Connect with us

Film

ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ

മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

Published

on

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.

ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.

Film

 ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം; തീരാനഷ്ടമെന്ന് സഹപ്രവർത്തകർ

“എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.

Published

on

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. “എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, “എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി. നിങ്ങളെ മിസ് ചെയ്യും” എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.

കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. “വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഒരിക്കലും നാടകീയത കാണിക്കാത്ത കലാകാരനായിരുന്നു ശ്രീനിവാസൻ. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. സത്യസന്ധതയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിലകൽപ്പിച്ചിരുന്നത്. ആരെയും സുഖിപ്പിച്ച് സംസാരിക്കാൻ അദ്ദേഹത്തിനറിയില്ല. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്” എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.

Continue Reading

Film

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും ഒരു പ്രത്യേക ‘ശ്രീനിവാസന്‍ ടച്ച്’ ഉണ്ടായിരുന്നു

Published

on

സിനിമകളിലൂടെ വെറുതെ ചിരിപ്പിക്കുകയായിരുന്നില്ല ശ്രീനിവാസന്‍. ഓരോ ഡയലോഗിലൂടെയും പ്രേക്ഷകരെ ചിന്തിപ്പിക്കാനും സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും ഒരു പ്രത്യേക ‘ശ്രീനിവാസന്‍ ടച്ച്’ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പകരക്കാരനില്ലാത്ത കലാകാരന്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് ശ്രീനിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയായിരുന്നു.

അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കൊള്ളുന്ന ഡയലോഗുകള്‍ ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള നാല് പതിറ്റാണ്ടുകളായി എഴുത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് ശ്രീനിവാസന്‍ സജീവ സാന്നിധ്യമായിരുന്നു.

ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൊതുങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം, തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞതോടെ വലിയ മാറ്റങ്ങളിലേക്ക് കടന്നു. പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനുമൊപ്പം ചേര്‍ന്നപ്പോഴെല്ലാം മലയാളിക്ക് ലഭിച്ചത് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ചിത്രങ്ങളായിരുന്നു. താന്‍ തിരക്കഥയെഴുതിയ സിനിമകളില്‍ അധികവും കോമഡി വേഷങ്ങളോ നെഗറ്റീവ് കഥാപാത്രങ്ങളോ തിരഞ്ഞെടുക്കുകയായിരുന്നു ശ്രീനിവാസന്‍.

സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ എന്ന പേര് സ്‌ക്രീനില്‍ തെളിയുന്ന ഉറപ്പുകളായി. അവ കേവലം തമാശപ്പടങ്ങള്‍ ആയിരുന്നില്ല; അക്കാലത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമൂഹിക സംഘര്‍ഷങ്ങളും സൂക്ഷ്മമായി വരച്ചിടുന്ന സിനിമകളായിരുന്നു.

വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ക്ലാസിക്കുകളായി മാറി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. സത്യനും പ്രിയനും ഒപ്പമൊരുക്കിയ സിനിമകളൊന്നും ഫാന്റസികളായിരുന്നില്ല; ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത യാഥാര്‍ഥ്യങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു അവ.

മലയാള സിനിമയുടെ സാമൂഹിക ബോധത്തെ തന്നെ സ്വാധീനിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമായിരിക്കും.

 

Continue Reading

Culture

‘കണിമംഗലം കോവിലകം’ ഡൺ ഡിഡ്; പ്രോമോ ഗാനം ബേസിൽ ജോസഫ് പുറത്തിറക്കി

2026 ജനുവരി മാസത്തിൽ തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Published

on

ജനപ്രിയ വെബ് സീരീസായ ‘കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്ക് തൊട്ട് പിന്നാലെയിതാ ‘കണിമംഗലം കോവിലകം’ സിനിമയിലെ പ്രൊമോ ഗാനവും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപേ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2026 ജനുവരി മാസത്തിൽ തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയതാരം ബേസിൽ ജോസഫാണ് സോഷ്യൽ മീഡിയ വഴി ‘ഡൺ ഡിഡ്’ എന്ന പ്രോമോ ഗാനം പുറത്തു വിട്ടത്.

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു കാലത്ത് യൂത്തിനെ മൊത്തത്തിലായി ഹരം കൊള്ളിച്ച ‘ലജ്ജാവതിയെ’ ‘അന്നക്കിളി’ പോലുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരിൽ നിറസാന്നിധ്യമായ ജാസി ഗിഫ്റ്റ് അല്പക്കാലത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ പാടുന്ന പാട്ട് കൂടിയാണിത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിലെ ഗാനത്തിനുണ്ട്. യുവത്വത്തിന്റെ ആവേശങ്ങൾ കാണിക്കുന്ന ഗാനരംഗത്തിനൊപ്പം തന്നെയാണ് ഇത്തവണയും ജാസി ഗിഫ്റ്റ് ചുണ്ടുകൾ ചലിപ്പിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്–ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും.

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്., എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, പി.ആർ. കൺസൾട്ടന്റ- വിപിൻ കുമാർ വി, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്. ഗാനങ്ങൾ എഴുതിയത് മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി എന്നിവർ ആണ്. പ്രശസ്ത ഗായകരായ ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

Continue Reading

Trending