Connect with us

kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.

Published

on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് അദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കോര്‍പറേഷന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ 11.30നാണ് നടക്കുക. കോര്‍പറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചടങ്ങുകളുടെ ചുമതല.

നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനമായിട്ടും അതേദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത അംഗത്തിന്റെ നേതൃത്വത്തില്‍ ആദ്യ യോഗവും ചേരും.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന് ശേഷമേ അവസരം ലഭിക്കൂ. മേയര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 26നാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്.

 

 

 

kerala

നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ

ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.

Published

on

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ സാധിക്കാതിരുന്ന സൂര്യ ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി ആദരമർപ്പിച്ചു.

കുഞ്ഞുനാൾ മുതൽ തന്നെ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്ന് സൂര്യ പറഞ്ഞു. സിനിമയിൽ താൻ എത്തുന്നതിന് മുൻപേ അദ്ദേഹത്തിന്റെ സൃഷ്ടികൾ പിന്തുടർന്നിരുന്നുവെന്നും, കൊച്ചിയിൽ ഉണ്ടായിരുന്ന സമയത്താണ് വിയോഗവാർത്ത അറിഞ്ഞതെന്നും സൂര്യ പറഞ്ഞു. ഈ വാർത്ത ഏറെ വേദനയുണ്ടാക്കിയതായും, നേരിട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന്റെ സംഭാവനകൾ, പഠിപ്പിച്ച കാര്യങ്ങൾ, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നൽകിയതെല്ലാം എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു,” സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടന്നത്. എറണാകുളം ടൗൺഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരും അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 8.30ഓടെയാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Continue Reading

kerala

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ വൈകുന്നു

വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Published

on

തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ നടപടികൾ വൈകുന്നു. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇന്നലെയാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിൽ എത്തിയത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സസ്പെൻഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ രണ്ട് ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശയോടെ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറുകയുമായിരുന്നു.

പരോൾ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും തടവുകാരുടെ പരോളിനുമായി കൈക്കൂലി വാങ്ങിയെന്ന പരാതികളും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.

ഗൂഗിൾ പേ വഴിയും നേരിട്ടുമായിരുന്നു പണമിടപാടുകൾ നടന്നതെന്നാണ് കണ്ടെത്തൽ. വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റായി പ്രവർത്തിച്ചതെന്നും പണം ഈ ഉദ്യോഗസ്ഥൻ വഴിയാണ് സ്വീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാംയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്.

Continue Reading

kerala

ശ്രീനിവാസന് ഇന്ന് അന്തിമ യാത്ര

ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.

Published

on

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.

ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സാമൂഹിക–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ശ്രീനിവാസൻ അന്തരിച്ചത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.

1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി.

1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. കെ.ജി. ജോർജ് സംവിധാനം ചെയ്ത *‘മേള’*യിൽ അഭിനയിച്ച ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ തിരക്കഥാരചന ആരംഭിച്ചു.

1989-ൽ ‘വടക്കുനോക്കിയന്ത്രം’, 1998-ൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക–വിമർശക പ്രശംസ നേടി. ആദ്യകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ച ശ്രീനിവാസൻ സിനിമാനിർമാണ രംഗത്തും കഴിവ് തെളിയിച്ചു. മികച്ച കഥ, തിരക്കഥ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭയാണ് ശ്രീനിവാസൻ.

Continue Reading

Trending