kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ്
കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരടങ്ങുന്ന അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചന.
പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരടങ്ങുന്ന അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചന.
രണ്ടുമണിക്കൂറിലേറെ നീണ്ട ക്രൂരമായ ആക്രമണത്തിനാണ് രാംനാരായണന് ഇരയായത്. ആക്രമണത്തിനിടെ ചില സ്ത്രീകളും മര്‍ദനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പുതുതായി അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സംഭവസമയത്ത് ചിത്രീകരിച്ച വീഡിയോകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേരില്‍ ചിലര്‍ നാടുവിട്ടതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവില്‍ പിടിയിലായ പ്രതികള്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നാലുപേര്‍ ബി.ജെ.പി അനുഭാവികളാണ്. ഒന്നാം പ്രതിയായ അനു, മൂന്നാം പ്രതിയായ മുരളി എന്നിവര്‍ 15 വര്‍ഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളി സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വിനോദിനെയും വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയില്‍ പരിഗണനയിലാണ്.
ഒന്നാം പ്രതി അനുവിനെതിരെ വാളയാര്‍, കസബ സ്റ്റേഷനുകളിലായി 15 അടിപിടി കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ രണ്ട് കേസുകളും, മൂന്നാം പ്രതി മുരളിക്കെതിരെ രണ്ട് കേസുകളും, നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും, അഞ്ചാം പ്രതി വിപിനെതിരെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാളയാര്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആള്‍ക്കൂട്ടക്കൊലപാതകമായാണ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വേര്‍തിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, രാംനാരായണന്റെ ശരീരത്തില്‍ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. പിന്നാമ്പുറം, നെഞ്ച്, കൈകാലുകള്‍, തലച്ചോര്‍ തുടങ്ങി ശരീരമാകെ ക്രൂര മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ്ണ അഭാവവുമാണെന്ന് ഡോ. ഹിതേഷ് ശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘കൂട്ടമര്‍ദ്ദനം നടത്തിയവരില്‍ ഒരാളെങ്കിലും ”ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍, ഇന്ന് ഒരു മനുഷ്യന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ആരും പാടില്ല. മൗനം പാലിക്കരുത്’ എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
kerala
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് അദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കോര്പറേഷന് അംഗങ്ങളുടെ സത്യപ്രതിജ്ഞ 11.30നാണ് നടക്കുക. കോര്‍പറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചടങ്ങുകളുടെ ചുമതല.
നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനമായിട്ടും അതേദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത അംഗത്തിന്റെ നേതൃത്വത്തില്‍ ആദ്യ യോഗവും ചേരും.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന് ശേഷമേ അവസരം ലഭിക്കൂ. മേയര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 26നാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്.
kerala
നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ
ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.
കുഞ്ഞുനാൾ മുതൽ തന്നെ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്ന് സൂര്യ പറഞ്ഞു. സിനിമയിൽ താൻ എത്തുന്നതിന് മുൻപേ അദ്ദേഹത്തിന്റെ സൃഷ്ടികൾ പിന്തുടർന്നിരുന്നുവെന്നും, കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്താണ് വിയോഗവാർത്ത അറിഞ്ഞതെന്നും സൂര്യ പറഞ്ഞു. ഈ വാർത്ത ഏറെ വേദനയുണ്ടാക്കിയതായും, നേരിട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന്റെ സംഭാവനകൾ, പഠിപ്പിച്ച കാര്യങ്ങൾ, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നൽകിയതെല്ലാം എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു,” സൂര്യ പറഞ്ഞു.
കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടന്നത്. എറണാകുളം ടൗൺഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരും അന്തിമോപചാരം അർപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
kerala
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ വൈകുന്നു
വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ നടപടികൾ വൈകുന്നു. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇന്നലെയാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിൽ എത്തിയത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സസ്പെൻഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ രണ്ട് ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശയോടെ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറുകയുമായിരുന്നു.
പരോൾ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും തടവുകാരുടെ പരോളിനുമായി കൈക്കൂലി വാങ്ങിയെന്ന പരാതികളും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.
ഗൂഗിൾ പേ വഴിയും നേരിട്ടുമായിരുന്നു പണമിടപാടുകൾ നടന്നതെന്നാണ് കണ്ടെത്തൽ. വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റായി പ്രവർത്തിച്ചതെന്നും പണം ഈ ഉദ്യോഗസ്ഥൻ വഴിയാണ് സ്വീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാംയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala2 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
