Connect with us

kerala

പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്

പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരേ സി.പി.എം പരാതി നൽകുന്നതിനെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്നും, ആ കോമഡിയിലേക്കാണ് ഇപ്പോൾ സി.പി.എം എത്തിയിരിക്കുന്നതെന്നും വിഷ്ണുനാഥ് വിമർശിച്ചു. ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയിരുന്നവർ, ഇന്ന് ഒരു പാട്ട് തങ്ങളെ പേടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് ദയനീയവും സഹതാപാർഹവുമാണെന്നും വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇതേ വിഷയത്തിൽ പരാതി നൽകുമെന്ന് അറിയിച്ചത്. പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു.

ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കിയതായും, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണമെന്നും, ഗാനം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.

kerala

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വാമനപുരത്തുവച്ചാണ് സംഭവം.

Published

on

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വാമനപുരത്തുവച്ചാണ് സംഭവം. വാമനപുരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് അപകടമുണ്ടായത്.

ഇന്നോവ ക്രിസ്റ്റ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടത്തിൽ മന്ത്രിയടക്കം വാഹനത്തിലുണ്ടായിരുന്ന ആര്ക്കും പരിക്കുകളില്ല.

Continue Reading

kerala

‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി

എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും..

Published

on

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ സിറ്റിങ് സീറ്റില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ചു. ‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ… പ്രിയപ്പെട്ടവന്റെ ഖബറിടത്തില്‍ എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും. അവന്‍ ഉണ്ടെങ്കില്‍ ഒരിക്കലും തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ വിടില്ലായിരുന്നു. ജയിച്ചിട്ടെ അവന്റെ അടുത്ത് പോകാന്‍ പറ്റും.’-എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എടയന്നൂരിലെ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍പിടിയിലായിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ്ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കാലത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. അതിനിടെ സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലകശില്‍പ്പക്കേസില്‍ പത്മകുമാറിന്റെ ജാമ്യഹര്‍ജി 22-ന് പരിഗണിക്കും. ഈ കേസില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിര്‍വാദം അറിയിക്കാന്‍ അന്വേഷണസംഘം സാവകാശം ചോദിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സമാന്തര അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടു മതി മറ്റൊരു അന്വേഷണം എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. ഇഡി അന്വേഷിച്ചാല്‍ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതും സര്‍ക്കാരിനു മുന്നിലെ ആശങ്കയാണ്.

 

 

Continue Reading

Trending