Connect with us

News

മഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു

ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

Published

on

ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

വൈകിട്ട് 6.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും മഞ്ഞുവീഴ്ച മൂലം കളി നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യക്തമായി. ഇതോടെ മൂന്നു മണിക്കൂറിന് ശേഷം മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും. ആ മത്സരം ഇന്ത്യ തോറ്റാലും പരമ്പര നഷ്ടമാകില്ല.

അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇനി പരമ്പരയിൽ കളിക്കില്ല. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന്റെ ട്വന്റി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവോടെയാണ് സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്.

ഏഷ്യ കപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി എത്തിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്കാണ് മാറ്റിയത്. എന്നാൽ ഈ സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല. തുടർന്ന് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്.

പരിശീലനത്തിനിടെയാണ് ഗില്ലിന് കാലിന് പരിക്കേറ്റത്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഗിൽ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്റി20 പരമ്പരയ്ക്കായി തിരിച്ചെത്തിയത്.

india

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ

ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Published

on

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യയുടെ യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ എയർലൈൻസുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

ഇതിനുപകരമായി ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാനമായ വിലക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ ബന്ധം കൂടുതൽ വിഷമിച്ചത്. ഏപ്രിൽ 24നാണ് പാകിസ്താൻ ആദ്യം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു വിലക്ക്. തുടർന്ന് ഏപ്രിൽ 30ന് ഇന്ത്യയും പാക് വിമാനങ്ങൾക്ക് തിരിച്ചടി ആയി വ്യോമാതിർത്തി അടച്ചുപൂട്ടി.

Continue Reading

india

ട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി

വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

Published

on

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ നിശ്ചിത സൗജന്യ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്ന സംവിധാനം നിലവിലുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

ക്ലാസ് തിരിച്ചുള്ള സൗജന്യ ലഗേജ് അലവൻസും പരമാവധി പരിധിയും നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം; ചാർജ് അടച്ച് 70 കിലോഗ്രാം വരെ അനുവദിക്കും. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാം സൗജന്യവും 80 കിലോഗ്രാം വരെ പരമാവധിയുമാണ്. എ.സി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസുണ്ട്.

ഫസ്റ്റ് ക്ലാസ്, എ.സി ടു ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം സൗജന്യമായി, 100 കിലോഗ്രാം വരെ ചാർജ് അടച്ച് കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം സൗജന്യവും 150 കിലോഗ്രാം വരെ പരമാവധിയുമാണ് അനുവദിച്ചിരിക്കുന്നത്.

സൗജന്യ അലവൻസിനെ മറികടക്കുന്ന ലഗേജുകൾക്ക് ലഗേജ് നിരക്കിന്റെ ഒന്നര മടങ്ങ് ചാർജ് ഈടാക്കി, ക്ലാസ് അനുസരിച്ചുള്ള പരമാവധി പരിധിവരെ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകാൻ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വ്യാപാര ആവശ്യങ്ങൾക്കുള്ള ചരക്കുകൾ വ്യക്തിഗത ലഗേജായി പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവദനീയമല്ല. നിശ്ചിത പരിധി കവിയുന്ന ലഗേജുകൾ റെയിൽവേയുടെ മാനദണ്ഡങ്ങൾ പ്രകാരം ബ്രേക്ക് വാനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകണമെന്നും മന്ത്രി അറിയിച്ചു.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ അപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ചെറിയ ഇടവേളയ്ക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്. സ്വർണം കവർന്ന കേസിൽ പ്രതിയായ ശ്രീകുമാറിനെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാറിന്റെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു നടപടി.

2019ൽ ശബരിമലയിൽ നിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ക്രമക്കേടിൽ ശ്രീകുമാറിന് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.

അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശ്രീകുമാറിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ നിലവിലുള്ള പ്രതികളിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നും അന്വേഷണ സംഘം അറിയിച്ചു.

Continue Reading

Trending