Connect with us

india

ഓൺലൈൻ ചൂതാട്ട ആപ്പുകൾ വഴി കോടികൾ; യൂട്യൂബറുടെ ആഡംബര ജീവിതം പുറത്ത്, ഇഡി റെയ്ഡിൽ വിലയേറിയ കാറുകൾ പിടിച്ചെടുത്തു

ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

Published

on

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ട ആപ്പുകളും വഴി വൻതുക സമ്പാദിച്ച ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിയുടെ ആഡംബര ജീവിതം ഇഡി നടത്തിയ റെയ്ഡിൽ പുറത്ത് വന്നു. ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 എന്നിവയ്ക്കൊപ്പം ഫോർഡ് എൻഡവർ, മഹീന്ദ്ര താർ ഉൾപ്പെടെ നാല് ആഡംബര വാഹനങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ‘സ്‌കൈ എക്‌സ്‌ചേഞ്ച്’ എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകൾ പ്രോത്സാഹിപ്പിച്ച അനുരാഗ്, അതിലൂടെ ലഭിച്ച വൻതുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിച്ചുവെന്നും ഇഡി അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങി. ഇൻഫ്ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.

india

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ക്ക് തടസ്സ സാധ്യത, വായു മലിനീകരണം രൂക്ഷം

ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

Published

on

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. യാത്രയ്ക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. മൂടല്‍മഞ്ഞ് മൂലം ഡല്‍ഹിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ വൈകി. വായു മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ആദ്യ ദിവസം സംസ്ഥാനത്ത് 3,746 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി.

ഡല്‍ഹി അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 568 വാഹനങ്ങളെ ഇന്നലെ തന്നെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 61,912 വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതായും, നിയന്ത്രണ നടപടികള്‍ ഫലപ്രദമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

 

Continue Reading

india

ബംഗളൂരു കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; 44 യാത്രക്കാർ രക്ഷപ്പെട്ടു

ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി

Published

on

മൈസൂരു: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോട് കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ല.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കെ.എൽ. 15 എ 2444 നമ്പർ സ്വിഫ്റ്റ് ബസാണ് തീപിടിച്ചത്. ഡ്രൈവറുടെ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം ഉയർന്നതിനെ തുടർന്ന് ബസ് നിർത്തി പരിശോധിച്ചപ്പോള്‍ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ ബസ് റോഡരികിലേക്ക് ഒതുക്കി യാത്രക്കാരെ പുറത്തേക്ക് മാറ്റുകയായിരുന്നു.

ബസിലുണ്ടായിരുന്ന വെള്ളവും അഗ്നിശമന സംവിധാനവും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കോഴിക്കോടേക്ക് യാത്ര തുടരാൻ ക്രമീകരിച്ചു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

ധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.

Published

on

ബെംഗളൂരു: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിയുമായി കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.
ബിജെപി നേതാക്കൾ പലപ്പോഴും മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താറുണ്ടെന്നും എന്നാൽ കറൻസി നോട്ടുകളിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റാനുള്ള ആർജ്ജവം അവർക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് എന്നും ഗാന്ധിയൻ മൂല്യങ്ങൾക്കൊപ്പം നിൽക്കുമ്പോൾ ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെയാണ് ഹൃദയത്തിലേറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജെപിക്ക് ഗാന്ധിജിയോട് യഥാർത്ഥത്തിൽ എതിർപ്പുണ്ടെങ്കിൽ അത് നോട്ടുകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിക്കൊണ്ട് തെളിയിക്കട്ടെ എന്നാണ് ശിവകുമാർ വെല്ലുവിളിച്ചത്. ലോകം മുഴുവൻ ആദരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയെന്നും ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ നിന്ന് അദ്ദേഹത്തെ മായ്ച്ചുകളയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടന ഭേദഗതി ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ശിവകുമാർ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ഈ വിഷയം സജീവമായി നിലനിർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഭരണഘടനയെയും ഗാന്ധിയൻ തത്വങ്ങളെയും സംരക്ഷിക്കാൻ പാർട്ടി ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Continue Reading

Trending