Connect with us

Film

‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി

ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

Published

on

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.

സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.

 

Film

ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ

മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

Published

on

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.

ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.

Continue Reading

Film

 ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം; തീരാനഷ്ടമെന്ന് സഹപ്രവർത്തകർ

“എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.

Published

on

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. “എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, “എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി. നിങ്ങളെ മിസ് ചെയ്യും” എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.

കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. “വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഒരിക്കലും നാടകീയത കാണിക്കാത്ത കലാകാരനായിരുന്നു ശ്രീനിവാസൻ. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. സത്യസന്ധതയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിലകൽപ്പിച്ചിരുന്നത്. ആരെയും സുഖിപ്പിച്ച് സംസാരിക്കാൻ അദ്ദേഹത്തിനറിയില്ല. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്” എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.

Continue Reading

Film

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും ഒരു പ്രത്യേക ‘ശ്രീനിവാസന്‍ ടച്ച്’ ഉണ്ടായിരുന്നു

Published

on

സിനിമകളിലൂടെ വെറുതെ ചിരിപ്പിക്കുകയായിരുന്നില്ല ശ്രീനിവാസന്‍. ഓരോ ഡയലോഗിലൂടെയും പ്രേക്ഷകരെ ചിന്തിപ്പിക്കാനും സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും ഒരു പ്രത്യേക ‘ശ്രീനിവാസന്‍ ടച്ച്’ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പകരക്കാരനില്ലാത്ത കലാകാരന്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് ശ്രീനിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയായിരുന്നു.

അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ കുറിക്കൊള്ളുന്ന ഡയലോഗുകള്‍ ഇന്നും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള നാല് പതിറ്റാണ്ടുകളായി എഴുത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് ശ്രീനിവാസന്‍ സജീവ സാന്നിധ്യമായിരുന്നു.

ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൊതുങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം, തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞതോടെ വലിയ മാറ്റങ്ങളിലേക്ക് കടന്നു. പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനുമൊപ്പം ചേര്‍ന്നപ്പോഴെല്ലാം മലയാളിക്ക് ലഭിച്ചത് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ചിത്രങ്ങളായിരുന്നു. താന്‍ തിരക്കഥയെഴുതിയ സിനിമകളില്‍ അധികവും കോമഡി വേഷങ്ങളോ നെഗറ്റീവ് കഥാപാത്രങ്ങളോ തിരഞ്ഞെടുക്കുകയായിരുന്നു ശ്രീനിവാസന്‍.

സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ എന്ന പേര് സ്‌ക്രീനില്‍ തെളിയുന്ന ഉറപ്പുകളായി. അവ കേവലം തമാശപ്പടങ്ങള്‍ ആയിരുന്നില്ല; അക്കാലത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമൂഹിക സംഘര്‍ഷങ്ങളും സൂക്ഷ്മമായി വരച്ചിടുന്ന സിനിമകളായിരുന്നു.

വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങള്‍ ശ്രീനിവാസന്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ക്ലാസിക്കുകളായി മാറി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. സത്യനും പ്രിയനും ഒപ്പമൊരുക്കിയ സിനിമകളൊന്നും ഫാന്റസികളായിരുന്നില്ല; ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത യാഥാര്‍ഥ്യങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു അവ.

മലയാള സിനിമയുടെ സാമൂഹിക ബോധത്തെ തന്നെ സ്വാധീനിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമായിരിക്കും.

 

Continue Reading

Trending