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

മുംബൈക്കായി 12 വര്‍ഷത്തിനുശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത്, സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ 94 പന്തില്‍ ഒമ്പത് സിക്‌സും 18 ഫോറും ഉള്‍പ്പെടെ 155 റണ്‍സെടുത്തിരുന്നു. 62 പന്തില്‍ നേടിയ ആ സെഞ്ച്വറി ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയായിരുന്നു.

അതേസമയം, ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 61 പന്തില്‍ ഒരു സിക്‌സും 13 ഫോറുമടക്കം 77 റണ്‍സെടുത്ത കോഹ്ലിയെ വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ആറാം തവണയാണ് കോഹ്ലി 50+ സ്‌കോര്‍ നേടുന്നത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ താരം 131 റണ്‍സും നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. പ്രിയാന്‍ഷ് ആര്യ, അര്‍പിത് റാണ, നിതീഷ് റാണ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഋഷഭ് പന്തും ആയുഷ് ബദോണിയും ക്രീസിലുണ്ട്.

മുംബൈ ഇന്നിംഗ്സില്‍ സഹോദരങ്ങളായ മുഷീര്‍ ഖാനും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് മുംബൈ.

അതേസമയം, കര്‍ണാടകക്കെതിരായ മത്സരത്തില്‍ കേരളം 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഹമദ് ഇംറാന്‍ എന്നിവര്‍ പുറത്തായി. രണ്ടാം മത്സരത്തിലും കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കുന്നില്ല.

News

വിജയ് ഹസാരെ ട്രോഫി;അതിവേഗ അര്‍ധസെഞ്ചുറിയുമായി കോലി, രോഹിത് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്

ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

Published

on

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡല്‍ഹിക്കായി വിരാട് കോലി അതിവേഗ അര്‍ദ്ധസെഞ്ചുറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് വീണതിന് പിന്നാലെ 2/1 എന്ന നിലയിലാണ് കോലി ബാറ്റിംഗിന് എത്തിയത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കോലി ടീമിനെ മുന്നോട്ട് നയിച്ചു. 11 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. അര്‍പിത് റാണയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.

അതേസമയം, മുംബൈയും ഉത്തരാഖണ്ഡും തമ്മിലുള്ള മത്സരത്തില്‍ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. 13.3 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്. മുഷീര്‍ ഖാന്‍ (37), സര്‍ഫ്രാസ് ഖാന്‍ (21) എന്നിവര്‍ ക്രീസിലുണ്ട്. അംഘ്രിഷ് രഘുവംശി (11) യുടെ വിക്കറ്റിനൊപ്പം രോഹിത് ശര്‍മയുടെ വിക്കറ്റുമാണ് മുംബൈക്ക് നഷ്ടമായത്.

Continue Reading

kerala

പാണക്കാട് തറവാട്ടിൽ ക്രിസ്മസ് കേക്കുമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികളെത്തി; മതസൗഹാർദ്ദത്തിന്റെ സന്ദേശമായി ക്രിസ്മസ് ആഘോഷം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

Published

on

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂൾ പ്രതിനിധി ഫാദർ തോമസ് കണ്ണംപള്ളി, പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സിസ്റ്റർ വിജയ എന്നിവരാണ് ക്രിസ്മസ് കേക്കുമായി എത്തിയത്.

പരസ്പര സ്നേഹവും സാഹോദര്യവുമാണ് ആഘോഷങ്ങളുടെ കാതലെന്നും ഇത്തരം ഒത്തുചേരലുകൾ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സ്നേഹവും സന്തോഷവും പങ്കിട്ട സന്ദർശനത്തിന് ശേഷം മധുരം വിതരണം ചെയ്താണ് സംഘം മടങ്ങിയത്.

Continue Reading

international

റോഡരികില്‍ നമസ്‌കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന്‍ യുവാവിന് പരിക്ക്

കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.

Published

on

ഗസ്സ സിറ്റി: റോഡരികില്‍ നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിനുമേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്‍. ഫലസ്തീന്‍ യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര്‍ ജരീര്‍ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് ഫലസ്തീന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന്‍ ചെറു ആള്‍ ടെറൈന്‍ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന്‍ യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.

അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയയാള്‍ ഇസ്രായേലി റിസര്‍വ് സൈനികനാണെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ മുമ്പ് സിവിലിയന്‍ വസ്ത്രം ധരിച്ച് ഫലസ്തീന്‍ ഗ്രാമത്തിനുള്ളില്‍ കയറി വെടിവെപ്പ് നടത്തിയിരുന്നു.

 

Continue Reading

Trending