Connect with us

News

‘ബാഹുബലി’ എൽ.വി.എം3 വീണ്ടും വിജയം; 6100 കിലോ ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം ബഹിരാകാശത്ത്

6100 കിലോ ഭാരമുള്ള ‘ബ്ലൂബേർഡ് ബ്ലോക്ക്–2’ എന്ന അമേരിക്കൻ വാർത്താവിനിമയ ഉപഗ്രഹമാണ് എൽ.വി.എം3 വിക്ഷേപിച്ചത്.

Published

on

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽ.വി.എം3–എം6 റോക്കറ്റ് മറ്റൊരു ഭാരമേറിയ ഉപഗ്രഹവും വിജയകരമായി ബഹിരാകാശത്തിലെത്തിച്ചു. 6100 കിലോ ഭാരമുള്ള ‘ബ്ലൂബേർഡ് ബ്ലോക്ക്–2’ എന്ന അമേരിക്കൻ വാർത്താവിനിമയ ഉപഗ്രഹമാണ് എൽ.വി.എം3 വിക്ഷേപിച്ചത്.

ഇന്ത്യൻ മണ്ണിൽ നിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഇന്ത്യൻ കമ്പനിയായ ന്യൂസ്പേസും അമേരിക്കൻ സ്വകാര്യ സ്ഥാപനമായ എ.എസ്.ടി സ്‌പേസ് മൊബൈലും ചേർന്നാണ് ഉപഗ്രഹം വികസിപ്പിച്ചത്. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ബഹിരാകാശത്തിൽ നിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

43.5 മീറ്റർ ഉയരമുള്ള റോക്കറ്റ് ബുധനാഴ്ച രാവിലെ 8.55നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ഏകദേശം 15 മിനിറ്റിന് ശേഷം ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിലെത്തി.

വിജയകരമായ ദൗത്യത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യക്കാർക്കുള്ള പുതുവത്സര–ക്രിസ്മസ് സമ്മാനമാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. എൽ.വി.എം3 റോക്കറ്റ് നൂറ് ശതമാനം വിജയനിരക്ക് നിലനിർത്തിയതായും, വെറും 52 ദിവസത്തിനുള്ളിൽ രണ്ട് എൽ.വി.എം3 റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്തിലേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് ബഹിരാകാശ സെക്രട്ടറി കൂടിയായ ഐ.എസ്.ആർ.ഒ ചെയർമാൻ കൂട്ടിച്ചേർത്തു. ഇതോടെ 34 രാജ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം 434 ആയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ കുതിപ്പ്: 5 വർഷത്തിൽ 2.5 ലക്ഷം ഇ.വികൾ, നാഴികക്കല്ലായി നെക്‌സോൺ ഇ.വി

2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്.

Published

on

രാജ്യത്തെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. 2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ഇതിൽ ഒരു ലക്ഷത്തിലധികം നെക്‌സോൺ ഇ.വികൾ വിറ്റുപോയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റ മോട്ടോർസിന്റെ ആധിപത്യം കൂടുതൽ ശക്തമായി.

നെക്‌സോൺ ഇ.വി: ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് കാർ

ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ ഇലക്ട്രിക് കാറെന്ന റെക്കോർഡ് ടാറ്റ നെക്‌സോൺ ഇ.വി സ്വന്തമാക്കി. 2020ൽ വിപണിയിലെത്തിയ ഈ മോഡൽ, 2023 സെപ്റ്റംബറിൽ ലഭിച്ച അപ്‌ഡേറ്റുകളോടെ കൂടുതൽ കരുത്താർജിച്ചു. നിലവിൽ 12.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് നെക്‌സോൺ ഇ.വിയുടെ എക്‌സ്-ഷോറൂം വില.

വൈവിധ്യമാർന്ന ഇലക്ട്രിക് വാഹന നിര

വിവിധ ഉപഭോക്തൃവിഭാഗങ്ങളെ ലക്ഷ്യമിട്ട് ടാറ്റയ്ക്ക് വിപുലമായ ഇലക്ട്രിക് വാഹന നിരയുണ്ട്. താങ്ങാവുന്ന വിലയിൽ ടിയാഗോ ഇ.വി, പഞ്ച് ഇ.വി എന്നിവയും, കൂടുതൽ ആഡംബരം ആഗ്രഹിക്കുന്നവർക്ക് നെക്‌സോൺ ഇ.വി, ഹാരിയർ ഇ.വി എന്നിവയും ലഭ്യമാണ്. ഇതുകൂടാതെ ടിഗോർ ഇ.വി, കർവ് ഇ.വി എന്നീ മോഡലുകളും വിപണിയിലുണ്ട്. ഇന്ധന വാഹനങ്ങളെ (ICE) വേഗത്തിൽ ഇലക്ട്രിക് മോഡലുകളാക്കി മാറ്റിയതാണ് ടാറ്റയുടെ വിജയത്തിന്റെ പ്രധാന കാരണം.

ചാർജിങ് ശൃംഖലയും ഭാവി ലക്ഷ്യങ്ങളും

ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ടാറ്റ മോട്ടോർസ് മുൻപന്തിയിലാണ്. നിലവിൽ രാജ്യത്തുടനീളം 2 ലക്ഷത്തിലധികം ചാർജിങ് പോയിന്റുകൾ ടാറ്റയുടെ ശൃംഖലയിൽ ഉൾപ്പെടുന്നു. ഇതിൽ ഹൈവേകളിലുള്‍പ്പെടെ 100 ‘മെഗാ ചാർജർ’ ഹബുകളും പ്രവർത്തനത്തിലാണ്. 2027ഓടെ പൊതു ചാർജിങ് പോയിന്റുകൾ 30,000 ആയി ഉയർത്താനും 2030ഓടെ ഇത് ഒരു ലക്ഷം പോയിന്റുകളാക്കി വർധിപ്പിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.

പുറത്തുവന്ന കണക്കുകൾ പ്രകാരം 84 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഇലക്ട്രിക് വാഹനത്തെ പ്രധാന വാഹനമായി ഉപയോഗിക്കുന്നു. ആദ്യമായി ഇലക്ട്രിക് കാർ വാങ്ങുന്ന 100 പേരിൽ 26 പേരും ടാറ്റയുടെ വാഹനമാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ വാഹനങ്ങളുടെ 50 ശതമാനത്തിലധികം ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാൽ സ്പെയർ പാർട്സ് സംബന്ധിച്ച ആശങ്കകളും ഉപഭോക്താക്കൾക്ക് കുറവാണ്.

ഇലക്ട്രിക് വാഹന വിപണിയിലെ ഈ നേട്ടങ്ങൾ ടാറ്റ മോട്ടോർസിനെ രാജ്യത്തെ ഏറ്റവും ശക്തമായ ഇ.വി ബ്രാൻഡായി കൂടുതൽ ഉറപ്പിക്കുന്നതായാണ് വിലയിരുത്തൽ.

Continue Reading

kerala

ആട് 3 ഷൂട്ടിങ് അപകടം: നടൻ വിനായകൻ ആശുപത്രി വിട്ടു, രണ്ടുമാസം വിശ്രമം

കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.

Published

on

കൊച്ചി: ആട് 3 സിനിമയുടെ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ടുമാസത്തോളം വിശ്രമം ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.

ദിവസങ്ങൾക്കുമുമ്പ് തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ താരത്തിന്റെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വിനായകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് പേശികൾക്കും നാഡികൾക്കും (ഞരമ്പുകൾ) ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. വലിയ ക്യാൻവാസിൽ ഫിക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈ ഡേ ഫിലിം ഹൗസും കാവ്യ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

Continue Reading

india

ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിത രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച.

Published

on

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച. അതിജീവിതയെയും മാതാവിനെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച സംഭവത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും അതിജീവിത രാഹുലിനോട് ഉന്നയിച്ചു.

ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ നേതാവായ കുല്‍ദീപ് സിങ് സെങ്കാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് അതിജീവിത ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധം ആരംഭിച്ച് മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ മാതാവിനെയും ഡല്‍ഹി പൊലീസ് അവിടെ നിന്ന് വലിച്ചിഴച്ച് മാറ്റിയിരുന്നു.

അതിജീവിതയ്ക്കെതിരായ പൊലീസ് നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ കൂട്ടബലാത്സംഗത്തിനിരയായ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജാമ്യം നല്‍കി അതിജീവിതകളെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്നത് എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു. “നാം വെറും ഒരു മൃത സമ്പദ്‌വ്യവസ്ഥയായി മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ഒരു മൃത സമൂഹമായി മാറുകയാണ്” എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അന്ന് ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെങ്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് റായ്ബറേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സെങ്കാറിനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് ഇയാളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഈ കേസില്‍ കുല്‍ദീപ് സിങ് സെങ്കാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സെങ്കാറിന്റെ സഹോദരന്‍ അതുല്‍ സെങ്കാറും കേസിലെ പ്രതിയാണ്. പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ച ശേഷം വ്യാജ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

Continue Reading

Trending