Connect with us

News

പാട്ടിനെയും പേടിക്കുന്നവര്‍

വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്.

Published

on

ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷിപ്പിക്കുകയും ഫാസിസത്തിനെതിരെ വാചാലരാവുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍, ഭരണകൂട ഭീകരതയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന്റെ്‌റെ പേരില്‍ കലാകാരന്മാര്‍ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്. വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകള്‍ക്ക് വില ക്കേര്‍പ്പെടുത്തിയപ്പോഴും കലാകാരന്മാര്‍ വേട്ടയാടപ്പെട്ടപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ആദര്‍ശ പ്രസംഗം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഇന്ന് പാരഡി പാട്ടുകള്‍ക്കെതിരെ പോലും കേസെടുത്ത് കലാകാരന്മാരെ വേട്ടയാടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഈ സര്‍ക്കാരും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ഒരു കലാസൃഷ്ടി പുറത്തുവരുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, അത് നിര്‍മ്മിച്ച വ്യക്തിയുടെ ജാതിയും മതവും തിരഞ്ഞുപോവുന്ന പൊലീസ് നടപടി അപകടകരമായ സൂചനയാണ് നല്‍കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസംഗവേദികളിലും പ്രചാരണ ജാഥകളിലും പാരഡി ഗാനങ്ങള്‍ പുതിയ കാര്യമല്ല. ഇതേ പാട്ടുതന്നെ സി.പി.എമ്മും ബി.ജെപിയും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, ഇപ്പോള്‍ ഒരു പാട്ടിന് മാത്രം കേസെടുക്കുന്നത് ശുദ്ധമായ വിവേചനമാണ്. അധികാരം കയ്യിലുള്ളപ്പോള്‍ എന്തിനെയും അടിച്ചമര്‍ത്താം എന്ന ധിക്കാരമാണ് ഇവിടെ പ്രകടമാകുന്നത്. പാര്‍ട്ടി വേദികളില്‍ മുഴങ്ങുന്ന പരിഹാസ ഗാനങ്ങള്‍ക്ക് നിയമ പരിരക്ഷയും എതിര്‍ പാര്‍ട്ടിക്കാരുടെ ആവിഷ്‌കാരങ്ങള്‍ക്ക് പൊലീസിന്റെ വിലങ്ങും എന്ന നയം ജനാധിപത്യ വിരുദ്ധമാണ്. തങ്ങള്‍ക്ക് അനുകൂല മാകുമ്പോള്‍ വിപ്ലവകരമെന്നും പ്രതികൂലമാകുമ്പോള്‍ വര്‍ഗീയമെന്നും മുദ്രകുത്തുന്ന ഈ രീതി ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ്.

അയ്യപ്പന്റെ സ്വര്‍ണ്ണം തട്ടിയ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍, പാരഡി ഗാനത്തിന്റെ പേരില്‍ കലാകാരന്റെ ജാതിയും മതവും തിരയുന്നത് ദുരൂഹമാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. സി.പി.എമ്മിനും ബി.ജെ.പിക്കും അനുവദിക്കപ്പെട്ട അതേ സ്വാതന്ത്ര്യം മറ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നത് സാംസ്‌കാരിക കേരളത്തിന് നല്‍കുന്ന സന്ദേശം വളരെ മോശമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് പരാജയങ്ങളും രാഷ്ട്രീയ തിരിച്ചടികളും സര്‍ക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം വൈരാഗ്യബുദ്ധിയോടെയുള്ള നീക്കങ്ങള്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ ഭരണകൂടം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, പാരഡി ഗാനങ്ങളെ ഭയപ്പെടുന്നത് അപഹാസ്യമാണ്. ‘സ്വര്‍ണ്ണം കട്ടതാണോ പാരഡി പാടിയതാണോ വലിയ കുറ്റം?’ എന്ന ചോദ്യം ഇന്ന് ഓരോ കേരളീയനും ചോദിക്കുന്നുണ്ട്. ഒരു മതവികാരത്തെയും വ്രണപ്പെടുത്താതെ, രാഷ്ട്രീയ വിമര്‍ശനം മാത്രം ലക്ഷ്യം വെച്ചുള്ള കലാരൂപങ്ങളെ പോലും അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേര്‍ന്നതല്ല.

പാരഡി ഗാനത്തിന്റെറെ പേരില്‍ കേസെടുക്കുന്ന നടപടി പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ പരകോടിയാണ്. ചരിത്രത്തില്‍ ഈ നടപടി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി അടയാളപ്പെടുത്തപ്പെടും. ഈ ഇരട്ടനീതി അവസാനിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴി മാറുമെന്നതില്‍ സംശയമില്ല. സാംസ്‌കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ഇതൊരു കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസിനെ അയക്കുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആവിഷ്‌കാര സ്വാതന്ത്യ്രത്തിന് മേലുള്ള ഈ കടന്നുകയറ്റം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കലയെയും കലാകാരനെയും ഭയപ്പെടുന്ന ഭരണകൂടം തകരുന്നത് സ്വന്തം അസഹിഷ്ണുതയുടെ ഭാരം കൊണ്ടായിരിക്കും. ഈ കേസ് പിന്‍വലിക്കാനും ജനാധിപത്യ മര്യാദകള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

kerala

സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു

ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.

Published

on

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി.

ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.

തിങ്കളാഴ്ച സ്വര്‍ണവില രണ്ടുതവണ ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായപ്പോള്‍ പവന് 98,800 രൂപയായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍ ചൊവ്വാഴ്ച ശക്തമായ ഇടിവുണ്ടായി. അന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞ് ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.

 

Continue Reading

india

ഓൺലൈൻ ചൂതാട്ട ആപ്പുകൾ വഴി കോടികൾ; യൂട്യൂബറുടെ ആഡംബര ജീവിതം പുറത്ത്, ഇഡി റെയ്ഡിൽ വിലയേറിയ കാറുകൾ പിടിച്ചെടുത്തു

ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

Published

on

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ട ആപ്പുകളും വഴി വൻതുക സമ്പാദിച്ച ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിയുടെ ആഡംബര ജീവിതം ഇഡി നടത്തിയ റെയ്ഡിൽ പുറത്ത് വന്നു. ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 എന്നിവയ്ക്കൊപ്പം ഫോർഡ് എൻഡവർ, മഹീന്ദ്ര താർ ഉൾപ്പെടെ നാല് ആഡംബര വാഹനങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ‘സ്‌കൈ എക്‌സ്‌ചേഞ്ച്’ എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകൾ പ്രോത്സാഹിപ്പിച്ച അനുരാഗ്, അതിലൂടെ ലഭിച്ച വൻതുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിച്ചുവെന്നും ഇഡി അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങി. ഇൻഫ്ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ക്ക് തടസ്സ സാധ്യത, വായു മലിനീകരണം രൂക്ഷം

ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

Published

on

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദൃശ്യപരിധി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കാറ്റഗറി മൂന്ന് അനുസരിച്ചാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. യാത്രയ്ക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. മൂടല്‍മഞ്ഞ് മൂലം ഡല്‍ഹിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ വൈകി. വായു മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ആദ്യ ദിവസം സംസ്ഥാനത്ത് 3,746 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി.

ഡല്‍ഹി അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 568 വാഹനങ്ങളെ ഇന്നലെ തന്നെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 61,912 വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതായും, നിയന്ത്രണ നടപടികള്‍ ഫലപ്രദമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

 

Continue Reading

Trending