india
ഉന്നാവോ കേസ്: അതിജീവിതയുടെ മാതാവിന് നേരെയുള്ള അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.
ന്യൂഡൽഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.
നീതിക്കായി ശബ്ദമുയർത്തിയതാണോ അവർ ചെയ്ത തെറ്റെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡകനു ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുന്നതും ഏത് തരത്തിലുള്ള നീതിയാണെന്നും രാഹുൽ ചോദിച്ചു.
“നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ചത്ത സമൂഹമായി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്; നിസ്സഹായതയും ഭയവും അനീതിയുമല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പെൺകുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
india
വസൈ കോട്ടയിൽ ചട്ടലംഘനം: ഷൂട്ടിങിനിടെ പുരാതന അടുപ്പ് കത്തിച്ചു, നിർമാണക്കമ്പനിക്കെതിരെ കേസ്
ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരംഭ് എന്റർടൈൻമെന്റിനെതിരെ നടപടി സ്വീകരിച്ചത്.
മുംബൈ: ഷൂട്ടിങിനിടെ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ വസൈ കോട്ടയ്ക്കകത്തെ പുരാതന അടുപ്പ് കത്തിച്ചതിന് നിർമാണക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരംഭ് എന്റർടൈൻമെന്റിനെതിരെ നടപടി സ്വീകരിച്ചത്.
ഡിസംബർ 18, 19 തീയതികളിൽ കോട്ടയ്ക്കകത്ത് ചിത്രീകരണം നടത്താൻ എല്ലാ വ്യവസ്ഥകളും പാലിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണക്കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഷൂട്ടിങിനിടെ പുരാതനമായ അടുപ്പ് നിർമാണക്കമ്പനിയിലെ ജീവനക്കാരൻ കത്തിച്ചതായി കണ്ടെത്തി. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആർകിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
1184-ൽ യാദവ രാജവംശമാണ് വസൈ കോട്ടയുടെ ആദ്യ നിർമ്മാണം നടത്തിയത്. പിന്നീട് അറബിക്കടലിൽ തങ്ങളുടെ മേൽക്കൈ സ്ഥാപിക്കുന്നതിനായി 17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കോട്ടയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചു. നിലവിൽ വസൈ കോട്ട ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.
india
അസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളിൽ നിരവധി വീടുകൾക്ക് തീയിടുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് തടയാനും പൊതുമുതൽ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.
രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അസം പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും പ്രദേശത്ത് എത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തി വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
india
രാജസ്ഥാനിലെ ജാലോർ ജില്ലയിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്
ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്തിൽ 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 26 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സാധാരണ കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് അനുമതി.
ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനാണ് അനുവാദം. വീടിനു പുറത്തേക്ക് സ്മാർട്ട്‌ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല.
സ്ത്രീകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിനെ തുടർന്ന് അവരുടെ കണ്ണുകൾക്ക് ദോഷമുണ്ടാകുമെന്ന ആശങ്കയാണ് വിലക്കിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. കൂടാതെ, കുടുംബങ്ങളിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും ഈ നിയന്ത്രണം സഹായിക്കുമെന്ന വിശ്വാസവും അവർ പങ്കുവെക്കുന്നു.
എന്നാൽ, സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സാങ്കേതിക വിദ്യയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News21 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര്‍ കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
