News
ദില്ലിയില്‍ കനത്ത പുകമഞ്ഞ്; ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി
യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ദില്ലി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ദില്ലി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത മലയാളി യാത്രക്കാരടക്കം പ്രതിസന്ധിയിലായി. ഇതിനു പിന്നാലെ യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.
ദില്ലിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ദില്ലി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.
kerala
പാരഡി പാട്ടിനെതിരായ നടപടി: മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശന്
കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മെറ്റയ്ക്ക് കത്ത് നല്കി. കോടതി നിര്‍ദേശമില്ലാതെ പാട്ട് നീക്കം ചെയ്തത് തെറ്റാണെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആവിഷ്കാര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, പാരഡി പാട്ടില്‍ കേസെടുത്തത് വിവാദമാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലും തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷം തന്നെ പാരഡി പാട്ടില്‍ കേസെടുത്ത നടപടി ശരിയല്ലെന്ന അഭിപ്രായം പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിത്തിരിപ്പിക്കാന്‍ പാരഡി കേസിന് കഴിയുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സിപിഎം നടത്തുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
പാരഡി ഗാനത്തില്‍ കേസെടുത്തത് പാരഡിയെക്കാള്‍ വലിയ തമാശയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.
kerala
സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു
ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി.
ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.
തിങ്കളാഴ്ച സ്വര്‍ണവില രണ്ടുതവണ ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായപ്പോള്‍ പവന് 98,800 രൂപയായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍ ചൊവ്വാഴ്ച ശക്തമായ ഇടിവുണ്ടായി. അന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞ് ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.
News
പാട്ടിനെയും പേടിക്കുന്നവര്‍
വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണ്.
ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷിപ്പിക്കുകയും ഫാസിസത്തിനെതിരെ വാചാലരാവുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍, ഭരണകൂട ഭീകരതയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന്റെ്റെ പേരില്‍ കലാകാരന്മാര്ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണ്. വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകള്‍ക്ക് വില ക്കേര്‍പ്പെടുത്തിയപ്പോഴും കലാകാരന്മാര് വേട്ടയാടപ്പെട്ടപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ആദര്‍ശ പ്രസംഗം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഇന്ന് പാരഡി പാട്ടുകള്‍ക്കെതിരെ പോലും കേസെടുത്ത് കലാകാരന്മാരെ വേട്ടയാടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഈ സര്‍ക്കാരും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?
ഒരു കലാസൃഷ്ടി പുറത്തുവരുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, അത് നിര്‍മ്മിച്ച വ്യക്തിയുടെ ജാതിയും മതവും തിരഞ്ഞുപോവുന്ന പൊലീസ് നടപടി അപകടകരമായ സൂചനയാണ് നല്‍കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസംഗവേദികളിലും പ്രചാരണ ജാഥകളിലും പാരഡി ഗാനങ്ങള്‍ പുതിയ കാര്യമല്ല. ഇതേ പാട്ടുതന്നെ സി.പി.എമ്മും ബി.ജെപിയും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, ഇപ്പോള്‍ ഒരു പാട്ടിന് മാത്രം കേസെടുക്കുന്നത് ശുദ്ധമായ വിവേചനമാണ്. അധികാരം കയ്യിലുള്ളപ്പോള്‍ എന്തിനെയും അടിച്ചമര്‍ത്താം എന്ന ധിക്കാരമാണ് ഇവിടെ പ്രകടമാകുന്നത്. പാര്‍ട്ടി വേദികളില്‍ മുഴങ്ങുന്ന പരിഹാസ ഗാനങ്ങള്‍ക്ക് നിയമ പരിരക്ഷയും എതിര് പാര്‍ട്ടിക്കാരുടെ ആവിഷ്കാരങ്ങള്‍ക്ക് പൊലീസിന്റെ വിലങ്ങും എന്ന നയം ജനാധിപത്യ വിരുദ്ധമാണ്. തങ്ങള്‍ക്ക് അനുകൂല മാകുമ്പോള്‍ വിപ്ലവകരമെന്നും പ്രതികൂലമാകുമ്പോള്‍ വര്‍ഗീയമെന്നും മുദ്രകുത്തുന്ന ഈ രീതി ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ്.
അയ്യപ്പന്റെ സ്വര്‍ണ്ണം തട്ടിയ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍, പാരഡി ഗാനത്തിന്റെ പേരില്‍ കലാകാരന്റെ ജാതിയും മതവും തിരയുന്നത് ദുരൂഹമാണ്. നിയമം എല്ലാവര്ക്കും ഒരുപോലെയാകണം. സി.പി.എമ്മിനും ബി.ജെ.പിക്കും അനുവദിക്കപ്പെട്ട അതേ സ്വാതന്ത്ര്യം മറ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നത് സാംസ്കാരിക കേരളത്തിന് നല്കുന്ന സന്ദേശം വളരെ മോശമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയങ്ങളും രാഷ്ട്രീയ തിരിച്ചടികളും സര്‍ക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം വൈരാഗ്യബുദ്ധിയോടെയുള്ള നീക്കങ്ങള്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ ഭരണകൂടം പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള്, പാരഡി ഗാനങ്ങളെ ഭയപ്പെടുന്നത് അപഹാസ്യമാണ്. ‘സ്വര്‍ണ്ണം കട്ടതാണോ പാരഡി പാടിയതാണോ വലിയ കുറ്റം?’ എന്ന ചോദ്യം ഇന്ന് ഓരോ കേരളീയനും ചോദിക്കുന്നുണ്ട്. ഒരു മതവികാരത്തെയും വ്രണപ്പെടുത്താതെ, രാഷ്ട്രീയ വിമര്‍ശനം മാത്രം ലക്ഷ്യം വെച്ചുള്ള കലാരൂപങ്ങളെ പോലും അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേര്‍ന്നതല്ല.
പാരഡി ഗാനത്തിന്റെറെ പേരില്‍ കേസെടുക്കുന്ന നടപടി പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ പരകോടിയാണ്. ചരിത്രത്തില്‍ ഈ നടപടി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി അടയാളപ്പെടുത്തപ്പെടും. ഈ ഇരട്ടനീതി അവസാനിപ്പിക്കാനും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴി മാറുമെന്നതില്‍ സംശയമില്ല. സാംസ്കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ഇതൊരു കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസിനെ അയക്കുന്ന രീതി ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ആവിഷ്കാര സ്വാതന്ത്യ്രത്തിന് മേലുള്ള ഈ കടന്നുകയറ്റം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കലയെയും കലാകാരനെയും ഭയപ്പെടുന്ന ഭരണകൂടം തകരുന്നത് സ്വന്തം അസഹിഷ്ണുതയുടെ ഭാരം കൊണ്ടായിരിക്കും. ഈ കേസ് പിന്‍വലിക്കാനും ജനാധിപത്യ മര്യാദകള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
