Connect with us

News

വനിതാ ടി20 പരമ്പര: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

Published

on

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ വിഷ്മി ഗുണരത്നയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ക്യാപ്റ്റൻ ചാമരി അതപത്തുവിനെ (24 പന്തിൽ 31) സ്നേഹ റാണ മടക്കി. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും ഹാസിനിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഹർഷിതയെ പിന്നീട് അമൻജോത് കൗർ റൺഔട്ടാക്കി.

ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലാണ് ഒതുങ്ങിയത്. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്ന് വിക്കറ്റും, വൈഷ്ണവി ശർമയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതവും നേടി. സ്നേഹ റാണയും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമായാണ് ലക്ഷ്യം മറികടന്നത്. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല; 11 പന്തിൽ 14 റൺസെടുത്ത താരത്തെ കവിഷാ ദിൽഹരി പുറത്താക്കി. എന്നാൽ ഷെഫാലി വെർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ജെമീമ റോഡ്രിഗസ് 15 പന്തിൽ 26 റൺസും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി. 49 ബോൾ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 26ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

News

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര്‍ കൊല്ലപ്പെട്ടു

24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.

Published

on

ഗസ്സ സിറ്റി: ഇസ്രാഈല്‍ സൈന്യം കിഴക്കന്‍ ഗസ്സയിലെ ശുജാഇയ്യ മേഖലയില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. കൊല്ലപ്പെട്ടവരില്‍ എട്ടുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.

ആക്രമണത്തെ ശക്തമായി അപലപിച്ച ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ്, ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ 875 തവണ ലംഘിച്ചതായി ആരോപിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 1,112 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയില്‍ ഗുരുതരമായ മാനവിക പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു.

 

Continue Reading

kerala

ഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്‍ഷന്‍

സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ.

Published

on

തിരുവനന്തപുരം: ജയിലുകളിൽ തടവുകാർക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് അഴിമതിക്കേസിലെ പ്രതിയായ ഡിഐജി വിനോദ് കുമാറിനെതിരെ ഒടുവിൽ നടപടി. സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ.

ടി.പി വധക്കേസിലെ പ്രതികൾക്കടക്കം വിനോദ് കുമാർ അനധികൃതമായി സൗകര്യങ്ങൾ ഒരുക്കിയെന്നതാണ് കണ്ടെത്തൽ. ജയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി ആയിരുന്ന വിനോദ് കുമാർ, മറ്റ് ജില്ലകളിലെ ജയിലുകൾ സന്ദർശിക്കുമ്പോൾ മുൻകൂർ അനുമതി തേടേണ്ടതുണ്ടായിരുന്നുവെങ്കിലും, യാതൊരു അനുമതിയും ഇല്ലാതെയാണ് കോട്ടയം, മൂവാറ്റുപുഴ, പൊൻകുന്നം തുടങ്ങിയ ജയിലുകളിൽ സന്ദർശനം നടത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് നടന്ന ഈ സന്ദർശനങ്ങൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ നീണ്ടിരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരോൾ അനുവദിക്കുന്നതിനായി തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയെന്നാണ് ആരോപണം. പണം വാങ്ങിയതിന് പിന്നാലെ തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നിയമവിരുദ്ധ ജയിൽ സന്ദർശനങ്ങളെന്നും വിമർശനം ഉയരുന്നു.

ജയിൽ വകുപ്പ് മധ്യമേഖല ഡിഐജി ഈ ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന ജയിൽ വകുപ്പ് മേധാവിക്ക് പലതവണ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. വിനോദ് കുമാറിന് സംരക്ഷണം ഒരുക്കുന്നതിനാലാണ് നടപടി വൈകിയതെന്ന ആരോപണവും ശക്തമാണ്.

തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമായി അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം സ്വീകരിച്ചിരുന്നതായാണ് കണ്ടെത്തൽ. കൂടുതൽ ആളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിന്റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിനോദ് കുമാർ വാങ്ങിയ വസ്തുവകകളുടെ വിവരങ്ങൾ വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.

Continue Reading

kerala

തൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ

ഇടുക്കി രാജകുമാരി നടുമറ്റത്താണ് പകൽസമയത്ത് കവർച്ച നടന്നത്.

Published

on

തൊടുപുഴ: വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും അപഹരിച്ച സംഭവത്തിൽ കൊച്ചുമകനും അദ്ദേഹത്തിന്റെ പെൺസുഹൃത്തും പൊലീസ് പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് പകൽസമയത്ത് കവർച്ച നടന്നത്.

പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കഴിഞ്ഞ മാസം 16-നാണ് സംഭവം. രാവിലെ ഒൻപതരയോടെയായിരുന്നു കവർച്ച. ആ സമയം ടോമിയുടെ മാതാവ്, 80 വയസുള്ള മറിയക്കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തി അതിക്രമിച്ച് കയറിയത്. സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിടുകയും തുടർന്ന് വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കമുള്ള മൂന്ന് മോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും കവർന്നെടുക്കുകയും ചെയ്തു.

കുറച്ചുസമയത്തിനുശേഷം കെട്ട് അഴിച്ച മറിയക്കുട്ടി പുറത്തേക്ക് ഓടി ഒച്ചവെച്ച് ആളെ കൂട്ടി. സമീപത്തെ പറമ്പിൽ തടിപ്പണി ചെയ്തിരുന്നവർ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മണർകാട്ടുള്ള വാടകവീട്ടിൽ നിന്ന് സോണിയ എന്ന പേരിൽ അറിയപ്പെടുന്ന സരോജയെ ആദ്യം അറസ്റ്റ് ചെയ്തത്. സരോജയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ മറിയക്കുട്ടിയുടെ മകളുടെ മകനാണെന്ന് പൊലീസ് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചുമകനായ പന്നിയാർകുട്ടി കൊല്ലിപ്പിള്ളിയിൽ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ അദ്ദേഹത്തിന്റെ പെൺസുഹൃത്തും പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Continue Reading

Trending