News
കാരബാവോ കപ്പ്: ബെന്റ്‌ഫോർഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ
52-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാത്തിസ് റയാൻ ചെർക്കിയും 67-ാം മിനിറ്റിൽ സാവിഞ്ഞോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ (കാരബാവോ കപ്പ്) ബെന്റ്‌ഫോർഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. 52-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാത്തിസ് റയാൻ ചെർക്കിയും 67-ാം മിനിറ്റിൽ സാവിഞ്ഞോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയിൽ ബെന്റ്‌ഫോർഡ് സിറ്റിക്കെതിരെ മേൽക്കൈ നേടാൻ ശ്രമിച്ചെങ്കിലും ശക്തമായ സിറ്റി പ്രതിരോധം അവരുടെ നീക്കങ്ങൾ തടഞ്ഞു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ സിറ്റി രണ്ട് ഗോളുകളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം കാരബാവോ കപ്പിന്റെ സെമിഫൈനൽ ചിത്രം ഏതാണ്ട് വ്യക്തമായി. മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. മറ്റൊരു സെമിഫൈനലിൽ ചെൽസി, 23ന് നടക്കുന്ന ആഴ്‌സനൽ–ക്രിസ്റ്റൽ പാലസ് മത്സരത്തിലെ വിജയികളെയാണ് നേരിടുക. എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ആഴ്‌സനലും പാലസും തമ്മിലുള്ള പോരാട്ടം.
രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിഫൈനലുകളുടെ ആദ്യ പാദം 2026 ജനുവരി 12 മുതൽ ആരംഭിക്കും. രണ്ടാം പാദ മത്സരങ്ങൾ 2026 ഫെബ്രുവരി 2 മുതലായിരിക്കും നടക്കുക.
kerala
ജയിൽ കോഴക്കേസ്; ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്
ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നുൾപ്പെടെ പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളിയായ കൊടിസുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നുൾപ്പെടെ പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമാണ് തടവുകാരുടെ ബന്ധുക്കളിൽനിന്ന് ഡിഐജി പണം വാങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ഏകദേശം 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ട്. പൂജപ്പുര വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണം.
വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. പരോളിനായി കൈക്കൂലി വാങ്ങുന്നതായും ജയിലുകളിൽ തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതായും ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി കേസുകളടക്കം ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് വേഗത്തിൽ പരോൾ ലഭിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു പണം വാങ്ങിയതെന്ന് കണ്ടെത്തി.
തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിയ്യൂർ ജയിലിലെ തടവുകാർക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കാൻ വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി. സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ പണം വാങ്ങിയെന്ന വിവരവും അന്വേഷണ പരിധിയിലുണ്ട്.
ഡിഐജി വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. മുൻപ് കണ്ണൂർ ജയിൽ സൂപ്രണ്ടായിരിക്കെ സ്ഥിരമായി ജോലിയിൽ ഹാജരാകാത്തതിന് വിനോദ് കുമാർ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. ടിപി കേസിലെ പ്രതികൾക്ക് വിയ്യൂർ ജയിലിൽ അനധികൃത സൗകര്യങ്ങൾ നൽകിയെന്നാരോപിച്ചാണ് രണ്ടാമത്തെ സസ്പെൻഷൻ.
വകുപ്പതല അന്വേഷണങ്ങൾ ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജി പദവിയിലേക്ക് ഉയർത്തപ്പെട്ട വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചതായി ആരോപണമുണ്ട്. നിരവധി പരാതികൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥന് സംരക്ഷണം നൽകിയെന്ന വിമർശനങ്ങൾ ശക്തമാണ്. വിരമിക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജയിൽ ആസ്ഥാന ഡിഐജി വിജിലൻസ് കേസിൽ പ്രതിയായത്.
News
മൂന്നാം ആഷസ് ടെസ്റ്റ്; ഓസീസ് ഒന്നാം ഇന്നിങ്സ് 371, ഇംഗ്ലണ്ടിന് തുടക്കത്തിൽ തകർച്ച
എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലിയോൺ (9) എന്നിവരാണ് പുറത്തായത്. ഇതോടെ ആർച്ചറിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 14 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. 22 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഹാരി ബ്രൂക്ക് (15*), ബെൻ സ്റ്റോക്സ് (5*) എന്നിവരാണ് ക്രീസിൽ. സാക് ക്രൗലി (9), ബെൻ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവർ പുറത്തായി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോൾ, മറ്റ് രണ്ട് വിക്കറ്റുകൾ സ്പിന്നർ നേഥൻ ലിയോണാണ് സ്വന്തമാക്കിയത്.
ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത് സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106)യും അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82)യുമാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരായ ജേക്ക് വെതർലൻഡ് (18), ട്രാവിസ് ഹെഡ് (10) എന്നിവരെ നഷ്ടമായി. തുടക്കത്തിലെ പതർച്ചയ്ക്ക് പിന്നാലെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ മാർനസ് ലബൂഷെയ്ന് (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ പുറത്താക്കി ഇരട്ട പ്രഹരം ഏൽപ്പിച്ചു.
ക്ഷമയോടെ ബാറ്റ് ചെയ്ത ഖ്വാജ 81 പന്തിൽ അർധ ശതകം പൂർത്തിയാക്കി. 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസാണ് താരം നേടിയത്. ക്യാരിയുമായി മികച്ച കൂട്ടുകെട്ടും ഖ്വാജ ഒരുക്കി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 13 റൺസ് നേടി ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകി മടങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ അലക്സ് ക്യാരി പുറത്തായത് ഓസീസിന് തിരിച്ചടിയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 106 റൺസാണ് ക്യാരി നേടിയത്.
kerala
നടിയെ ആക്രമിച്ച കേസിൽ വീഡിയോ പ്രചരിപ്പിച്ച സംഭവം; മാർട്ടിനെതിരെ പൊലീസ് കേസ്
അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ തൃശൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
അതിജീവിതയെ അധിക്ഷേപിക്കുന്നതും പേര് പരാമർശിക്കുന്നതുമായ വീഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മാർട്ടിൻ്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചത്. ജാമ്യത്തിലായിരുന്ന സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നൽകിയത്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
