Connect with us

News

ബംഗ്ലാദേശില്‍ വ്യാപക കലാപം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ട് ആക്രമണം

തെരുവിലിറങ്ങിയ യുവാക്കള്‍ സംഘംചേര്‍ന്ന് മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ക്ക് തീയിട്ടു.

Published

on

ധാക്ക: 2024ലെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പ്രമുഖനും ഇങ്ക്വിലാബ് മഞ്ച നേതാവുമായ ശരീഫ് ഉസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം. തെരുവിലിറങ്ങിയ യുവാക്കള്‍ സംഘംചേര്‍ന്ന് മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ക്ക് തീയിട്ടു.

ഈ മാസം 12ന് ധാക്കയില്‍ നടന്ന പ്രചാരണ റാലിക്കിടെയാണ് അജ്ഞാതന്‍ ഉസ്മാന്‍ ഖാദിക്കെതിരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഖാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് മാറ്റിയിരുന്നുവെങ്കിലും വ്യാഴാഴ്ച അദ്ദേഹം മരിച്ചു. മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായത്.

ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു കലാപം നടക്കുന്നത്. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഖാദിയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഖാദി, ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

പ്രക്ഷോഭത്തിനിടെ പ്രതോം അലോ, ഡെയ്‌ലി സ്റ്റാര്‍ എന്നീ പ്രമുഖ ബംഗ്ലാദേശി മാധ്യമങ്ങളുടെ ഓഫിസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഈ പത്രങ്ങള്‍ അച്ചടിച്ച പതിപ്പുകള്‍ പ്രസിദ്ധീകരിച്ചില്ല. ഓണ്‍ലൈന്‍ എഡിഷനുകളെയും ആക്രമണം ബാധിച്ചു. അര്‍ധരാത്രിയോടെ ഉണ്ടായ ആക്രമണത്തില്‍ തീപിടിച്ച ഡെയ്‌ലി സ്റ്റാര്‍ ഓഫിസില്‍നിന്ന് 25ലധികം മാധ്യമപ്രവര്‍ത്തകരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ബംഗ്ലാദേശ് സ്ഥാപക പ്രസിഡന്റ് ശൈഖ് മുജീബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിയിലേക്കും പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തി. ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷനു മുന്നിലും പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുറമുഖ നഗരമായ ചിറ്റഗോങ്ങിലേക്കും പ്രക്ഷോഭം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ക്രമസമാധാനനില വിലയിരുത്താന്‍ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് നടക്കുന്ന യോഗത്തില്‍ സുരക്ഷാ സാഹചര്യം വിശദമായി അവലോകനം ചെയ്യും. ഉസ്മാന്‍ ഖാദിയുടെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

india

സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്; ബംഗളൂരു ബ്രാഞ്ചിൽനിന്ന് 80 കോടിയോളം രൂപ കാണാതായി

ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.

Published

on

മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.

ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.

സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.

സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.

സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

kerala

പോറ്റിയേ കേറ്റിയേ’ പാരഡി വിവാദം; കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.

Published

on

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ’ പാരഡി വിവാദത്തില്‍ കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍നീക്കങ്ങള്‍ മരവിപ്പിക്കാനും തീരുമാനം. സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.

അതേസമയം `പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. പാട്ട് നീക്കണം എന്ന പൊലീസ് നിര്‍ദേശത്തിനെതിരെയാണ് വിഡി സതീശന്റെ കത്ത്. കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

പാട്ട് നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബര്‍ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങള്‍. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാര്‍ പറയുന്നത്.

 

Continue Reading

kerala

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം തുടങ്ങിയത്.

Published

on

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയാണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം തുടങ്ങിയത്. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം ആള്‍ക്കൂട്ടവിചാരണയായി മാറുകയും, ‘കള്ളന്‍’ എന്നാരോപിച്ച് യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തി യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തില്‍ ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്കടക്കം ഗുരുതര പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇയാളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending