രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന്‍ ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.