kerala

ജയിൽ കോഴക്കേസ്; ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്

By webdesk18

December 18, 2025

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളിയായ കൊടിസുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്ന് കോഴ വാങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നുൾപ്പെടെ പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമാണ് തടവുകാരുടെ ബന്ധുക്കളിൽനിന്ന് ഡിഐജി പണം വാങ്ങിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ഏകദേശം 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ട്. പൂജപ്പുര വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണം.

വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. പരോളിനായി കൈക്കൂലി വാങ്ങുന്നതായും ജയിലുകളിൽ തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതായും ഇന്റലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി കേസുകളടക്കം ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് വേഗത്തിൽ പരോൾ ലഭിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു പണം വാങ്ങിയതെന്ന് കണ്ടെത്തി.

തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിയ്യൂർ ജയിലിലെ തടവുകാർക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കാൻ വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി. സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ പണം വാങ്ങിയെന്ന വിവരവും അന്വേഷണ പരിധിയിലുണ്ട്.

ഡിഐജി വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. മുൻപ് കണ്ണൂർ ജയിൽ സൂപ്രണ്ടായിരിക്കെ സ്ഥിരമായി ജോലിയിൽ ഹാജരാകാത്തതിന് വിനോദ് കുമാർ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. ടിപി കേസിലെ പ്രതികൾക്ക് വിയ്യൂർ ജയിലിൽ അനധികൃത സൗകര്യങ്ങൾ നൽകിയെന്നാരോപിച്ചാണ് രണ്ടാമത്തെ സസ്പെൻഷൻ.

വകുപ്പതല അന്വേഷണങ്ങൾ ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജി പദവിയിലേക്ക് ഉയർത്തപ്പെട്ട വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചതായി ആരോപണമുണ്ട്. നിരവധി പരാതികൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥന് സംരക്ഷണം നൽകിയെന്ന വിമർശനങ്ങൾ ശക്തമാണ്. വിരമിക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജയിൽ ആസ്ഥാന ഡിഐജി വിജിലൻസ് കേസിൽ പ്രതിയായത്.