News
ദക്ഷിണാഫ്രിക്കയിൽ കൂട്ടവെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗിന് സമീപമുള്ള ബെക്കർസാദൽ ടൗൺഷിപ്പിലാണ് സംഭവം നടന്നത്.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിന് സമീപമുള്ള ബെക്കർസാദൽ ടൗൺഷിപ്പിലാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം, അജ്ഞാതനായ യുവാവ് തെരുവിലുണ്ടായിരുന്ന ആളുകൾക്ക് നേരെ നിരന്തരം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അനധികൃതമായി മദ്യം വിൽക്കുന്ന ഒരു കടക്ക് സമീപത്താണ് ആദ്യം ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ സ്വർണഖനികൾക്ക് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, നേരത്തെ സമാനമായ ഒരു കൂട്ടവെടിവെപ്പ് ഓസ്ട്രേലിയയിലും നടന്നിരുന്നു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷമായ ഹനൂക്കയുമായി ബന്ധപ്പെട്ട ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾക്ക് നേരെയാണ് രണ്ട് തോക്കുധാരികൾ വെടിയുതിർക്കിയത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ കീഴടക്കുകയും ചെയ്തു.
സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയായിരുന്നു അക്രമികൾ ആക്രമണം നടത്തിയത്. ആക്രമണത്തിനിടയിൽ ധൈര്യപൂർവം ഇടപെട്ട ഒരു വ്യക്തി അക്രമിയിലൊരാളുടെ തോക്ക് തട്ടിപ്പറിച്ച് അവനെ കീഴടക്കിയതോടെയാണ് കൂടുതൽ രക്തച്ചൊരിച്ചൽ ഒഴിവായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
kerala
മലയാളിയുടെ ശ്രീനിവാസന്‍ വിട; ഓര്‍മകളില്‍ ജീവിക്കുന്നൊരു കാലഘട്ടം
നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.
കൊച്ചി: മലയാളിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വിടപറഞ്ഞു. പകരക്കാരില്ലാത്ത സംഭാവനകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരനാണ് ഇനി തന്റെ സിനിമകളിലൂടെ മാത്രം ജീവിക്കുക. നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.
കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടരയോടെ അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഭാഗധേയം നിര്‍ണയിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്‍.
താലൂക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തി. ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹം നാല് മണിയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു. ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
1956ല്‍ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂള്‍ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡില്‍ സ്കൂളിലും കതിരൂര്‍ ഗവ. ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെനിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടി 1977ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.
ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന്‍ അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ *‘ആപ് കൈസേ ഹോ’*യാണ് അവസാന ചിത്രം. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയ്ക്കാണ് അദ്ദേഹം അവസാനമായി തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ ഒരു യുഗം അടയാളപ്പെടുത്തിയാണ് ശ്രീനിവാസന്റെ വിടവാങ്ങല്‍.
kerala
നിലമ്പൂര്‍ തേക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില; രണ്ട് കഷ്ണങ്ങള്‍ക്ക് 31.85 ലക്ഷം
ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.
മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ഇ-ലേലത്തില്‍ തേക്ക് തടികള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡ് വില. ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.
ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,43,000 രൂപ നിരക്കില്‍ 9,96,948 രൂപ ലഭിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതി ചേര്‍ത്തതോടെ ഒറ്റ കഷ്ണത്തിന്റെ വില 12,59,922 രൂപയായി.
സി ക്ലാസ് കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,21,000 രൂപ നിരക്കില്‍ 15,23,925 രൂപ ലഭിച്ചു. നികുതി ഉള്‍പ്പെടെ ഇതിന്റെ അന്തിമ വില 19,25,906 രൂപയായി. ഇതടക്കമാണ് വനംവകുപ്പിന് മൊത്തം 31,85,828 രൂപ ലഭിച്ചത്.
വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്കുതടിയാണ് മുറിച്ച് അരുവാക്കോട് ഡിപ്പോയില്‍ ലേലത്തിന് വച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ-ലേലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കി. വീട് നിര്‍മാണത്തിനായി സി കയറ്റുമതി ഇനത്തിലെ തേക്ക് തടിയാണ് തമിഴ്‌നാട് സ്വദേശി കൈവശമാക്കിയത്.
india
അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
മംഗളൂരു: അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകിയ റിസോർട്ട് ഉടമക്കെതിരെ ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ടു. ഇവരുടെ കയ്യിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
ബ്രഹ്മാവർ പൊലീസ് സബ്- ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഹനെഹള്ളി ഗ്രാമത്തിലെ കുറടി ശങ്കമ്മ തായ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റീപക് ദമായ് (28), സുനിത ദമായ് (27), ഊർമിള (19), കൈലാഷ് ദമായ് (18), കപിൽ ദമായ് (19), സുനിത ദമായ് (21), മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെ ഒമ്പത് പേരെ കണ്ടെത്തി. ഇവരെല്ലാം റിസോർട്ടിലെ അനധികൃത താമസക്കാരാണ്.
പൊലീസ് റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് പേരിൽ ആർക്കും ഇന്ത്യൻ പൗരത്വമില്ല. ജന്മദേശം തെളിയിക്കുന്ന രേഖകൾ നൽകാൻ അവർക്ക് കഴിഞ്ഞില്ല. ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, യാത്രാ രേഖകൾ, വിസകൾ എന്നിവയുൾപ്പെടെയുള്ള ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖയും വ്യക്തികളുടെ കൈവശം ഇല്ലായിരുന്നുവെന്നും ഇവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
