Film
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി
ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.
kerala
മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ
തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.
Film
ഡിജിറ്റൽ വെല്ലുവിളിക്ക് മറുപടിയായി നൊസ്റ്റാൾജിയ: പഴയ സൂപ്പർഹിറ്റുകളിലൂടെ തിയറ്ററുകൾക്ക് പുതുജീവൻ
ഒരു കാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ പഴയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ പുതിയ രക്ഷാകവചം.
മുംബൈ: നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ വളർച്ച തിയറ്റർ വ്യവസായത്തിന് കടുത്ത വെല്ലുവിളിയായിരിക്കെ, പ്രതിസന്ധി മറികടക്കാൻ പുതിയ വഴിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് തിയറ്ററുകൾ. ഒരു കാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ പഴയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ പുതിയ രക്ഷാകവചം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വീണ്ടും റിലീസ് ചെയ്ത പഴയ സിനിമകളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. പഴയ ചിത്രങ്ങൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത്, പുനർപ്രദർശനങ്ങൾക്കായി പ്രത്യേക ഡിപാർട്ട്മെന്റ് തുടങ്ങാനുള്ള പദ്ധതിയിലാണ് പി.വി.ആർ ഐനോക്സ്, സിനിപോളിസ് തുടങ്ങിയ രാജ്യത്തെ മുൻനിര മൾട്ടിപ്ലക്സ് കമ്പനികൾ.
ഈ വർഷം മാത്രം 200ലധികം പഴയ സിനിമകളാണ് പി.വി.ആർ ഐനോക്സ് വീണ്ടും റിലീസ് ചെയ്തത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ നാല് ശതമാനം പഴയ സിനിമകളുടെ റീറിലീസിംഗിലൂടെ ലഭിക്കുന്നതാണെന്ന് പി.വി.ആർ ഐനോക്സിന്റെ മുതിർന്ന സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജലി വ്യക്തമാക്കി. കഴിഞ്ഞ വർഷം 150 സിനിമകളാണ് പുനർപ്രദർശിപ്പിച്ചിരുന്നത്. അടുത്ത വർഷം ഇതിലും കൂടുതൽ പഴയ സിനിമകൾ തിയറ്ററുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
സിനിപോളിസിലും ഒരു വർഷത്തിനിടെ പഴയ സിനിമകളുടെ പ്രദർശനത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 40 സിനിമകളാണ് സിനിപോളിസ് വീണ്ടും തിയറ്ററുകളിലെത്തിച്ചത്. പഴയ സിനിമകൾ മൂലം പ്രേക്ഷകസംഖ്യ വർധിച്ചതിനൊപ്പം സ്ക്രീനിങ് വരുമാനവും ഉയർന്നതായി സിനിപോളിസിന്റെ എം.ഡി ദേവാങ്ക് സമ്പത് പറഞ്ഞു. പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന തന്ത്രം വിജയിച്ചതോടെ കൂടുതൽ സൂപ്പർഹിറ്റ് സിനിമകൾ റീറിലീസ് ചെയ്യാൻ പ്രമുഖ സ്റ്റുഡിയോകളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരെ വർഷങ്ങളോളം ആവേശത്തിലാക്കിയ ഷോലേ സിനിമ എത്രയും വേഗം വീണ്ടും റിലീസ് ചെയ്യാനാണ് സിനിപോളിസിന്റെ അടുത്ത പദ്ധതി. 30ഓളം പഴയ സിനിമകൾ ഇതിനകം പുനർപ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ 3.5 ശതമാനം വരുമാനം പഴയ സിനിമകളിൽനിന്ന് പ്രതീക്ഷിക്കുന്നതായും സമ്പത് പറഞ്ഞു.
ഓർമാക്സ് മീഡിയ തയ്യാറാക്കിയ ഇന്ത്യ ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ തിയറ്ററുകളുടെ മൊത്തം വരുമാനം ഇടിവിലാണ്. 2023ൽ 12,226 കോടി രൂപയായിരുന്ന തിയറ്റർ വരുമാനം കഴിഞ്ഞ വർഷം 11,833 കോടി രൂപയായി കുറഞ്ഞു. ഹിന്ദി സിനിമകളിൽനിന്നുള്ള വരുമാനം 5,380 കോടി രൂപയിൽനിന്ന് 4,679 കോടി രൂപയായും താഴ്ന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വെള്ളിത്തിരയുടെ രക്ഷകരായി പഴയ സൂപ്പർഹിറ്റുകൾ മാറുന്നത്.
സിനിപോളിസിന്റെ പുനർ റിലീസിങ്ങിൽ ഏറ്റവും വലിയ വിജയം നേടിയ സനം തേരി കസം സിനിമ കാണാൻ മൂന്ന് ലക്ഷം പേരാണ് തിയറ്ററുകളിലെത്തിയത്. റോക്സ്റ്റാർ അടക്കമുള്ള നിരവധി സിനിമകളുടെ റീറിലീസ് പി.വി.ആർ ഐനോക്സിന് ലക്ഷക്കണക്കിന് രൂപയുടെ അധിക വരുമാനം സമ്മാനിച്ചു.
നൊസ്റ്റാൾജിയയ്ക്ക് പുറമേ, സ്ഥിരമായി തിയറ്ററിൽ പോകുന്ന പ്രേക്ഷകർക്ക് കാണാൻ പുതിയ സിനിമകളുടെ കുറവുണ്ടെന്നതും പുനർ റിലീസിങ് കൂടുതൽ വിജയകരമാക്കുന്നതായി, എച്ച്.ബി.ഒ, വാർണർ ബ്രദേഴ്‌സ് തുടങ്ങിയ കമ്പനികൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന ദിസ്മാൾബിഗ്ഐഡിയ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഹരികൃഷ്ണൻ പിള്ള അഭിപ്രായപ്പെട്ടു.
Film
‘തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ’: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്‍ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
”ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി,” അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
-
kerala21 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്‍
-
kerala22 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
