Connect with us

editorial

എസ്.ഐ.ആറിലെ കുറ്റസമ്മതം

പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും

Published

on

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിവെക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റസമ്മതമാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും. നേരത്തെ ഡിസംബര്‍ നാലിന് മുമ്പ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാണ് ബി.എല്‍.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഡിസംബര്‍ ഒമ്പതിന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കില്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 16 ലേക്കും ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന എസ്.ഐ.ആര്‍ അടിസ്ഥാനത്തിലുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 14 ലേക്കും നീട്ടിയിട്ടുണ്ട്.

പേരിനുമാത്രമുള്ള ഈ ഒരു തീരുമാനത്തിലേക്ക്‌പോലും കമ്മീഷന് എത്തിച്ചേരാന്‍ ശക്തമായ ജനകീയ വികാരവും 30 മനുഷ്യജീവനുകളുടെ വിലയും വേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം. എസ്.ഐ.ആറിനെതിരെ കര്‍ശനമായ നിലപാടെടുത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് കമ്മിഷന്‍ മുന്നോട്ടു നീങ്ങിയത്. ഒരു കാരണവശാലും പിന്നോട്ടില്ലെന്നറിയച്ച അവര്‍, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തില്‍ പദ്ധതി നടപ്പാക്കുന്നത് നീട്ടിവെക്കാനെങ്കിലും തയാറാകാണമെന്ന നിര്‍ദ്ദേശംപോലും മുഖവിലക്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കേണ്ട ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരും സര്‍വോപരി സാധാരണ ജനങ്ങളും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു അഞ്ചു തവണകളിലായിനടന്ന സര്‍വകക്ഷിയോഗങ്ങളിലും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവെച്ചത്. എന്നാല്‍ എന്യൂമറേഷനും ഡിജിറ്റലൈസേഷനുമെല്ലാം രേഖാമൂലം അനുവദിച്ച ഡിസംബര്‍ നാലിന് പകരം നവംബര്‍ 26 നു മുമ്പ് തന്നെ പൂര്‍ത്തീകരിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന ഒമ്പതിലേക്ക് നിജപ്പെടുത്തിയുമായിരുന്നു കമ്മീഷന്റെ പ്രതികാരം.

രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചിപ്പിച്ചതുപോലെ തന്നെ, തിരക്കുപിടിച്ചുള്ള സമയക്രമങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ മനുഷ്യസാധ്യമല്ലാതാക്കിമാറ്റുകയും കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം സമ്മര്‍ദ്ദം താങ്ങാനാവാ തെ ബി.എല്‍.ഒമാര്‍ വ്യാപകമായി ജീവിതം അവസാനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും ഒരിക്കലും പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബോധ്യമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സുംബാഡാന്‍സും മാനസികോ ല്ലാസ പരിപാടികളുമെല്ലാം ഏര്‍പ്പെടുത്തി പരിഹാസ്യമാ യ സമീപനമായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നത്.എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം മാറ്റംവരുത്തിയ കമ്മീഷന്റെ സമീപനംപോലും സോദ്ദേശപരമല്ലെന്നത് സുവ്യക്തമാണ്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കാനുള്ള ചെപ്പടി വിദ്യമാത്രമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. എസ്.ഐ.ആര്‍ തന്നെയായിരിക്കും ഈ സെഷനിലും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിശേഷിച്ചും. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാവശ്യധൃതി, പിടിവാശി, ബി.എല്‍.ഒമാരുടെ ജീവന്‍ പോലും കുരുതികൊടുക്കുന്ന തരത്തിലുള്ള അമിത സമ്മര്‍ദ്ദം, തിരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നിവയെല്ലാം ഉയര്‍ത്തിയാവും പ്രതിപക്ഷം സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതി രെ ആഞ്ഞടിക്കുക.

എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രത്യേ ക ചര്‍ച്ച വേണമെന്ന് സഭാസമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് കൂട്ടുനിന്ന് നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി അനാവശ്യ തിടുക്കത്തോടെയുള്ള ഈ നീക്കം രാഷ്ട്രീയമായും നിയമപരമായും മാത്രമല്ല ജനകീയമായും തിരഞ്ഞെടുപ്പ് കമ്മീഷന് കനത്ത പ്രതിരോധത്തി ലാക്കിയിരിക്കുകയാണ്. എസ്.ഐ. ആറിന്റെ തിയ്യതി നീട്ടേണ്ടിവന്നത് ഇതിന്റെ ആദ്യ പടിയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ പോരാട്ടവും നീതിപീഠത്തിന്റെ ഇടപെടലും തെറ്റായ സമീപനങ്ങള്‍ക്കുള്ള കടുത്ത താക്കീതായിത്തീരുക തന്നെ ചെയ്യും.

 

editorial

ആരുടെ ഏജന്റ്

കേന്ദ്രത്തിന് ആവശ്യമായതെല്ലാം രഹസ്യമായി ചെയ്തു കൊടുക്കുന്ന മറ്റൊരാളുണ്ട്. അത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ്

Published

on

കേരളത്തില്‍ ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റേയും ഏജന്റ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണെന്നാണ് പൊതുവെ ആളുകളുടെ ധാരണ. എന്നാല്‍ ആര്‍ലേക്കറെക്കാളും കേന്ദ്രത്തിന് ആവശ്യമായതെല്ലാം രഹസ്യമായി ചെയ്തു കൊടുക്കുന്ന മറ്റൊരാളുണ്ട്. അത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ്. അതിപ്പോള്‍ വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനുള്ള പി.എം ശ്രീ ആണെങ്കിലും തൊഴിലാളികളെ അടിമകളാക്കാനുള്ള ലേബര്‍ കോഡാണെങ്കിലും ഇരു ചെവിയറിയാതെ കേന്ദ്രത്തിന് വേണ്ടി പണിയെടുക്കുകയും പിന്നീട് ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന രീതിയില്‍ നാടകം കളിക്കുകയുമാണ് ടിയാന്റെ സ്ഥിരം പല്ലവി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോണോളജി നോക്കിയാല്‍ എല്ലാം പിടികിട്ടും. പക്ഷേ ഒന്നുണ്ട് വടകരയില്‍ തോറ്റ സി.പി.എമ്മിന്റെ ഏറ്റവും വലിയ പി.ആര്‍ബിംബത്തിന് ശേ ഷം പിണറായി കഴിഞ്ഞാല്‍ നന്നായി പി.ആര്‍ വര്‍ക്ക് നടക്കുന്ന വകുപ്പ് വിദ്യാഭ്യാസ വകുപ്പാണ്. സ്‌കൂള്‍ കുട്ടികളുടെ യൂണിഫോം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. കുട്ടികളുടെ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക പിണറായി വന്നതില്‍ പിന്നെ പിള്ളാര്‍ കണ്ടിട്ടില്ല. ഒരുമാതിരിപ്പെട്ട എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കു മേലെയും കോടാലിവെച്ചു. എന്നിട്ടും പി.ആര്‍ ഏജന്‍സികളെ വെച്ച് മാമന്‍ വിളിയുമായി നല്ല പിള്ള ചമയാന്‍ മന്ത്രിക്ക് അപാര സിദ്ധിയാണ്. ഈയിടെയായി മറ്റുള്ളവര്‍ക്ക് ധാര്‍മികതയുടെ സ്റ്റഡിക്ലാസും മന്ത്രിവകയുണ്ട്. എന്തിനേറെ പറയുന്നു നിയമസഭയില്‍ സംഹാര താണ്ഡവമാടി ശിവന്‍കുട്ടി താണ്ഡവം എന്നൊരു കല തന്നെ സൃഷ്ടിച്ച മന്ത്രി അടുത്തിടെ പ്രതിപക്ഷ എം.എല്‍.എമാരോട് സഭയില്‍ പെരുമാറേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ക്ലാസെടുക്കുന്നത് വരെ കണ്ടിരുന്നു.

ലേബര്‍ കോഡിനെതിരെ വലിയ പ്രതിഷേധം രാജ്യത്തുടനീളം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 2021 ഡിസംബര്‍ 14ന് കേരളം കേന്ദ്ര ലേബര്‍ കോഡിനായി കരട് ചട്ടം രൂപീകരിച്ചു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. അഞ്ച് അധ്യായങ്ങളും നിരവധി ഖണ്ഡികകളുംമുള്ള വലിയൊരു കരട് ആണ് തയ്യാറാക്കിയിരിക്കുന്നത് അതെക്കുറിച്ച് തൊഴില്‍ മന്ത്രി കൂടിയായ ശിവന്‍കുട്ടി തന്നെയാണ് പറയുന്നത് ഇത് ഉദ്യോഗ സ്ഥലത്തില്‍ ഉണ്ടായ ചില നീക്കങ്ങള്‍ മാത്രമാണ് അത് വിജ്ഞാപനം ഒന്നും വന്നിട്ടില്ല എന്നൊക്കെ. പക്ഷേ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ഒറ്റക്കൊരുതീരുമാനത്തില്‍ എത്താനും വിശദമായ ചര്‍ച്ച നടത്താനും അതനുസരിച്ച് കരട് ചട്ടം നിര്‍മിക്കാനുമാവുക. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലേബര്‍ കോഡ് ആ തൊഴില്‍ നയങ്ങള്‍ വ്യവസായ വല്‍ക്കരണം വ്യവസായ വികസനം എന്നിവക്ക് വേണ്ടി കുറച്ചുകൂടി എളുപ്പത്തിലുള്ള വഴികള്‍ തുറക്കുക എന്ന ഉദ്ദേശത്തെ മുന്‍നിര്‍ത്തികൊണ്ടാണ് നിയമങ്ങള്‍ മാറ്റുന്നത് അത് തൊഴിലാളി സൗഹൃദമാണ് തൊഴില്‍ സൗഹൃദമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു എന്നാല്‍ അടിസ്ഥാനപരമായി കോര്‍പ്പറേറ്റുകളെയും വന്‍കിട കമ്പനികളേയും നിക്ഷേപകരേയും സഹായിക്കുക എന്നതാണ് ഇതിന്റെ അത്യന്തികമായ ലക്ഷ്യം.

ജനകീയമായ പല എതിര്‍പ്പുകളെയും മറികടന്നിട്ടായാലും വികസനമെന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും കവര്‍ന്ന സര്‍ക്കാറാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ലേബര്‍ കോഡില്‍ കേരളം അനുകൂല നിലപാടെടുത്താലും ആര്‍ക്കും അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കാന്‍ സമ്മതിച്ചിട്ട് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്ന് അദ്ദേഹം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം അവിടെ ഇരിക്കാന്‍ അര്‍ഹനല്ല എന്നുള്ളതാണ്. നേരത്തെ പി.എം ശ്രീയുടെ കാര്യത്തിലും ഇതേ അഴകൊഴമ്പന്‍ നിലപാടാണ് മന്ത്രിയും സര്‍ക്കാറും സ്വീകരിച്ചിരുന്നത്. ഇപ്പോഴും പി.എം ശ്രീയില്‍ നിന്നും സാങ്കേതികമായി സര്‍ക്കാര്‍ പിന്‍മാറിയിട്ടും ഇല്ല. ഇതിനേക്കാള്‍ മാരകമായ പിഎം ശ്രീയുടെ കാര്യത്തില്‍ കേരളം എംഒയു ഒപ്പുവെച്ചിട്ടുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നിലവില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത വെറും സര്‍ക്കാറിന്റെ ഏറാന്‍മുളികളായ എസ്എഫ്‌ഐയടക്കം പ്രതിഷേധം നയിക്കുമ്പോള്‍ അതേ സമയത്താണ് ഒപ്പുവെച്ചത്.

സ്വന്തം താല്പര്യങ്ങളെ സ്വന്തം പാര്‍ട്ടിയുടെ മുന്നണിയുടെ താല്പര്യങ്ങളെ സംരക്ഷി ക്കാന്‍ അതിന്റെ സംരക്ഷകനായി ഇരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആരെയാ ഇവര്‍ സംരക്ഷിക്കുന്നത്. കേന്ദ്ര താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ നിലകൊള്ളുന്നതെന്നത് നിസ്സംശയം പറയാം. ഉദ്യോഗസ്ഥര്‍ ചെയ്തത് എന്ന് പറഞ്ഞു തടി തപ്പുകയാണ് മന്ത്രി സ്ഥിരം ചെയ്യുന്നത്. വി മര്‍ശനം വരുമ്പോള്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഇടതുപക്ഷ പാരമ്പര്യം നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണെന്നൊക്കെയാണ് ഇതിന് മറുപടി വരുക. പാലത്തായിയിലെ പീഡന വീരനെ സംരക്ഷിക്കാനായി വര്‍ഗീയത കേറ്റി തരാതരം പറയുന്ന സി.പി.എം തന്നെയാണ് ഇവിടെ ഭരിക്കുന്നതെന്നത് മറക്കരുത്. ഉദ്യോഗസ്ഥരാണെങ്കിലും ഈ സര്‍ക്കാറിനു കീഴിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്ര പദ്ധതികള്‍ ആവേശപൂര്‍വം ആദ്യം നടപ്പിലാക്കി കാണിക്കുന്ന സ്ഥിരം പരിപാടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഓര്‍ക്കുക സവര്‍ണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ഇതേ സര്‍ക്കാറാണ്.

അവിടെയും നഷ്ടം സംഭവിച്ചത് പിന്നാക്ക വിഭാഗത്തിനായിരുന്നു. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ വിഭാഗക്കാരുടെ പത്രങ്ങളില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന ലേബലില്‍ പര്യസ്യം ചെയ്യുകയും സ്റ്റേജിലേക്ക് തൊപ്പി വെച്ച ചിലരെ കൊണ്ടുവന്ന് ഷോ കാണിക്കുകയുമൊക്കെയാണ് ഇവരുടെ പതിവ് നമ്പര്‍. അതായത് കേന്ദ്രത്തില്‍ മുണ്ടുടുക്കാത്ത മോദി ചെയ്യുന്നതിന്റെ ഫോട്ടോസ്റ്റാറ്റാണ് കേര ളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. എന്ത് നടത്തിയാലും ന്യായീകരിക്കാന്‍ താത്വികലവലില്‍ പാര്‍ട്ടി സെക്രട്ടറിയും കൂലിക്ക് വെച്ച പി.ആര്‍ ടീമും രണ്ട് പെയ്ഡ് ചാനലുകളും ഉള്ളതാണ് ഈ സര്‍ക്കാറിന്റെ ഏക ആശ്വാസം. സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിന നുസരിച്ചു മാറ്റാന്‍ ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകു മാരന്‍മാര്‍ ആക്കുന്ന സൈബര്‍ ഇടത്തിലെ കൂലി എഴുത്തുകാര്‍ വരെ പിണറായി ഭക്തി മുത്ത് സംഘ അജണ്ടയില്‍ വിണു പോകുമ്പോള്‍ കേരളം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്.

 

Continue Reading

editorial

നാണക്കേടിന് പര്യായം തീര്‍ക്കുന്ന പൊലീസ്

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ അന്നു തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നവംബര്‍ 15 ന് പൊലീസ് ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബിനു തോമസ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.

Published

on

ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പ് ഞെട്ടലുളവാക്കുന്നതും സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അനഭിലഷണീയ പ്രവണതകളിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ അന്നു തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നവംബര്‍ 15 ന് പൊലീസ് ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബിനു തോമസ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.

യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധി ച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. ചെര്‍പ്പുളശേരി നഗരത്തില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നത്. അറസ്റ്റ് ചെയ്ത് അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. രാത്രി മേലുദ്യോഗസ്ഥന്‍ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയും അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യക്കുറിപ്പില്‍ ബിനു തോമസ് എഴുതിയിട്ടുള്ളത്.

പൊലീസ് സംവിധനത്തിനാകെ നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രീകരിച്ചുനടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ടുപൊലീസുകാര്‍ അറസ്റ്റിലായത്. കേന്ദ്രത്തില്‍ എത്തിച്ച യുവതികള്‍ക്ക് ലഭിക്കുന്ന പണം നടത്തിപ്പുകാരും പൊലീസും പങ്കിട്ടെടുക്കയായിരുന്നവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിദിനം അരലക്ഷം മുതല്‍ ഒരു ലക്ഷംവരെയായിരുന്നു ഇവിടുത്തെ വരുമാനമെന്നും തങ്ങളുടെ വിഹിതം പൊലീസ് കൃത്യമായി കൈപ്പറ്റിയിരുന്നുവെന്നും വ്യക്തമായിരുന്നു. പ്രദേശത്ത് ലക്ഷങ്ങള്‍ മുടക്കി സ്ഥലങ്ങള്‍ വാങ്ങിയതും പൊലിസിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ്‌റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം നിയമപാലകര്‍ തന്നെ നിയമലംഘനത്തിന് കൂട്ടു നില്‍ക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന അവിശ്വസനീയ സാഹചര്യമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നതാണ് വസ്തുത. ഒന്നിനു പിറകെ ഒന്നായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി ചിത്രീകരിച്ച് നിസാരവല്‍ക്കരിക്കാനുള്ള വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ സമീപനം കുറ്റക്കാര്‍ക്ക് ആവേശമായിത്തീരുകയുമാണ്. കുന്നംകുളം പൊലീസിന്റെ നേതൃത്വത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ച തച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനെ വസ്തുതകള്‍ക്ക് നിരക്കാത്ത വാദഗതികളുമായി നിര്‍ലജ്ജം ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷത്തിന്റെശ്രമം.

പൊലീസിനെ രാഷ്ട്രീയ താലപര്യങ്ങള്‍ക്കു വേണ്ടി നിര്‍ബാധം ഉപയോഗിക്കാന്‍ തുടങ്ങിയതയോടെയാണ് ഇത്തരമൊരു ഭീതിതമായ സാഹചര്യത്തിലേക്ക് രാജ്യത്തെ ഏറ്റവും മികച്ചതെന്ന മേല്‍വിലാസമുണ്ടായിരുന്ന കേരള പൊലീസ് എത്തിയത്. സി.പി.എം- ബി.ജെ.പി ഡീലിനുപോലും മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥനെ ഉപയോഗിച്ചതായി ആരോപണമുയരുകയുണ്ടായി. ക്രമസമാധാന ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. ബി.ജെ.പി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. തൃശൂര്‍ പൂരം കലക്കാനും ഈ ഉദ്യോഗസ്ഥനെ ഉപയോഗിച്ചുവെന്ന ആരോപണം ഉന്നയി ച്ചിരിക്കുന്നത് മുന്നണിയിലെ ഘടക കക്ഷിയായിരുന്നു. ഈ സര്‍ക്കാറിന്റെ ഭാഗമായിരുന്ന ഒരു എം.എല്‍.എക്ക് രാജിവെച്ച് പുറത്തുപോവേണ്ടിവന്നതുപോലും ഈ ഉദ്യോഗസ്ഥന്റെ വിഷയത്തിലായിരുന്നവെന്നത് കാര്യങ്ങളുടെഗൗരവം വ്യക്തമാക്കുന്നുണ്ട്.

ഒരു ജില്ലയെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യാനുള്ള ആസൂത്രിത ശ്രമംപോലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരു കേസില്‍ പിടിക്കപ്പെടുന്ന പത്ത് പേരെ രണ്ടു വീതം ആളുകളാക്കി 5 എഫ്.ഐ.ആര്‍ കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചു. 2016 മുതല്‍ 2019 വരെ ജില്ലാ പൊലീസ് ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരം ശരാശരി 12,000 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2021 ഫെബ്രുവരി മുതല്‍ പാര്‍ട്ടിയുടെ ഇഷ്ടതോഴന്‍ എസ്.പിയായതിന് ശേഷമുള്ള കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2021ല്‍ 50 ശതമാനം വര്‍ധന വോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

2022ല്‍ കേസുകളുടെ എണ്ണം ശരാശരി യില്‍ നിന്ന് 150 ശതമാനം വര്‍ധനയോടെ 26,957 ആയി. 2023 പാതിവര്‍ഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. പൊലീസ് ക്രിമിനല്‍ വല്‍ക്കരിക്കപ്പെടുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല അതിനെ ന്യായീകരിക്കേണ്ട അവസ്ഥയിലാണ് പിണറായി സര്‍ക്കാറുള്ളത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ക്രമസമാധാന സംവിധാനത്തെ ദുരുപയോഗം ചെയ്തതിന്റെ അനന്തരഫലമായാണ് ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് ഭരണകൂടം തള്ളിവിടപ്പെട്ടത്. അതുകണ്ട് തന്നെ ഒരു നിയന്ത്രണങ്ങളൊന്നുമില്ലാതെ ഒരു അച്ചടക്കത്തിനും വിധേയമാക്കപ്പെടാതെ കുത്തഴിഞ്ഞ അവസ്ഥയിലെത്തി നില്‍ക്കുകയാണ് കേരളത്തിന്റെ പൊലീസ് സംവിധാനം.

Continue Reading

editorial

ആരോഗ്യം അവകാശമാണ്, കച്ചവടമല്ല

EDITORIAL

Published

on

കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാനമായ വിധി, സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ ജീവനും ചികിത്സാ അവകാശങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കുന്ന ഈ വിധി, സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുന്ന, പ്രതീക്ഷാനിര്‍ഭരവും സ്വാഗതാര്‍ഹവുമായ ഒരു നീക്കമാണ്. മുന്‍കൂര്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആശുപത്രി വിടുമ്പോള്‍ എക്‌സ്‌റേ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനാഫലങ്ങളും രോഗിക്ക് കൈമാറണം എന്നീ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്നത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഭാഗമായി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രധാന വിധി എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
‘ആരോഗ്യത്തോടെ ജീവിക്കുക’ എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. പണമില്ലാത്തതിന്റെയോ രേഖകളിലെ സാങ്കേതികത്വത്തിന്റെ പേരിലോ ചികിത്സ നിഷേധിക്കരുത് എന്ന ഹൈക്കോടതിയുടെ ശക്തമായ നിര്‍ദ്ദേശം ഈ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവന്‍ രക്ഷാ സന്ദര്‍ഭങ്ങളില്‍ പോലും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ രോഗികളെ തിരിച്ചയക്കുകയോ, ചികിത്സക്ക് ശേഷം ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിക്കുകയോ ചെയ്യുന്ന മനുഷ്യത്വരഹിതമായ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കോടതി വിധി അത്തരം ദുരവസ്ഥകള്‍ക്ക് അറുതി വരുത്താന്‍ സഹായിക്കും. പണത്തേക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഇവിടെ കോടതി ഉയര്‍ത്തിപ്പിടിക്കുന്നത്.

ചികിത്സാ നിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യം കേരളത്തില്‍ ഏറെക്കാലമായി ഉയരുന്ന ഒന്നാണ്. പലപ്പോഴും ചികിത്സയുടെ അവസാനം, വലിയ തുകയുടെ ബില്ലുകള്‍ ലഭിക്കുമ്പോഴാണ് രോഗികളും ബന്ധുക്കളും സാമ്പത്തിക ബാധ്യതയുടെ ആഴം അറിയുന്നത്. ഒരേ ചികിത്സയ്ക്ക് പോലും ഓരോ ആശുപത്രികളിലും വ്യത്യസ്തവും അനിയന്ത്രിതവുമായ നിരക്കുകള്‍ ഈടാക്കുന്ന ഈ ‘കൊള്ള അവസാനിപ്പിക്കാന്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദ്ദേശം സഹായകമാകും. ഒരു സേവനത്തിനോ ഉത്പന്നത്തിനോ വില നിശ്ചയിക്കാനും അത് ഉപഭോക്താവിനെ അറിയിക്കാനും നിയമപരമായി ബാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂട്ടി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, രോഗികള്‍ക്ക് അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള ആശുപത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും സാമ്പത്തികമായ ആസൂത്രണം നടത്താന്‍ സാധിക്കുകയും ചെയ്യും. ഇത് സ്വകാര്യ ആരോഗ്യമേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമാണ്.
ചികിത്സാരേഖകളും പരിശോധനാഫലങ്ങളും രോഗിയുടെ സ്വകാര്യ സ്വത്താണ്. എക്സ്റേ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ആശുപത്രി വിടുമ്പോള്‍ രോഗിക്ക് കൈമാറണമെന്ന ഉത്തരവ്. രോഗിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നു. ഈ രേഖകള്‍ കൈവശമുള്ളപ്പോള്‍, രോഗിക്ക് ആവശ്യമെങ്കില്‍ മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാനോ. തുടര്‍ചികിത്സയ്ക്കായി മറ്റ് സ്ഥാപനങ്ങളെ സമീപിക്കാനോ ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ചികിത്സാരേഖകള്‍ മറച്ചുവെക്കുന്നത് ചികിത്സയിലെ സുതാര്യതയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ‘ആശുപത്രികള്‍ കച്ചവട കേന്ദ്രങ്ങളല്ല, ജീവന്‍ രക്ഷാ ഉപാധികളാണ്’ എന്ന കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍, ആരോഗ്യമേഖലയുടെ ധാര്‍മ്മികമായ അടിത്തറയെക്കുറിച്ചുള്ള ശക്തമായ പ്രഖ്യാപനമാണ്. ഈ ഉത്തരവ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ആ ശ്വാസം ചെറുതല്ല.
ചരിത്രപരമായ ഈ വിധി ഒരു തുടക്കം മാത്രമാവണം. ഹൈക്കോടതിയുടെ ഉത്തരവ് അക്ഷരംപ്രതി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മറ്റ് അധികൃതരുടെയും പ്രാഥമിക ചുമതലയാണ്. വിധി കര്‍ശനമായി നടപ്പിലാക്കാനും നിരക്ക് ഏകീകരണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണം. രോഗികളുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി, രാജ്യത്തെ മുഴുവന്‍ ആ രോഗ്യമേഖലയ്ക്കും മാതൃകയാകട്ടെ. ആരോഗ്യപരിരക്ഷ കച്ചവടമല്ല, അത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണെന്ന കാഴ്ചപ്പാട് സമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Continue Reading

Trending