editorial
അധികാരത്തര്‍ക്കത്തിലെ നാണക്കേട്
ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ തിരഞ്ഞെടുക്കാന്‍ ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്, രണ്ട് പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കത്തിലെ നാണക്കേടുള്ള പരാജയമാണ് അടയാളപ്പെടുത്തുന്നത്.
കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ (വി സി) നിയമനങ്ങളെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കം ഒടുവില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരെ തിരഞ്ഞെടുക്കാന്‍ ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്, രണ്ട് പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കത്തിലെ നാണക്കേടുള്ള പരാജയമാണ് അടയാളപ്പെടുത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കൈമോശം വന്ന വിവേകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ജനാധിപത്യ സംവിധാനത്തില്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഗവര്‍ണറും പരസ്പര ബഹുമാനത്തോടെയും ഭരണഘടനാപരമായ മര്യാദയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, കേരളത്തില്‍ നാം കണ്ടത് പരസ്പരം പടവെട്ടുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയുമാണ്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെക്കുറിച്ചോ വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളെക്കുറിച്ചോ ഉള്ള ആശങ്കകളേക്കാളുപരി രാഷ്ട്രീയമായ മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ധര്‍മ്മം സര്‍വകലാശാലാ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നയപരമായ തീരുമാനമെടുക്കാനും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനുമുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തങ്ങളുടെ അധികാരപരിധിയില്‍ ഉറച്ചുനിന്നുകൊണ്ട്, നിയമപരമായി പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തില്‍ സമവായത്തിന്റെ എല്ലാ സാധ്യതകളും അടച്ചുപൂട്ടി. സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ അതിന് തടയിടുന്നു. തല്‍ഫലമായി, സുപ്രധാനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം അനിശ്ചിതത്വത്തിലായി. രാഷ്ട്രീയപരമായ ചേരിതിരിവ് സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും ഭരണപരമായ കാര്യക്ഷ മതയെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.
വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്താന്‍ സാധ്യക്കാത്ത സാഹചര്യത്തിലാണ് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതിതന്നെ രംഗത്തെത്തിയത്. ജസ്റ്റിസുമാരായ ജെ.ബി പാര്‍ദിവാലയും കെ.വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള വിസിമാരുടെ പേരുകള്‍ അടങ്ങുന്ന ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറും മുഖ്യമന്ത്രിയും എഴുതിയ കത്തുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി. ഓരോ പേര് മുദ്രവെച്ച കവറില്‍ നല്‍കാനാണ് ജസ്റ്റിസ് ധൂലിയയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ഗണനാക്രമത്തിലുള്ള പട്ടിക മുദ്രവെച്ച കവറില്‍ അടുത്ത ബുധനാഴ്ച സുധാന്‍ഷു ധൂലിയ സുപ്രീംകോടതിക്ക് കൈമാറണം. അതിന്റെ അടിസ്ഥാനത്തില്‍ വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസതോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍ സലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ. എന്നാല്‍ സിസ തോമസിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാത്ത അവസ്ഥയില്‍, ഭരണപരമായ ഒരു വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് നേരിട്ട് ഇടപെടേണ്ടിവന്നത് ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഉന്നത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള വ്യക്തികളെ കണ്ടെത്താന്‍ സുപ്രീം കോടതിയെ ആശ്രയിക്കേണ്ടിവരുന്നത്, കേരളത്തിലെ ഭരണനേതൃത്വത്തിന്റെ വിവേകശൂന്യതയുടെ സാക്ഷ്യപത്രമാണ്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട രണ്ട് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് കോടതിക്ക് ആ വിടവ് നികത്തേണ്ടി വന്നത്.
ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും പാഠമായിരിക്കണം. വ്യക്തിഗത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും പൊതുതാല്‍പര്യവുമാണ് പ്രധാനം. ഇനിയെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയക്കളരിയുടെ അരങ്ങായി മാറ്റാതെ, അക്കാദമിക മികവിനും ഭരണപരമായ സുതാര്യതക്കും പ്രാധാന്യം നല്‍കി സുഗമമായി മുന്നോട്ട്‌പോകാന്‍ സര്‍ക്കാരും ഗവര്‍ണറും തയ്യാറാകണം. സുപ്രീംകോടതിക്ക് ഭരണപരമായ വിഷയങ്ങളില്‍ വീണ്ടും ഇടപെടേണ്ടി വരുന്നത്, ജനാധിപത്യത്തിന് ഏല്‍ക്കുന്ന തുടര്‍ച്ചയായ പ്രഹരമായിരിക്കും.
editorial
മുഖം വികൃതമായതിന് കണ്ണാടിയോടോ
പഠിച്ച പണി പതിനെട്ടുപയറ്റിയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപ ക്ഷവും ഒടുവില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പുറത്താണ്.
സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിയൊടിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠിച്ച പണി പതിനെട്ടുപയറ്റിയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപ ക്ഷവും ഒടുവില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പുറത്താണ്. പാര്‍ലമെന്റില്‍ കേരള വിരുദ്ധമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ക്ക് വല്ലാത്ത ആവേശമാണെന്നാണ് പിണറായി വിജയന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍.
സംസ്ഥാന സര്‍ക്കാറിന്റെ അതിദാരിദ്ര്യമുക്തപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളില്‍ വ്യക്തതവരുത്താന്‍വേണ്ടി കേരള എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ അന്തര്‍ധാര യുടെ തെളിവുകള്‍ പാര്‍ലമെന്റ്‌റിലൂടെ കൂടുതല്‍ പുറത്തു വരുമോയെന്ന ആശങ്കയാണ് ഈ ആരോപണത്തിന്റെ പിന്നിലെന്നത് സുവ്യക്തമാണ്. പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്‍കിയ വിശദീകരണം ചോദ്യകര്‍ത്താവ് ജോണ്‍ബ്രിട്ടാസ് എം.പിക്ക് സ്വയം കുഴിച്ച കുഴിയായിരുന്നെങ്കില്‍ സര്‍ക്കാറിനും സി.പി.എമ്മിനും അത് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു. പി.എം ശ്രീയ പദ്ധതി നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ലഭ്യമാകുമോ എന്ന ബ്രിട്ടാസിന്റെ ചേദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ ഉത്തരം ‘കേരളം പി.എം ശ്രിയില്‍ ഒപ്പു വെക്കാന്‍ സന്നദ്ധമായത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ രാഷ്ട്രീയകാരണങ്ങളാണ് ഇപ്പോള്‍ പിറകോട്ടുപോയതെന്നും ഇക്കാര്യത്തില്‍ എന്റെ സുഹൃത്ത് ബ്രിട്ടാസിന്റെ ശ്രമങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും’ ആയിരുന്നു.
മന്ത്രി സഭയിലെ സഹപ്രവര്‍ത്തകരോ, മുന്നണിയിലെ ഘടക കക്ഷികളോ പോലും അറിയാതെ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രിമാരും കേന്ദ്ര സര്‍ക്കാരും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെക്കൊണ്ട് പദ്ധതിയില്‍ ഒപ്പുവെപ്പിച്ചത്. എന്നാല്‍ ഇത് പുറത്താവുകയും മുന്നണിയില്‍നിന്ന്‌പോലും ഉയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ പതിവു ശൈലിയില്‍ യുടേണടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യവും കേന്ദ്രമന്ത്രിയുടെ മറുപ ടിയും ഇടിത്തീ പോലെ സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ പതിച്ചത്. ഈ ഘട്ടത്തിലാണ് പാര്‍ലമെന്റില്‍ കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടിക്കണ്ട് പിണറായി വിജയന്‍ ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.
അതിദാരിദ്ര്യമുക്തകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലുയരുന്ന ചോദ്യങ്ങളും അതിന് ലഭിക്കുന്ന മറുപടിയും പിണറായി സര്‍ക്കാറിന്‍നെ ഞ്ചിടിപ്പ് വര്‍ധിപ്പിക്കാന്‍ പര്യാപ്തംതന്നെയാണ്. പ്രസ്തുത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അത്രമേല്‍ തെറ്റിദ്ധാര ണാജനകമായ നീക്കമാണ് നടത്തിയിരിക്കുന്നത് എന്നതു തന്നെയാണ് അതിനുള്ള കാരണം. ഇലക്ഷന്‍സ്റ്റണ്ടായി തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചുനടത്തിയിട്ടുള്ള ഈ പ്രഖ്യാപനം അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഉത്തമബോധ്യം ഈ സര്‍ക്കാറിനുതന്നെയുണ്ടെന്നതാണ് വാസ്തവം. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത മാക്കിയെന്ന പ്രഖ്യാപനത്തില്‍ ഈ സര്‍ക്കാര്‍ പരിഗണിച്ചത് 64,000 ത്തോളം പേരെ മാത്രമാണ്. എന്നാല്‍ മഞ്ഞ റേഷന്‍ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്.
സര്‍ക്കാറിന്റെ തട്ടിപ്പുപ്രഖ്യാപനത്തിന്റെ പേരില്‍ അന്ത്യോദയം അന്നയോജന വി ഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കപ്പെടുമോയെ ന്ന ചോദ്യം, പിണറായി വിജയന് താല്‍പര്യമില്ലെങ്കിലും കേരളത്തിലെ അഞ്ചുലക്ഷത്തോളംവരുന്ന പാവപ്പെട്ടവരുടെ ആശങ്കയാണ്. അതു ചോദിക്കുന്നതിനെ കേരള വിരുദ്ധതയല്ല, ഈ സര്‍ക്കാറിന്റെ ജനവഞ്ചനയെ തുറന്നുകാണിക്കുകയാണെന്നത് മുഖ്യമന്തിക്കും കൂട്ടര്‍ക്കും ബോധ്യമാകില്ലെങ്കിലും ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് കൃത്യമായി മനസ്സിലാകും. പ്രഖ്യാപന പെരുമഴകളും വിവാദങ്ങളുമല്ല, ഭരണകൂടങ്ങളുടെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയമാണെന്നത് സര്‍വര്‍ക്കും ബോധ്യമുള്ളതാണ്.
വിലക്കയറ്റവും വിവിധ സേവനങ്ങള്‍ക്കുള്ള ക്രമാതീതമായ ഫീസ് വര്‍ധനയും ശബരിമലയും ആരോഗ്യ രംഗമുള്‍പ്പെടെയുള്ള സകല മേഖലകളുടെയും തകര്‍ച്ചയുമെല്ലാം ജനങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങളാണ്. ജനങ്ങള്‍ നിശ്ചയിച്ച അജണ്ടകള്‍ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഇത്തരം ഒളിയജണ്ടകളുമായി അവയെ പ്രതിരോധിക്കാമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്.
editorial
മറക്കരുതാത്ത ദുരിതകാലം
പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങിയതോടെ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണെങ്കില്‍ ജനങ്ങള്‍ക്ക് ഇത് വിലയിരുത്തലിന്റെയും തീരുമാനമെടുക്കലിന്റെയും ദിവസമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ വിധിയെഴുതുകയാണ്. പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങിയതോടെ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണെങ്കില്‍ ജനങ്ങള്‍ക്ക് ഇത് വിലയിരുത്തലിന്റെയും തീരുമാനമെടുക്കലിന്റെയും ദിവസമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ പ്രഥമവും പ്രധാനവുമായ ചര്‍ച്ചാവിഷയം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.
പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയുമെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംവിധാനങ്ങളുടെ അധികാര പരിധിയിലുള്ള ജനവിഭാഗങ്ങളെ സംബന്ധിച്ചടുത്തോളം അവര്‍ നേരിട്ടനുഭവിക്കുന്നതും അവരുടെ ദൈനംദിന ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വളരെ കൃത്യമായി തന്നെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയമാക്കപ്പെടുകയും ജനവിധിയില്‍ അത് കൃത്യമായി പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഫണ്ടിന്റെ അപര്യാപ്തത മുലമുണ്ടായ വികസനപ്രതിസന്ധിയാണ്.
ചരിത്രത്തിലില്ലാത്ത വിധം ബജറ്റ് വിഹിതം വെട്ടിക്കുറച്ചതാണ് തദ്ദേശ സ്ഥാപനങ്ങളെ ഇക്കാലമത്രയുമില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടത്. സംസ്ഥാന ബജറ്റില്‍ ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കുമുള്ള പദ്ധതി വിഹിതം നീക്കി വെക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതാണ് കേരളത്തിലെ പ്രാദേശിക സര്‍ക്കാറുകളുടെ കരുത്ത്. സം സ്ഥാന ബജറ്റിന്റെ്‌റെ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക എന്നുള്ളതായിരുന്നു 1994 ല്‍ നിയമം നടപ്പാക്കുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കേണ്ട തുകയില്‍ ഗണ്യമായ കുറവാണ് ഇടതു സര്‍ക്കാര്‍ വരുത്തിയത്. 2016 മുതല്‍ 2024 വരെയുള്ള കാലയളവിലെ സംസ്ഥാന ബജറ്റിന്റെ മൊത്തം കണക്ക് പരിശോധിച്ചാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 46,252.87 കോടി രൂപയാണ്.
സംസ്ഥാന ബജറ്റിന്റെ 17.94 ശതമാനം മാത്രമാണിത്. ഇത് കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനത്തെ എത്രമാത്രം അപകടത്തിലാക്കി എന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് വേണ്ടി സ്വതന്ത്ര ഏജന്‍സി വിവിധ സംസ്ഥാനങ്ങളിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് നടത്തിയ പഠനം. ഈ റിപ്പോര്‍ട്ടിലെ സൂചികയില്‍ പല മേഖലകളിലും കേരളം പിറകിലാണ്. കര്‍ണാടകയെയാണ് മികച്ച പ്രകടനം നടത്തിയ സംസ്ഥാനമായി കണ്ടെത്തിയത്. കാര്യശേഷി വികസനത്തില്‍ തെലുങ്കാന ഒന്നാമതെത്തിയപ്പോള്‍ കേരളത്തിന്റെ സ്ഥാനം 12 ആണ്. ധന വികേന്ദ്രീകരണം, ഉദ്യോഗസ്ഥ പുനര്‍വിന്യാസം, അധികാര കൈമാറ്റം എന്നിവയിലും കേരളം പിന്നിലായി.പഞ്ചായത്തീ രാജ് സംവിധാനത്തെ കൊന്നുകൊലവിളി ച്ചതിന് പുറമെ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധവും ഈതിരഞ്ഞെടുപ്പില്‍ അലയടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം തന്നെ ഭരണ പരാജയത്തിന്റെ സമ്മതപത്രമാണ്. ആരോഗ്യമേഖല വെന്റിലേറ്ററിലായപ്പോള്‍ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞുകിടക്കുകയാണ്. അവശ്യ സാധനങ്ങളുടെ വില ഞെട്ടറ്റിപട്ടംപോലെ ഒരു നിയന്ത്രണവുമില്ലാതെ പാറിപ്പറക്കുമ്പോള്‍ ക്രമസമാധാന രംഗം തകര്‍ന്നുതരിപ്പണമായിക്കി ടക്കുന്നു. ഈ സര്‍ക്കാറിന്റെ അധപ്പതനത്തിന്റെ ആഴംവിളിച്ചറിയിക്കുന്ന സംഭവമാണ് ശബരിമലയിലെ സ്വര്‍ണമോഷണം. നേതാക്കള്‍ ഒന്നൊന്നായി അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മുന്‍മന്ത്രിമാരി ലേക്കും നിലവിലുള്ള മന്ത്രിമാരിലേക്കും മാത്രമല്ല, സാക്ഷാല്‍ മുഖ്യമന്ത്രിയുടെ നേര്‍ക്കുപോലും സംശയത്തിന്റെ നിഴല്‍നീളുന്ന തരത്തിലാണ് പ്രതികളുടെ മൊഴികള്‍. ‘വേലിതന്നെ വിള തിന്നുന്ന കേസ്’ എന്ന് ഹൈക്കോടതിയുടെ പരാമര്‍ശം മാത്രംമത്രി ശബരിമലസ്വര്‍ണക്കൊള്ളയിലെ പിണറായി സര്‍ക്കാറിന്റെ പങ്ക് വ്യക്തമാകാന്‍. അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവുമെല്ലാം മുഖമുദ്രയാക്കിയ സര്‍ക്കാറിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍പോലും കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് പ്രഖ്യാപനം പെരുമഴയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ കാപട്യം ജനംതിരിച്ചറിഞ്ഞതിന്റെ വ്യക്തമായ തെളിവാണ് പ്രചരണ രംഗത്ത് യു.ഡി.എഫിനുണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റം.
editorial
മുന്നാ ഭായ് ഫ്രം സി.പി.എം
എന്നാല്‍ ഏറ്റവും മികച്ച പാലം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും കേരളത്തിലെ പിണറായി സര്‍ക്കാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാ സാമാജികനുമായ ജോണ്‍ ബ്രിട്ടാസാണെന്നാണ് ഇപ്പോള്‍ പറയുന്നത്.
പാലങ്ങളില്‍ നല്ലൊരു പാലം ചാലക്കുടി പാലം… പാലം പാലം നല്ല നടപ്പാലം…. എന്നൊക്കെ മലയാളികള്‍ പാടി നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അപ്പോഴും ഏറ്റവും നല്ല പാലം ഏതെന്ന ചോദ്യം പിന്നെയും അവശേഷിക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച പാലം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും കേരളത്തിലെ പിണറായി സര്‍ക്കാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാ സാമാജികനുമായ ജോണ്‍ ബ്രിട്ടാസാണെന്നാണ് ഇപ്പോള്‍ പറയുന്നത്. മറ്റൊന്നുമല്ല കേരളത്തെ സംഘ്പരിവാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിലേക്ക് കൂട്ടിക്കെട്ടിയതിന് പിന്നില്‍ പാലമായി പ്രവര്‍ത്തിച്ചത് ബ്രിട്ടുവായിരുന്നുവത്രേ!.
ഉണ്ടോ ഉണ്ടോ എന്നൊക്കെ കേരളത്തിലെ മത സംഘടനകളുടെ വേദിയില്‍ ആര്‍ത്തലച്ചയാള്‍ അവിടെ പോയി ബി.ജെ.പിക്കൊപ്പം ഉണ്ണുന്ന കാഴ്ച കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. സിനിമയിലെ മുന്നയൊക്കെ എന്ത്. യഥാര്‍ത്ഥ മുന്നയായിരുന്നു ഇവിടെ എല്ലാവരേയും ധാര്‍മികത പഠിപ്പിച്ചിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഫാസിസത്തിനെതിരെ കേരള വേദികളില്‍ ഉറഞ്ഞ് തുള്ളുകയും ഡല്‍ഹിയിലെത്തിയാല്‍ ഫാസിസ്റ്റുകളുമായി പാലം പണിയുകയുമായിരുന്നുടിയാനെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇത് വെറുതെ അങ്ങ് സമര്‍പ്പിച്ച തൊന്നുമല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ നല്ല ഭംഗിക്ക് ഇദ്ദേഹത്തിന്റെ റോള്‍ മാലോകര്‍ മുഴുവന്‍ കേള്‍ക്കാന്‍ വിളിച്ചു പറഞ്ഞു. ബ്രിട്ടാസ് വെറുമൊരു എം.പിയല്ല.
സി.പി.എമ്മിന്റെ ചാനലായ കൈരളിയുടെ എം.ഡിയും സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമൊക്കെയാണ്. പാര്‍ട്ടിയില്‍ കൂറ്റനാട് നിന്നും എറണാകുളത്തേക്ക് കെറെയില്‍ വഴി അപ്പം വില്‍ക്കാമെന്ന സിദ്ധാന്തക്കാരനായ ഗോവിന്ദന്‍ കഴിഞ്ഞാല്‍ സി.പി.എമ്മുകാരുടെയും പിണറായിക്കു വേണ്ടി ഹായ് ഹോയ് വിളിക്കുന്ന അഭിനവ പി.ആര്‍ ഏജന്റുമാരുടെ ബുദ്ധിജീവികൂടിയാണ്. പക്ഷേ ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലോടെ ഒറ്റയടിക്കാണ് കെട്ടിപ്പൊക്കിയ ദന്തഗോപുരത്തില്‍ നിന്നും മൂക്കും കുത്തി താഴെ വീണത്. പാര്‍ട്ടിയിലും മുന്നണിയിലും മന്ത്രിസ്ഭയിലും ചര്‍ച്ച ചെയ്യാതെ രഹസ്യമായുള്ള പി.എം ശ്രീ പദ്ധതിയിലെ ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താല്‍ പര്യപ്രകാരമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കേരളം പി.എം ശ്രീ കരാറില്‍ ഒപ്പിട്ട ഘട്ടത്തില്‍ തന്നെ മന്ത്രി പ്രധാന്‍ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയത്തിനെതിരെയും അതു സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. അതേ നയത്തിനു സംസ്ഥാനത്തേക്കു വാതില്‍ തുറന്നുകൊടുക്കുന്ന പദ്ധതിയായ പി.എം ശ്രീക്കു വഴിവെ ട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്. സ്ഥിരം സി.പി.എം തന്ത്രം തന്നെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്. ഇതേ തന്ത്രം തന്നെയാണ് പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്. കേരളം രഹസ്യമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷവും പി. എം ശ്രീയെയും എന്‍.ഇ.പിയെയും ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും സ്വീകരിച്ചത്. എന്നാല്‍, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോള്‍ പാര്‍ട്ടി നിലപാടിന്റെയൊക്കെ വിശ്വാസ്യത കീറച്ചാക്കാണെന്ന് ഉറപ്പായി.
ഒക്ടോബര്‍ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമാ യും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബര്‍ 23നു ഡല്‍ഹിയില്‍ ഒപ്പിട്ടു. സിപിഎം-ബിജെപി, നരേന്ദ്ര മോദി-പിണറായി വിജയന്‍ രഹസ്യ സഖ്യങ്ങളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കേരള സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഡിലുകള്‍ കുറച്ചുനാളായി നാം കാണുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമൊക്കെ കൂട്ടിവായിച്ച് പി.എം ശ്രീയിലും ലേബര്‍ കോഡിലുമെല്ലാം ഒത്തുകളിയാണെന്ന് നേരത്തെ തന്നെ തലക്കകത്ത് ആള്‍താമസമുള്ളവര്‍ക്കൊക്കെ മനസിലായതാണ്. മലയാള നാടിന് വേണ്ടി ആര്‍.എസ്.എസിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പിടുന്ന പണി ഒരു വഴിക്കും മറ്റുള്ളവരെ ഉപദേശിക്കുന്ന പണി മറ്റൊരു വഴിക്കും നടത്തുന്ന ബ്രിട്ടാസ് ഇനി ഇത് അവസാനിപ്പിക്കണം.
ആര്‍.എസ്.എസും സംഘ്പരിവാറും എഴുതി നല്‍കിയ വാറോലകള്‍ ഒപ്പിട്ട് കേരളത്തിലെ ക്യാമ്പസുകളെ കാവിവത്കരിക്കാന്‍ ബ്രിട്ടാസിനെ ഏല്‍പിച്ച യൂദാസാരാണെന്ന് ഇനി അറിയേണ്ടത്. രഹസ്യ ചര്‍ച്ചകളും സംഘപരിവാര്‍ വിധേയത്വവുമൊന്നും സി.പി.എ മ്മിന് പുത്തരിയല്ല. മുഖ്യമന്ത്രി തന്നെ ശ്രീ എമ്മുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന് ആവശ്യമായതെല്ലാം നല്‍കിയ ആളാണ്. ബ്രിട്ടാസ് പാലമായെന്ന് സ്വയം സമ്മതിച്ചതിന് പിന്നാലെ പിന്തുണയുമായി മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും എത്തിയതോടെ ഇത് പരസ്യമായ രഹസ്യമായിരുന്നുവെന്ന് ഉറപ്പായി. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിര്‍വഹിച്ചതെന്നാണ് നേരത്തെ തന്നെ എയറിലായയേ റഹിമിക്ക പറയുന്നത്. കേരളത്തെ സംഘ്പരിവാര്‍ ആലയില്‍ കൊണ്ട് കെട്ടുന്നതാണോ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്നൊന്നും ചോദിക്കരുത്.
തിരഞ്ഞെടുപ്പ് വേളയില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സര്‍വ സാധാരണമാണ്. മുഖ്യന് ഇ.ഡി പ്രേമ ലേഖനം പോലെ ഓരോ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് കഴിയുവോളം ഇ.ഡി വേ ട്ടയെന്ന് മുഖ്യനും സംഘവും ആരോപിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ.ഡി പൊടിയും തട്ടി സ്ഥലം വിടും. ഇതൊക്കെ കണ്ടും കേട്ടും മടുത്ത മലയാളിക്ക് ബ്രിട്ടാസിന്റെ പാലമൊന്നും പുതുമയേ അല്ല. ജോണ്‍ ബ്രിട്ടാസ് പാലം ആകുന്നതിന് മുന്‍പ് നിതിന്‍ ഗഡ്കരിയാണ് മുഖ്യമന്ത്രിയും ബിജെ പിയും തമ്മിലുള്ള പാലം ആയത്. അമിത് ഷാ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ഡീലിന്റെ കാര്യത്തില്‍ മുഖ്യന്റെ ശിഷ്യന്‍ മാത്രമേ ബ്രിട്ടാസിന് ആവാന്‍ കഴിയൂ.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports14 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
