Connect with us

kerala

നടിയെ ആക്രമിച്ച കേസിൽ വീഡിയോ പ്രചരിപ്പിച്ച സംഭവം; മാർട്ടിനെതിരെ പൊലീസ് കേസ്

അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

Published

on

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ തൃശൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

അതിജീവിതയെ അധിക്ഷേപിക്കുന്നതും പേര് പരാമർശിക്കുന്നതുമായ വീഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

മാർട്ടിൻ്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചത്. ജാമ്യത്തിലായിരുന്ന സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നൽകിയത്.

kerala

നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ പിടിയില്‍

മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

Published

on

കാസര്‍കോട് നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാസര്‍കോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപത്തു നിന്ന് ഉച്ചയോടെ ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. വിവരം ലഭിച്ചതോടെ പൊലീസ് ഉടന്‍ നടത്തിയ നീക്കത്തിലാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

സംഘത്തെ കര്‍ണാടക പൊലീസ് കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് ഹാസനില്‍ വച്ച് പിടികൂടി. പ്രതികളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്താനാണ് നീക്കം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല സ്വര്‍ണപ്പാളി കേസ്; ഇഡി അപേക്ഷയില്‍ നാളെ വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക

Published

on

ശബരിമല സ്വര്‍ണപ്പാളി കേസുകളുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭ്യമാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയില്‍ നാളെ വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.

കേസിന്റെ എഫ്‌ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.

വിവരങ്ങള്‍ കൈമാറുന്നതില്‍ നിയമപരമായ തടസമില്ലെന്നും, എന്നാല്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം നടത്താവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മറ്റ് കുറ്റകൃത്യങ്ങളിലേക്കുള്ള അന്വേഷണം നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ അറിയിച്ചു.

സ്വര്‍ണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക സംബന്ധിച്ച അന്വേഷണത്തിനായാണ് രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്ന് ഇഡിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ ഐപിസി 467-ാം വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങള്‍ തേടുന്നതെന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ പറയുന്നു.

കേസിലെ നിര്‍ണായക നീക്കമായി കണക്കാക്കുന്ന അപേക്ഷയില്‍ നാളത്തെ വിധിയിലേക്ക് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്.

Continue Reading

kerala

‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്

തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Published

on

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്ന ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെയാണ് പ്രതിചേർത്തത്. പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്നായി രേഖപ്പെടുത്തിയതിനാൽ എഫ്‌.ഐ.ആറിലും അതുതന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന രീതിയിൽ, മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തുകയും മതസൗഹാർദം തകർക്കുകയും ചെയ്യുന്ന വിധത്തിലാണ് ഗാനം നിർമിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം പുറത്തിറക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനെ തുടർന്ന് സൈബർ ഓപ്പറേഷൻ വിങ്ങ് നടത്തിയ പരിശോധനയ്ക്കുശേഷമാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പാട്ട് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചിരുന്നു. ‘പാരഡി പാട്ടുകൾക്ക് സി.പി.എം എതിരല്ല. എന്നാൽ മതചിഹ്നങ്ങളുടെ ഉപയോഗം നിയമവിരുദ്ധമാണ്. ഹൈന്ദവ സംഘടനകൾ തന്നെ അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. തിരുവാഭരണപാത സംരക്ഷണ സമിതിയുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം രാജു എബ്രഹാം നിഷേധിച്ചു.

സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പാർട്ടി നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. അതേസമയം, വിവാദമായതോടെ കൂടുതൽ പേർ പാട്ട് കാണാൻ ഇടയായെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ് പാട്ട് വ്യാപക ചർച്ചയായത്.

Continue Reading

Trending